ബംഗളൂരു: പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. സാമൂഹ്യ- രാഷ്ട്രീയ-മാധ്യമ രംഗത്തെ കൂടാതെ സമൂഹത്തിന്റെ വിവിധ തുറകളിലുളളവരാണ് ഹീനകൃത്യത്തെ അപലപിച്ച് രംഗത്തെത്തിയത്. 55കാരിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ നാല് ‘ദത്തുപുത്രന്മാരും’ ഞെട്ടലും അനുശോചനവും അറിയിച്ച് രംഗത്തെത്തി.

ദലിത് പ്രവര്‍ത്തകനായ ജിഗ്നേഷ് മേവാനി, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹല റാഷിദ്, ഡെമോക്രാറ്റിക് സ്റ്റ്യുഡന്റ്സ് യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് എന്നിവരാണ് ഗൗരിയുടെ കൊലപാതകത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. ‘ഇന്ത്യന്‍ ജനാധിപത്യത്തിന് കറുത്ത ദിനം’ എന്നാണ് മേവാനി പ്രതികരിച്ചത്. തന്നേയും കനയ്യയേയും ഷെഹലയേയും ഉമര്‍ ഖാലിദിനേയും സ്വന്തം മക്കളായാണ് അവര്‍ കണ്ടതെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

“എതിര്‍പ്പിന്റെ ഓരോ ശബ്ദത്തേയും ഇല്ലാതാക്കാനാണ് ഫാസിസ്റ്റ്ം ശക്തികള്‍ ശ്രമിക്കുന്നത്. ഈ രാജ്യത്തെ അവര്‍ നരകമാക്കി മാറ്റും. ഞാനാണ് നല്ല മകനെന്നും കനയ്യ തന്റെ മോശം മകനാണെന്നും അവര്‍ എന്നും പറയുമായിരുന്നു. ഞങ്ങളെ രണ്ട് പേരേയും അവര്‍ തുല്യമായി സ്നേഹിച്ചു. അവരുടെ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ല”, മേവാനി കൂട്ടിച്ചേര്‍ത്തു.

ഗൗരി ലങ്കേഷ് തനിക്ക് സ്വന്തം അമ്മയായിരുന്നുവെന്ന് കനയ്യ കുമാർ കുറിച്ചു. അവരുടെ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എന്നും ഹൃദയത്തില്‍ ഗൗരി ജീവിക്കുമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്തിയ പ്രൊഫസര്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേ രീതിയിലാണ് ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതെന്ന് ഷെഹല വ്യക്തമാക്കി. മൂന്ന് പേര്‍ വാതിലില്‍ തട്ടിവിളിച്ച് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്നും ഷെഹല കൂട്ടിച്ചേര്‍ത്തു.

ഷെഹല റാഷിദ്

ആശയങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് നിശബ്ദമാക്കാനാവില്ലെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. താന്‍ ദത്തെടുത്ത നാല് മക്കളില്‍ ഒരാളാണ് താനെന്ന് ഗൗരി എപ്പോഴും പറയുമായിരുന്നുവെന്ന് ഉമര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook