ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്​റ്റുമായ ഗൗരി ലങ്കേഷി​ന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ ആണ് രാജ്യം. ഹിന്ദുത്വരാഷ്​ട്രീയത്തിനെതിരായ വിമർശനങ്ങളുടെ പേരിൽ വെടിയുണ്ടക്കിരയായ എം.എം. കൽബുർഗിയുടെ കൊലപാതകത്തിന് രണ്ടു വർഷം തികഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് സമാന രീതിയിൽ ഗൗരി ലങ്കേഷി​ന്റെ കൊലപാതകം. ഗൗരിയുടേത് ഒരു പത്രപ്രവർത്തകയുടെ മരണമല്ല, ജനാധിപത്യത്തി​​ന്റെയും ഭരണഘടന തത്ത്വങ്ങളുടെയും അറുംകൊലയാണ്. അഭിപ്രായ സ്വാതന്ത്രത്തിന്റെ തൊണ്ടയിലാണ് ഹിന്ദുത്വ വാദികളുടെ വെടിയുണ്ട തുളച്ചു കയറിയത്.

രാജ്യത്തെ മാധ്യസ്വാതന്ത്ര്യം എത്രത്തോളം അപകടാവസ്ഥയിലാണെന്ന് കൂടി തെളിയിക്കുന്നതാണ് ഗൗരിയുടെ കൊലപാതകം. മാധ്യമ സ്വാതന്ത്ര്യ പരിരക്ഷക്കായുള്ള കമ്മറ്റിയുടെ കണക്കുകൾ പ്രകാരം 1992ന് ശേഷം 27 മാധ്യമപ്രവർത്തകരാണ് നമ്മുടെ രാജ്യത്ത് കൊല ചെയ്യപ്പെട്ടത്. ലോകത്ത് തന്നെ ഏറ്റവുമികം മാധ്യപ്രവർത്തകർ കൊല്ലപ്പെടുന്ന പതിമൂന്നാമത്തെ രാജ്യവുമാണ് ഇന്ത്യ. മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന മിക്ക കേസുകകളിലും കൊലയാളികൾ രക്ഷപ്പെടുന്നുവെന്നതും ഇന്ത്യയുടെ സ്ഥാനം മോശമാക്കി.

ലോകത്തെ 180 രാജ്യങ്ങളിൽ മാധ്യമസ്വാതന്ത്രത്തെ കുറിച്ച് പഠിച്ച റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ കണക്കുകളിലും ഇന്ത്യയുടെ സ്ഥാനം ഒട്ടും ആശ്വാസം നൽകുന്നതല്ല. 180 രാജ്യങ്ങളിൽ 136-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് സ്ഥാനങ്ങൾ നഷ്ടമായാണ് ഇന്ത്യ കഴിഞ്ഞ വർഷം 136-ാം സ്ഥാനത്തെത്തിയത്. മോദിയുടെ ദേശീയതയിൽ നിന്നുള്ള വെല്ലുവിളികൾ എന്നാണ് റിപ്പോർട്ടിന് നഷകിയിരിക്കുന്ന തലക്കെട്ട് തന്നെ. ‘ദേശവിരുദ്ധ’രെന്ന് മുദ്രകുത്തി എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാനാണ് ഹിന്ദു ദേശീയ വാദികൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളെന്ന് വിലയിരുത്തപ്പെടുന്ന യുഎഇ, ഖത്തർ, ഉത്തര കൊറിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ പോലും ഈ പട്ടികയിൽ ഇന്ത്യയേക്കാൾ മികച്ചു നിൽക്കുന്നു.

അയൽ രാജ്യങ്ങളായ ഭൂട്ടാൻ(91), നേപ്പാൾ(100) എന്നിവയെല്ലാം ഇന്ത്യയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആഭ്യന്തര വിഷയങ്ങളാൽ കലുഷിതമായ അഫ്ഗാനിസ്ഥാനും ഫലസ്തീനും കെനിയയും ഉഗാണ്ടയും വരെ ഇന്ത്യയേക്കാൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഏറെ മെച്ചപ്പെട്ട രാജ്യമാണെന്നത് നമുക്ക് നാണക്കേടാകുന്നു.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സിന്റെ കണക്കുകൾ പ്രകാരം അഞ്ച് മാധ്യപ്രവർത്തകരാണ് 2016ൽ മാത്രം ഇന്ത്യയിൽ കൊല്ലപ്പെട്ടത്. അവരുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.

1. ഫെബ്രുവരി 14, 2016: കരുൺ മിശ്ര(ബ്യൂറോ ചീഫ്, ജൻ സൻദേശ് ടൈംസ്)

2. മെയ് 3, 2016: രാജ്ദിയോ രഞ്ജൻ(ബ്യൂറോ ചീഫ്, ദൈനിക് ഹിന്ദുസ്ഥാൻ)

3. മെയ് 16, 2016: ഇന്ദ്രദേവ് യാദവ്(റിപ്പോർട്ടർ, ടാസാ ടിവി)

4. ഓഗസ്റ്റ് 22, 2016: കിഷോർ ദേവ്(ജയ്ഹിന്ദ്-സഞ്ജ് സമാചാർ)

5. നവംന്പർ 12, 2016: ധർമേന്ദ്ര സിങ്(കറസ്പോണ്ടന്റ്, ദൈനിക് ഭാസ്കർ)

2015ൽ ആറ് മാധ്യപ്രവർത്തകരാണ് ഇന്ത്യയിൽ സമാന രീതിയിൽ കൊല്ലപ്പെട്ടത്. മിക്ക കൊലപാതകങ്ങൾക്കും പിന്നിൽ തീവ്രഹിന്ദു വാദികളാണു താനും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook