ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ രണ്ട് തട്ടിലായി മാധ്യമപ്രവര്‍ത്തകയുടെ സഹോദരങ്ങള്‍. ഗൗരിയുടെ കൊലപാതകികള്‍ ആരായിരിക്കാമെന്ന നിഗമനത്തിലാണ് കുടുംബം വ്യത്യസ്ഥ നിലപാടുകളുമായി രംഗത്തെത്തിയത്. കൊലപാതകത്തിന് പിന്നില്‍ നക്സലേറ്റുകള്‍ ആകാമെന്നാണ് ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

നിരവധി നക്സലേറ്റുകള്‍ കീഴടങ്ങിയതിന് പിന്നില്‍ ഗൗരി പ്രവര്‍ത്തിച്ചതാണ് നക്സലേറ്റുകളെ ചൊടിപ്പിച്ചതെന്നാണ് ഇന്ദ്രജിത്തിന്റെ പക്ഷം. നക്സല്‍ നേതാവായ സിരിമനെ നാഗരാജ് അടക്കമുളളവര്‍ മുഖ്യധാരയില്‍ എത്തിയത് ഗൗരി ലങ്കേഷിന്റെ പ്രവര്‍ത്തനം കാരണമാണെന്ന് ഇന്ദ്രജിത്ത് ചൂണ്ടിക്കാട്ടി. നക്സലേറ്റുകളെ മുഖ്യധാരയിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി ഗൗരി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് ഇന്ദ്രജിത്തിന്റെ ആരോപണങ്ങളെ തളളി. നക്സലേറ്റുകള്‍ക്ക് ഗൗരിയുടെ കൊലപാതകവുമായി യാതൊരു ബന്ധവും ഇല്ലെന്ന് കവിത വ്യക്തമാക്കി. നക്സലുകള്‍ക്കെതിരെ ഗൗരി പ്രവര്‍ത്തിച്ചു എന്നത് നേരാണ്. എന്നാല്‍ വലതുപക്ഷ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയാണ് ഗൗരി പോരാടിയത്. ഇന്ദ്രജിത്ത് തങ്ങളുടെ കൂടെ അല്ല താമസിക്കുന്നതെന്നും അയാള്‍ക്ക് വസ്തുത അറിയില്ലെന്നും കവിത കൂട്ടിച്ചേര്‍ത്തു.

2000ത്തില്‍ ഗൗരിയുടെ പിതാവ് മരിച്ചതോടെയാണ് ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിലെത്തിയത്. പിതാവിന്റെ മരണത്തോടെ ലങ്കേഷ് പത്രികയുടെ ചുമതല വേണമെന്ന് ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു. പത്രത്തിന്റെ പ്രത്യയശാസ്ത്രം അടിമുടി മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. എന്നാല്‍ ഗൗരി ഇതിനെ എതിര്‍ക്കുകയും 2005ല്‍ ഇരുവരും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്നു ഗൗരി സഹോദരനെതിരെ അന്ന് പരാതിപ്പെട്ടത്. എന്നാല്‍ പിന്നീട് ഗൗരി തന്റേതായ വഴി തെരഞ്ഞെടുത്ത് ‘ഗൗരി ലങ്കേഷ് പത്രിക’ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഇന്ദ്രജിത്ത് ബിജെപിയില്‍ ചേര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ