ബെംഗളൂരു : മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുമ്പോള്‍ ഒന്നും ചെയ്യാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇതുവരെ കൊലയാളിയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ലെന്ന് പറഞ്ഞ കര്‍ണാടക അഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകികളെ കുറിച്ചുള്ള അഭ്യൂഹങ്ങളും തള്ളി.
” ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ അന്വേഷണം നടന്നുവരികയാണ്. എന്തെങ്കിലും പുറത്തുവരുന്നത് വരെ നിങ്ങള്‍ കാത്തിരുന്നേ പറ്റൂ. അന്വേഷണത്തില്‍ നിന്നും എന്തെങ്കിലും ഉരുത്തിരിഞ്ഞു വരും എന്ന പ്രതീക്ഷയിലാണ് ഞാനും കാത്തിരിക്കുന്നത്. ” മന്ത്രിസഭായോഗം കഴിഞ്ഞു മന്ത്രിയെ കണ്ട മാധ്യമാങ്ങളോട് രാമലിംഗ റെഡ്ഡി പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാനായി ഇന്റലിജന്‍സ് ഐജി ബി കെ സിങ്ങിന്‍റെ നേത്രുത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തിനു കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഗൗരിയുടെ കൊലപാതകത്തെകുറിച്ച് പ്രത്യേക അന്വേഷണ സംഘം ചില സൂചനകള്‍ നല്‍കിയിട്ടുണ്ട് എന്ന് സെപ്റ്റംബര്‍ പത്തിനു മന്ത്രി തന്നെ പ്രസ്താവിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ഗൗരി ലക്ഷ്മിയുടെ ഘാതകരെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപയുടെ പാരിതോഷികവും പ്രക്ഷ്യാപിച്ചിരുന്നു. കേസിനായി കര്‍ണാടക പൊലീസ് ആന്ധ്യാ പ്രദേശ് പൊലീസിന്‍റെ സഹായം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കര്‍ണാടകത്തില്‍ എണ്‍പതോളം പേരെ കേസിന്‍റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തു എന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇത് തള്ളിയ അന്വേഷണഉദ്യോഗസ്ഥനായ എംഎന്‍ അനുചേത് “അങ്ങനെയൊന്നില്ല എന്നും. എന്തെങ്കിലും വഴിത്തിരിവുണ്ടാവുകയാണ് എങ്കില്‍ ഞങ്ങള്‍ തന്നെ മാധ്യമങ്ങളെ അറിയിക്കും ” എന്നും പിടിഐയോട് പറഞ്ഞു.