ബെംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് “ക്ഷാത്ര ധർമ്മ സാധന” എന്ന പുസ്തകത്തെ ആധാരമാക്കിയെന്ന് പ്രതികൾ. സനാധൻ സൻസ്ത എന്ന ഹിന്ദുത്വ സംഘടയുടെ സ്ഥാപകൻ ജയന്ത് അത്തവാലെ എഴുതിയ പുസ്തകമാണ് ക്ഷാത്ര ധർമ്മ സാധന.

ക്ഷാത്ര ധർമ്മ സാധനയിലെ തത്വങ്ങളും നിർദേശങ്ങളും കണിശമായി പിന്തുടരുന്ന സംഘടനയിലെ അംഗങ്ങളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുളളത്. അവരുട പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യക്തികളെയാണ് സംഘടന അംഗങ്ങൾ ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രത്യേക അന്വേഷണ സംഘം പറയുന്നു.

2017 സെപറ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തുടർന്ന് കർണ്ണാടക പൊലീസിന്റെ പ്രത്യേക ആന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പരശുറാം വാഗ്‌മാരെ എന്നയാളാണ് ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്തതെന്ന് തെളിഞ്ഞു. പരശുറാമിനെ ഇതിനായി നിയോഗിച്ചതും പരിശീലിപ്പിച്ചതും സനാധൻ സൻസ്തയുടേയും ഹിന്ദു ജനജാഗ്രിതി സമിതിയുമായി ബന്ധമുളളവരാണെന്നും തെളിഞ്ഞു. 16 പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ “ക്ഷാത്ര ധർമ്മ സാധന”യുടെ പങ്ക് വെളിപ്പെടുത്തിയത്.

2016 ഓഗസ്റ്റിൽ കൂടിയ യോഗത്തിലാണ് ഗൗരി ലങ്കേഷ് ദുർജനമാണെന്ന് അംഗങ്ങൾ ഉറപ്പിച്ചത്. ഗൗരിയുടെ പ്രസംഗങ്ങളും എഴുത്തുകളും സംബന്ധിച്ച് ക്ഷാത്ര ധർമ്മ സാധനയിലെ ലേഖനത്തിലൂടെയാണ് അവരെ ദുർജനമെന്ന് വിധിയെഴുതിയത്. തുടർന്നാണ് അവരെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്നും അന്വേഷണ സംഘം പറയുന്നു.

ഗൗരി ലങ്കേഷിന്റെ പ്രസംഗത്തിന്റെയും എഴുത്തുകളുടെയും അടിസ്ഥാനത്തിൽ അവരെ ദുർജനമായാണ് പ്രതികൾ കണക്കാക്കിയത്. ദുർജനങ്ങളെ കൊല്ലുന്നത് സമൂഹത്തിന്റെ നന്മയക്ക് വേണ്ടിയാണെന്നും, അത്തരം അക്രമങ്ങൾ പാപമല്ലെന്നുമാണ് പ്രതികൾ അവകാശപ്പെടുന്നത്. “ദുർജനങ്ങൾക്കെതിരെ ഹിംസ നടത്തുന്നത് തന്നെ അഹിംസ മാർഗ്ഗമാണ്” എന്നും, സമൂഹത്തിൽ​ ഒട്ടനവധി ദുർജനങ്ങൾ കടന്നുകൂടിയിട്ടുണ്ട്, ഈ ദുർജനങ്ങളെ നശിപ്പിച്ചില്ലെങ്കിൽ സമൂഹം തന്നെ നശിക്കുമെന്നാണ് ക്ഷാത്ര ധർമ്മ സാധനയിൽ എഴുതിയിരിക്കുന്നത്.

ക്ഷാത്ര ധർമ്മ സാധന പ്രകാരം സമൂഹത്തെ രക്ഷിക്കാൻ നടത്തുന്ന യുദ്ധത്തിന്റെ അഞ്ച് ശതമാനം കായികമായി വേണം നടത്താൻ, 30% മാനസികമായും, 65% ആത്മീയമായും. ഇതിനായി പ്രവർത്തകർക്ക് ആയുധപരിശീലനം അടക്കമുള്ള പരിശീലനങ്ങൾ നൽകണം. ദുർജനങ്ങളെ കൊല്ലാൻ വെടിവയ്ക്കാനുള്ള നിർദേശവും പുസ്തകത്തിലുണ്ട്. വെടിവയ്ക്കുമ്പോൾ ദൈവനാമം ഉരുവിടണമെന്നും അപ്പോൾ വെടിയുണ്ട ലക്ഷ്യം കാണുമെന്നുമാണ് പുസ്തകത്തിൽ അനുശാസിക്കുന്നത്.

അന്വേഷണത്തിൽ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉപയോഗിച്ച തോക്കു തന്നെയാണ് കൽബുർഗിയുടെയും, ഗോവിന്ദ് പൻസാരെയുടെയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ