ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയുടേതായി കണ്ടെത്തിയ ഡിഎന്‍എ പരശുറാം വാഗ്മര്‍ ഒളിത്താവളത്തില്‍ ഉപേക്ഷിച്ച ടൂത്ത് ബ്രഷില്‍ നിന്ന് ലഭിച്ച ഡിഎന്‍എയും ഒന്ന് തന്നെയെന്ന് ഫോറന്‍സിക് വിദഗ്ധന്‍ കോടതിയില്‍ സ്ഥിരീകരിച്ചു. 2017 സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടിനാണ് തെക്കുപടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.
കര്‍ണാടക സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഡിഎന്‍എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറും ടെക്നിക്കല്‍ മാനേജരുമായ എല്‍ പുരുഷോത്തം ആണ് ഡിസംബര്‍ 15ന് വിചാരണ കോടതിയില്‍ തന്റെ കണ്ടെത്തലുകള്‍ സ്ഥിരീകരിച്ചത്. വാഗ്മോറിനെന്റെ ടൂത്ത് ബ്രഷില്‍ കണ്ടെത്തിയ ടിഷ്യൂകളുടെ ഡിഎന്‍എ സാമ്പിളും കൊലപാതക ഗൂഢാലോചനയിലെ മറ്റ് പ്രധാനികളുടെ ഒളിത്താവളങ്ങളിലെ ബെഡ്ഷീറ്റുകളില്‍ കണ്ടെത്തിയ മുടി എന്നിവ ഉള്‍പ്പെടെയുള്ള കണ്ടെത്തലുകളുടെ ഒരു പരമ്പര പുരുഷോത്തം അവതരിപ്പിച്ചു.
ഒരു വലതുപക്ഷ സംഘം ആസൂത്രണം ചെയ്ത കുറ്റകൃത്യത്തില്‍ വാഗ്മോറിന്റെ സാന്നിധ്യത്തെ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന തെളിവായി ഡിഎന്‍എയിലെ സാമ്യം കണക്കാക്കപ്പെടുന്നു. 2018 നവംബറില്‍ സമര്‍പ്പിച്ച എസ്ഐടി കുറ്റപത്രത്തില്‍ ഗൗരി ലങ്കേഷിനെ വീടിന്റെ മുന്നില്‍ വെച്ച് വെടിവെച്ചത് വാഗ്മോറാണെന്ന് പറയുന്നു.
വാഗ്മറടക്കം കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഒളിത്താവളമായി ഉപയോഗിച്ച കെട്ടിട കരാറുകാരന് എച്ച് എല്‍ സുരേഷിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിച്ചെറിഞ്ഞ സ്വകാര്യ വസ്തുക്കളില്‍ വാഗ്മോറിന്റെ ഡിഎന്‍എ കണ്ടെത്തിയ ടൂത്ത് ബ്രഷും ഉള്‍പ്പെടുന്നു. സനാതന്‍ സന്‍സ്തയുടെ ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന സുരേഷിന്റെ അറസ്റ്റിനെ തുടര്‍ന്ന് 2018 ഓഗസ്റ്റില്‍ ടൂത്ത് ബ്രഷുകളും വസ്ത്രങ്ങളും വ്യാജ വാഹന നമ്പര്‍ പ്ലേറ്റുകളും അടങ്ങിയ ബാഗ് എസ്ഐടി കണ്ടെടുത്തിരുന്നു.