ബെംഗളൂരു: സാമൂഹ്യ പ്രവര്‍ത്തകയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അവരെയും അര്‍ബന്‍ നക്‌സലേറ്റായി മുദ്രകുത്തുമായിരുന്നുവെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതകാലമത്രയും പോരാടിയ ധീരവനിതയായിരുന്നു അവരെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ബെംഗളൂരുവില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജിഗ്‌നേഷ്. ഗൗരി ലങ്കേഷ് എഡിറ്ററായിരുന്ന പ്രസിദ്ധീകരണമായ ലങ്കേഷ് പത്രികയുടെ പുനര്‍പ്രകാശനവും ജിഗ്‌നേഷ് മേവാനി നിര്‍വഹിച്ചു. ‘ന്യായ പാത’ എന്നാണ് ലങ്കേഷ് പത്രികയുടെ പുതിയ പേര്.

ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കെതിരെയും നാം ഐക്യപ്പെടണമെന്നും ജിഗ്നേഷ് ആഹ്വാനം ചെയ്തു. അതേസമയം, നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും ജിഗ്‌നേഷ് വ്യക്തമാക്കി.

ഗൗരിക്ക് താന്‍ മകനെ പോലെയായിരുന്നുവെന്നും ഗൗരി കൊല്ലപ്പെടുന്നതിന്റെ 14 ദിവസം മുന്‍പ് തങ്ങള്‍ കണ്ടിരുന്നു. ആര്‍എസ്എസ് തന്റെ എഴുത്തുകളില്‍ വിറളി പൂണ്ടിരിക്കുകയാണെന്ന് ഗൗരി അന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ജിഗ്നേഷ് പറഞ്ഞു. ഗൗരിയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട് എംഎല്‍എ. ഗൗരി തനിക്ക് സമ്മാനിച്ച ഷര്‍ട്ട് ധരിച്ചാണ് ചിത്രത്തില്‍ ജിഗ്നേഷ് എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook