ബെംഗളൂരു: പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ആറ് മാസങ്ങള്‍ക്കിപ്പുറം കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. സനാതന്‍ സന്‍സ്‌തയുമായ് ബന്ധമുള്ള നവീന്‍ കുമാറാണ് അറസ്റ്റിലായത്. ഇപ്പോള്‍ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിലേക്ക് വിട്ട ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കാനുളള അനുമതി തേടുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.

മാര്‍ച്ച് 3നാണ് കെ.ടി നവീൻ കുമാർ എന്ന ഹൊട്ട മഞ്ചയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിക്കമംഗലുരുവിലെ ബിരൂര്‍ സ്വദേശിയാണ് ഇദ്ദേഹം. 15 വെടിയുണ്ടകൾ ഉൾപ്പെടെ തോക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ ഇയാൾ പിടിയിലായത്​. ഇയാളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. യുക്തിവാദിയായ നരേന്ദ്ര ദല്‍ബോക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളില്‍ പങ്കുളള തീവ്ര ഹിന്ദുത്വ സംഘടനയാണ് സനാതന്‍ സന്‍സ്ത.

നവീന്‍ കുമാര്‍ ഹിന്ദു യുവസേനയുടെ റാലിക്കിടയില്‍

അറസ്റ്റിന് പിന്നാലെ സുപ്രധാന തെളിവായ്‌ കണക്കാക്കുന്ന സനാതന്‍ സന്‍സ്തയുമായ്‌ ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റ്​ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. തെളിവുകള്‍ സീൽ ചെയ്​ത കവറിൽ കോടതിയിൽ ഏൽപ്പിച്ചു. കഴിഞ്ഞ വര്‍ഷം സനാതന്‍ സന്‍സ്തയുടെ ആസ്ഥാനത്ത് നടന്ന യോഗത്തിലും നവീന്‍ കുമാര്‍ പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായ നവീനെ കസ്റ്റഡിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയതില്‍ സന്‍സ്തയുടെ മുതിര്‍ന്ന ഒരു അഭിഭാഷകനും ഉണ്ടായിരുന്നു. കഴിഞ്ഞ നവമ്പറില്‍ കര്‍ണാടകത്തില്‍ ഹിന്ദു ആക്റ്റിവിസ്റ്റുകള്‍ക്കായ് ‘സഭ’ സംഘടിപ്പിച്ചതില്‍ പ്രധാനിയാണ്‌ നവീന്‍ കുമാര്‍ സനാതന്‍ സന്‍സ്തയുടെ ഭാഗമായ ഹിന്ദു ജനജാഗൃതി സമിതിയും ഹിന്ദു യുവസേനയും ചേര്‍ന്നായിരുന്നു പരിപാടി നടത്തിയത്.

2017 സെപ്റ്റംബര്‍ 15നാണ് വലത് പക്ഷ രാഷ്ട്രീയത്തിന്‍റെയും വര്‍ഗീയതയുടെയും കടുത്ത വിമര്‍ശകയായ ഗൗരി ലങ്കേഷിന് നേരെ അവരുടെ വസതിയില്‍ വച്ച് അജ്ഞാതര്‍ നിറയൊഴിച്ചത്. ഗൗരി ലങ്കേഷ് പത്രികെയുടെ പത്രാധിപയായിരുന്നു അമ്പത്തിയഞ്ചുകാരിയായ ഗൗരി ലങ്കേഷ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ