ബംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകയും ലങ്കേഷ് പത്രികയുടെ പത്രാധിപയുമായിരുന്ന ഗൗരി ലങ്കേഷിനെ വീട്ടിൽ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി  പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സെപ്തംബർ അഞ്ചിന് രാത്രി വീട്ടിലെത്തിയ ഗൗരിലങ്കേഷിനെ വീടിന് മുന്നിലാണ് വെടിവച്ച് കൊലപ്പെടുത്തിയത്.

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ഛായചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. ഈ രണ്ട് പേരുമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സംശയിക്കുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. “ഏഴ് ദിവസം ബെംഗളുരുവിൽ തങ്ങിയാണ് ഇവർ കൊലപാതകത്തിന് കരുക്കൾ നീക്കിയത്. 250 ഓളം പേരെ ചോദ്യം ചെയ്തു. ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടെന്ന് പറയാൻ സാധിക്കുന്ന സ്ഥിതിയിൽ എത്തിയിട്ടില്ല. കൽബുർഗി, ദാബോൽക്കർ, പൻസാരെ എന്നിവരുടെ കൊലപാതങ്ങളുമായി സാമ്യവും വ്യത്യസവും ഗൗരിലങ്കേഷിന്രെ കൊലപാതകത്തിൽ ഉണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ നിലവിൽ വ്യക്തമാക്കാൻ സാധിക്കില്ലെന്നും” അന്വേഷണ സംഘം പറഞ്ഞു .ഗൗരി ലങ്കേഷിന്രെ കൊലപാതകത്തിന് പിന്നിൽ  സനാതൻ സൻസ്ഥ പ്രവർത്തകരാണ് നേരത്തെ ആരോപണം  ഉണ്ടായിരുന്നു.

കന്നഡ സാഹിത്യകാരനായ എം എം കൽബുർഗിയുടെ കൊലപാതകം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴാണ് സമാനരീതിയിൽ ഗൗരിി ലങ്കേഷും കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ വധവും എംഎം കൽബർഗിയുടെ വധവും തമ്മിൽ ഏറെ സാമ്യതകളുള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് എങ്കിലും ഇതുവരെയുള്ള കണ്ടെത്തലുകൾ രണ്ട് വധത്തിനും പിന്നിൽ ഒരേ വ്യക്തികളാകാമെന്ന് സൂചനകളാണ് നൽകുന്നത് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

” ഒരു ബുള്ളറ്റ് പിന്‍ചുമല്‍ തുളച്ചുകയറിയപ്പോള്‍ രണ്ടു വെടിയുണ്ടകള്‍ ഗൗരി ഉദരഭാഗത്താണ് തുളയിട്ടത്. മൂന്നു ഉണ്ടകളും പ്രവേശിച്ചതിന്‍റെയും പുറത്തുകടന്നതിന്‍റെതായും തുളകള്‍ ഗൗരിയുടെ ശരീരത്തില്‍ ഉണ്ട്. ” ബുധനാഴ്ച കാലത്ത് വിക്ടോറിയ ഹോസ്പിറ്റലില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം ആധാരമാക്കിയുള്ള ഫോറന്‍സിക് വിവരങ്ങള്‍ പറയുന്നു. ഹൃദയത്തിനും കരളിനുമേറ്റ വെടികളാണ് ഗൗരി ലങ്കേഷിന്‍റെ മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗൗരിയുടെ വീട്ടുവാതില്‍ക്കല്‍ നിന്നും ഗേറ്റുവരെയുള്ള പത്തടി ദൂരത്തില്‍ നിന്നാണ് അക്രമികള്‍ നിറയൊഴിച്ചത്. 2015 ഓഗസ്റ്റ്‌ 30നു ധാര്‍വാദില്‍ വച്ചു വധിക്കപ്പെട്ട കന്നഡ പണ്ഡിതന്‍ എംഎം കല്‍ബുര്‍ഗി, 2015 ഫിബ്രവരി 16നു കോലാപൂരില്‍ വച്ച് കൊല്ലപ്പെട്ട മഹാരാഷ്ട്രയിലെ യുക്തിവാദിയായ ഗോവിന്ദ് പന്‍സാരെ, 2013 ഓഗസ്റ്റ്‌ 20നു പൂനെയിലെ വസതിയില്‍ വച്ച് വധിക്കപ്പെട്ട നരേന്ദ്ര ദാബോല്‍കര്‍ എന്നിവരെ വധിക്കാന്‍ ഉപയോഗിച്ച സ്വദേശനിര്‍മ്മിതമായ 7.65എംഎം തോക്കുതന്നെയാണ് ഗൗരി ലങ്കേഷിന്‍റെ ജീവനപഹരിക്കാനും തിരഞ്ഞെടുത്തത്. ഗോവിന്ദ് പന്‍സാരെയെ വധിക്കാനുപയോഗിച്ച തോക്കുകളില്‍ ഒന്ന് തന്നെയാണ് ദാബോല്‍കറെ വധിക്കാനും ഉപയോഗിച്ചത് എന്ന് ഫോറന്‍സിക് അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥ എന്ന തീവ്രവലതുപക്ഷ ഹിന്ദു സംഘടനയാണ് പന്‍സാരെയെ വധിച്ചത് എന്ന് സിബിഐ അന്വേഷണം സൂചിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ സമാനതകളേറെയുള്ള ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ട് ഈ സംഘടനയുടെ പങ്കിനെപ്പറ്റിയും ബംഗളൂരു പോലീസ് അന്വേഷിക്കുന്നുണ്ട്. ഗൗരി ലങ്കേഷിന്‍റെ വീട്ടില്‍ നിന്നും ലഭിച്ച വെടിയുണ്ടകള്‍ക്ക് കല്‍ബുര്‍ഗി, പന്‍സാരെ, ദാബോല്‍കര്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുമായി സാമ്യമുണ്ടോ എന്നും പരിശോധിക്കുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ