/indian-express-malayalam/media/media_files/uploads/2017/09/gauri-lankesh-cats.jpg)
ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അന്വേഷണം നടക്കുന്നതിനാല്‍ ചിത്രം പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സാധാരണ ഫുള്‍കൈ ഷര്‍ട്ടാണ് കൊലയാളി ധരിച്ചിരുന്നത്. കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തുക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മറ്റ് ധരിച്ചിരുന്നതാണ് മുഖത്തിന്റെ രേഖാ ചിത്രം വരയ്ക്കാന്‍ സഹായകമായത്. അക്രമികള്‍ സഞ്ചരിച്ച ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഏഴ് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലേക്ക് അക്രമികള്‍ ഉതിര്‍ത്തത്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി. പോയന്റ് ബ്ലാങ്കില്‍ നെറ്റിയില്‍ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു.
കല്‍ബുര്‍ഗിയെ സ്വവസതിയില്‍ വച്ച് രണ്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും. കല്‍ബുര്‍ഗിയുടെ വധത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ ലങ്കേഷ് മുന്‍നിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണ്. ചലച്ചിത്ര പ്രവര്‍ത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.