സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരുടെ കയ്യില്‍ നിന്നും പിടികൂടിയ ഡയറിയിലെ കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റില്‍ ഗൗരി ലങ്കേഷിന്റെ പേര് രണ്ടാമത്തേതായിരുന്നു. കഴിഞ്ഞ വര്‍ഷം തന്റെ വീടിന് മുമ്പില്‍ വച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. 34 പേരുടെ പട്ടികയായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയ ഡയറിയില്‍ ഉണ്ടായിരുന്നത്.
കര്‍ണാടകയില്‍ നിന്നുമുള്ള പല പ്രമുഖരുടേയും പേര് ലിസ്റ്റിലുണ്ടായിരുന്നു. തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റായ ഗിരീഷ് കര്‍ണാടിന്റെ പേരായിരുന്നു ഒന്നാമതായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പിന്നാലെ രണ്ടാമതായാണ് ഗൗരി ലങ്കേഷിന്റെ പേരുണ്ടായിരുന്നത്. രണ്ട് ലിസ്റ്റുകളിലായി കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ പേരുകളുണ്ടായിരുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സുരക്ഷാ ഏജന്‍സികള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
37 കാരനായ പൂനെ സ്വദേശി അമോല്‍ കാലെയുടെ പക്കല്‍ നിന്നുമാണ് ഡയറി പിടികൂടിയത്. ഹിന്ദു ജനജാഗ്രതി സമിതിയുടെ മുന്‍ കണ്‍വീനറാണ് കാലെ. ലങ്കേഷിന്റെയും മറ്റ് 33 പേരുടേയും പേരുകള്‍ ഇയാള്‍ 2016 ഓഗസ്റ്റിലാകാം ഹിറ്റ് ലിസ്റ്റില്‍ എഴുതി ചേര്‍ത്തതെന്നാണ് കരുതപ്പെടുന്നത്. സനാദന്‍ സന്‍സ്ഥയും എച്ച്‌ജെഎസുമായി ബന്ധമുള്ള രഹസ്യ സംഘത്തിന്റെ പ്രധാന ആളായിരുന്നു കാലെ. കര്‍ണാടകയിലെ ദേവനാഗിരി മേഖലയില്‍ നിന്നും മെയ് 21നാണ് ഇയാളെ പിടികൂടുന്നത്. ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നിലെ സംഘത്തിന്റെ തലവനാണ് കാലെ.
തീവ്ര ഹിന്ദുത്വത്തിനെതിരെ തന്റെ ആര്‍ട്ടിക്കിളുകളിലൂടേയും മറ്റും ശക്തമായ നിലപാടുകളെടുത്തതാണ് ലങ്കേഷിന്റെ വധത്തിലേക്ക് എത്തിച്ചത്. അതു തന്നെയായിരുന്നു ലിസ്റ്റിലുള്ള മറ്റുള്ളവരേയും ശത്രുപക്ഷത്തെത്തിച്ചത്. കാലെയുടെ പക്കല്‍ നിന്നും പിടികൂടിയ ഡയറിയിലെ ഹിറ്റ് ലിസ്റ്റിലെ എട്ടാമന്‍ അന്ധ വിശ്വാസത്തെ ശക്തമായി എതിര്‍ത്ത നിദുമാമിദി സ്വാമിജിയാണ്.
ഡയറിയിലെ രണ്ടാമത്തെ ലിസ്റ്റില്‍ 26 പേരുകളാണുള്ളത്. 2016 ഓഗസ്റ്റ് 22 നാണ് ആ പേരുകള്‍ എഴുതി ചേര്‍ത്തതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എല്ലാവരും തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്തവരായിരുന്നു. മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷവും മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഗൗരിയുടെ പേര് രണ്ടാമതായിരുന്നുവെങ്കിലും അവരാണ് ആദ്യം കൊല്ലപ്പെട്ടത്.
സംഘത്തിലേക്ക് ആളുകളെ എത്തിച്ചിരുന്നതും കാലെയായിരുന്നു. 26 കാരനായ പരശുറാം വാഗമറെ നോര്‍ത്ത് കര്‍ണാടകയിലെ വിജയപുരയില്‍ നിന്നും റിക്രൂട്ട് ചെയ്ത കാലെ സനാദന്‍ സന്‍സ്ഥയിലൂടേയും എച്ച്‌ജെഎസുമായി ബന്ധപ്പെടുത്തുകയും ലങ്കേഷിനെ വധിക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്തുവെന്നും കണ്ടെത്തിയതായി അന്വേഷണ സംഘം പറയുന്നു. കൊലപാതകത്തിന് എട്ട് മാസം മുമ്പു തന്നെ അതിനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും മറ്റും ചെയ്തിരുന്നു. 2017 ജൂണില്‍ തന്നെ ലങ്കേഷിന്റെ വീടും അവരുടെ നീക്കങ്ങളുമെല്ലാം നിരീക്ഷണത്തിലായിരുന്നു.
ഗൗരി ലങ്കേഷിന്റെ വധത്തിന് ശേഷം എഴുത്തുകാരനായ പ്രൊഫസര്‍ കെഎസ് ഭഗവാന്റെ വധത്തിനായുള്ള പദ്ധതികള്‍ കാലെയും മറ്റ് നാലു പേരും ആരംഭിച്ചിരുന്നതായും അന്വേഷണ സംഘം പറയുന്നു. അദ്ദേഹത്തിന്റെ പേരും ഡയറിയിലെ ലിസ്റ്റിലുണ്ടായിരുന്നു. യോഗേഷ് മാസ്റ്റര്‍, ചന്ദ്രശേഖര്‍ പട്ടീല്‍, ബാനജാഗറെ, ജയപ്രകാശ്, സിഎസ് ദ്വാരാകാനാഥ് തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു. ലങ്കേഷിന്റെ വധത്തിന് പിന്നാലെ ഇവര്‍ക്കെല്ലാം സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഡയറിയിലെ വിവരങ്ങള്‍ പ്രകാരം കാലെയും അയാളുടെ പങ്കാളിയായ സുജീത് കുമാറും ചേര്‍ന്ന് സംസ്ഥാനത്തുടനീളം തീവ്ര ഹിന്ദുത്വ പ്രചരണത്തിനും ആക്രമണങ്ങള്‍ക്കുമായി 38 പേരുള്ള ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ് കൊലാപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 27 കാരനായ ഹുബ്ബാലി സ്വദേശിയായ ഗണേഷ് മിഷ്‌കിനെ തിങ്കളാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഹുബ്ബാലി സ്വദേശിയായ അമിത് ബഡ്ഡിയേയും അറസ്റ്റ് ചെയ്തിരുന്നു. വാഗ്മറെയെ ലങ്കേഷിന്റെ വീടിന് അരികിലേക്ക് ബൈക്കില്‍ എത്തിച്ചത് ഗണേഷ് ആയിരുന്നു.