ന്യൂഡല്‍ഹി: അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം സയം നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സാവകാശം നല്‍കണമെന്നാണയിരുന്നു സെബിയുടെ ആവശ്യം.
”ഞങ്ങള്‍ക്ക് ഇപ്പോള്‍ 6 മാസം അനുവദിക്കാന്‍ കഴിയില്ല. ജോലിയില്‍ അല്‍പം ജാഗ്രത വേണം. ഒരു ടീം കൂട്ടിച്ചേര്‍ക്കുക. ഓഗസ്റ്റ് പകുതിയോടെ കേസ് ലിസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാം. ആറ് മാസം ചുരുങ്ങിയ സമയം നല്‍കാനാവില്ല. സെബിക്ക് കേസ് അനിശ്ചിതമായി ദീര്‍ഘനേരം എടുക്കാന്‍ കഴിയില്ല, ഞങ്ങള്‍ അവര്‍ക്ക് 3 മാസത്തെ സമയം നല്‍കും, ” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് സെബിയുടെ ഹര്‍ജി പരിഗണിക്കവെ പറഞ്ഞു.
വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് (റിട്ട) എഎം സാപ്രെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കോടതി രജിസ്ട്രിക്ക് ലഭിച്ചിട്ടുണ്ടെന്നും സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം മെയ് 15 ന് വിഷയം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. സമയം നീട്ടണമെന്ന സെബിയുടെ ഹര്‍ജിയില്‍ മെയ് 15 ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
വാദത്തിനിടെ, സെബിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഹര്‍ജിക്കാരനായ കോണ്‍ഗ്രസിലെ ജയ താക്കൂറിന് വേണ്ടി ഹാജരായ അഭിഭാഷകനെ കോടതി താക്കീത് ചെയ്തു. ”ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൂക്ഷിക്കുക. ഇത് ഓഹരി വിപണിയിലെ ബാധിച്ചേക്കാം. ഇതെല്ലാം നിങ്ങളുടെ ആരോപണങ്ങളാണ്, അത് പരിശോധിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്,” ബെഞ്ച് പറഞ്ഞു.
ആരോപണങ്ങള്‍ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആറുമാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ച ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ പഠിക്കുന്നതിനായി നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ചതാണ് ഈ റിപ്പോര്‍ട്ട്.