ബംഗളൂരു : ചൊവ്വാഴ്ച അജ്ഞാതരുടെ വെടിയേറ്റു മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനു നേരെ നടന്ന ആക്രമത്തെ കുറിച്ചുള്ള കൂടുതല്‍ ഫോറന്‍സിക് വിവരങ്ങള്‍ പുറത്ത്. നാലു തവണയാണ് അക്രമികള്‍ ഗൗരിക്കു നേരെ നിറയൊഴിച്ചത്. അതില്‍ മൂന്നെണ്ണം അവരുടെ ശരീരത്തിലേക്ക് തുളച്ചുകയറുകയും ഒന്ന് ലക്ഷ്യം തെറ്റി വീടിന്‍റെ ചുമരില്‍ തട്ടിത്തെറിക്കുകയും ചെയ്തു. ഇതിന്‍റെ കഷണങ്ങള്‍ ബെംഗളൂരു പൊലീസിനു ലഭിച്ചു. യുക്തിവാദിയായ നരേന്ദ്ര ദാബോല്‍കറിന്‍റെയും ഗോവിന്ദ് പന്‍സാരെയുടേയും എം എം കല്‍ബുര്‍ഗിയുടേയും ജീവനപഹരിക്കാന്‍ ഉപയോഗിച്ച തരം 7.65 എംഎം പിസ്റ്റള്‍ തന്നെയാണ് അമ്പത്തിയഞ്ചു വയസ്സുകാരിയായ ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ചത്.

” ഒരു ബുള്ളറ്റ് പിന്‍ചുമല്‍ തുളച്ചുകയറിയപ്പോള്‍ രണ്ടു വെടിയുണ്ടകള്‍ ഗൗരി ഉദരഭാഗത്താണ് തുളയിട്ടത്. മൂന്നു ഉണ്ടകളും പ്രവേശിച്ചതിന്‍റെയും പുറത്തുകടന്നതിന്‍റെതായും തുളകള്‍ ഗൗരിയുടെ ശരീരത്തില്‍ ഉണ്ട്. ” ബുധനാഴ്ച കാലത്ത് വിക്ടോറിയ ഹോസ്പിറ്റലില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം ആധാരമാക്കിയുള്ള ഫോറന്‍സിക് വിവരങ്ങള്‍ പറയുന്നു. ഹൃദയത്തിനും കരളിനുമേറ്റ വെടികളാണ് ഗൗരി ലങ്കേഷിന്‍റെ മരണകാരണം.

ഗൗരിയുടെ വീട്ടുവാതില്‍ക്കല്‍ നിന്നും ഗേറ്റുവരെയുള്ള പത്തടി ദൂരത്തില്‍ നിന്നാണ് അക്രമികള്‍ നിറയൊഴിച്ചത്. 2015 ഓഗസ്റ്റ്‌ 30നു ധാര്‍വാദില്‍ വച്ചു വധിക്കപ്പെട്ട കന്നഡ പണ്ഡിതന്‍ എംഎം കല്‍ബുര്‍ഗി, 2015 ഫിബ്രവരി 16നു കോലാപൂരില്‍ വച്ച് കൊല്ലപ്പെട്ട മഹാരാഷ്ട്രയിലെ യുക്തിവാദിയായ ഗോവിന്ദ് പന്‍സാരെ, 2013 ഓഗസ്റ്റ്‌ 20നു പൂനെയിലെ വസതിയില്‍ വച്ച് വധിക്കപ്പെട്ട നരേന്ദ്ര ദാബോല്‍കര്‍ എന്നിവരെ വധിക്കാന്‍ ഉപയോഗിച്ച സ്വദേശനിര്‍മ്മിതമായ 7.65എംഎം തോക്കുതന്നെയാണ് ഗൗരി ലങ്കേഷിന്‍റെ ജീവനപഹരിക്കാനും തിരഞ്ഞെടുത്തത്. ഗോവിന്ദ് പന്‍സാരെയെ വധിക്കാനുപയോഗിച്ച തോക്കുകളില്‍ ഒന്ന് തന്നെയാണ് ദാബോല്‍കറെ വധിക്കാനും ഉപയോഗിച്ചത് എന്ന് ഫോറന്‍സിക് അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥ എന്ന തീവ്രവലതുപക്ഷ ഹിന്ദു സംഘടനയാണ് പന്‍സാരെയെ വധിച്ചത് എന്ന് സിബിഐ അന്വേഷണം സൂചിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ സമാനതകളേറെയുള്ള ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ട് ഈ സംഘടനയുടെ പങ്കിനെപ്പറ്റിയും ബംഗളൂരു പോലീസ് അന്വേഷിക്കുന്നുണ്ട്. ഗൗരി ലങ്കേഷിന്‍റെ വീട്ടില്‍ നിന്നും ലഭിച്ച വെടിയുണ്ടകള്‍ക്ക് കല്‍ബുര്‍ഗി, പന്‍സാരെ, ദാബോല്‍കര്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുമായി സാമ്യമുണ്ടോ എന്നാവും ബംഗളൂരു പൊലീസ് ആദ്യം പരിശോധിക്കുക.

” എല്ലാ കൊലപാതങ്ങളും അപലപനീയമാണ്. എന്നാല്‍ ഒരു തെളിവുകളും ഇല്ലാതെയാണ് കമ്മ്യൂണിസ്റ്റുകാരും പുരോഗമനവാദികളും ഹിന്ദുത്വ സംഘടനകളെ ഇപ്പോള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്.” ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥയുടെ വക്താവ് ചേതന്‍ രാജന്‍ പറഞ്ഞു.

അതിനിടയില്‍, ഗൗരി ലങ്കേഷിന്‍റെ വീട്ടിലെ സിസിടിവി ഫൂട്ടേജുകളും പൊലീസ് പരിശോധിച്ച് വരികയാണ്. വീട്ടിനു മുന്നില്‍ ഘടിപിച്ച ക്യാമറ ഗൗരിക്കുനേരെ നിറയൊഴിക്കുന്നതിന്‍റെ രംഗങ്ങള്‍ ഘട്ടംഘട്ടങ്ങളായി പകര്‍ത്തിയിട്ടുണ്ട്. കാറില്‍ നിന്നിറങ്ങി വീടിന്‍റെ ഗേറ്റ് തുറക്കുകയായിരുന്ന ഗൗരിക്ക് നേരെ കറുത്ത ജാക്കറ്റും ഹെല്‍മറ്റും ധരിച്ചയോരാള്‍ വെടിയുതിര്‍ക്കുന്ന രംഗങ്ങളും ക്യാമറയില്‍ നിന്നും ലഭിച്ചു. ” ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വെടിവെക്കുന്ന രംഗം സിസിറ്റിവി ഫൂട്ടേജില്‍ നിന്നും ലഭിച്ചിട്ടുണ്ട്.” കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ സ്ഥിരീകരിച്ചു. ഗൗരിയുടെ കാറിനു പിന്നില്‍ മറ്റൊരു വെളിച്ചമുള്ളതായും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വെട്ടിയുതിര്‍ത്തയാള്‍ പോകുന്നതോടെ ഈ വെളിച്ചവും അപ്രത്യക്ഷമാവുന്നുണ്ട്. ഇത് കൊലപാതകി എത്തിയ ബൈക്ക് ആണെന്നാണ്‌ പൊലീസിന്‍റെ നിഗമനം.

ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അന്വേഷിക്കുന്നതിനായി ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ചുമതലപ്പെടുത്തിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ അറിയിച്ചിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കല്‍ബുര്‍ഗി വധം അന്വേഷിച്ചുവരുന്ന സിഐഡി സംഘവുമായി വിവരങ്ങള്‍ പങ്കുവെക്കാനും അന്വേഷണസംഘത്തോട് കര്‍ണാടക മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ