scorecardresearch

ഗൗരി ലങ്കേഷിന്റെ കൊലപാതകം: വെടിവച്ചത് പരശുറാം വാഗ്മറേയെന്ന് ഫൊറൻസിക് റിപ്പോർട്ട്

ഗൗരി ലങ്കേഷ് കൊലപാതകത്തിന് ഒരുവർഷം പൂർത്തിയാകുന്ന വേളയിലാണ് ഫൊറൻസിക് പരിശോധനയിലൂടെ കൊലപാതകിയെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നത്

Gauri Lankesh
Gauri Lankesh

ബെംഗളുരൂ: എഴുത്തുകാരിയും സാമൂഹിക-മാധ്യമ പ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. ഗൗരി ലങ്കേഷിനെ വെടിവച്ചത് പരശുറാം വാഗ്മറെ ആണെന്ന് ഗുജറാത്തിലെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ തീർച്ചയാക്കിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ അവരുടെ വസതിയിൽ എത്തി അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്.

ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ സംഭവങ്ങളും വീണ്ടും അതുപോലെ പുനരവതരിപ്പിക്കുകയും (​റീ കൺസ്ട്രക്റ്റ്) ചെയ്യുകയും അതിന്റെ വീഡിയോയും കൊലപാതകം നടന്ന ദിവസത്തെ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളും ഫൊറൻസിക് ലാബിൽ അയച്ചു കൊടുത്തു. അവരുടെ പരിശോധനയിലാണ് കൊലയാളിയായ മനുഷ്യനെ തിരിച്ചറിഞ്ഞതെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു.

രണ്ട് ദൃശ്യങ്ങളിലും കാണുന്നയാൾ ഒരാൾ തന്നെയാണെന്ന് ഗുജറാത്തിലെ ഫൊറൻസിക് ലാബ് ഉറപ്പിച്ചു. അവരുടെ റിപ്പോർട്ട് തങ്ങളുടെ അന്വേഷണത്തെ ശരിവയ്ക്കുകയാണെന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച എസ്ഐ​ടി ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പുരോഗമനപരവും നിർഭയവുമായ എഴുത്തായിരുന്നു ഗൗരി ലങ്കേഷിന്റേത്. 2017 സെപ്റ്റംബർ അഞ്ചിനാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് സ്വവസതിയിൽ കൊല്ലപ്പെട്ടത്.

കൊലപാതകികളുടെ ഹിറ്റ് ലിസ്റ്റില്‍ ഗൗരി ലങ്കേഷ് രണ്ടാം പേരുകാരി; ആരായിരുന്നു ഒന്നാമത്?

ഈ കേസുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പരോക്ഷമായോ പ്രത്യക്ഷമായോ ഈ കേസുമായി ബന്ധമുളളവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതുവരെ ഈ​ കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ട് അറസ്റ്റ് നടന്നിട്ടുണ്ട്.

മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്നുളളവരാണ് പലരും. മഹാരാഷ്ട്ര എടിഎസ് അന്വേഷണം ആരംഭിച്ചതോടെ പലരും ഒളിവിലാണ്.  കർണാടകത്തിൽ​ അമ്പതോളം വരുന്ന സംഘമാണ് പേരിടാത്ത ഈ ഗ്യാങ്ങിലുളളത്. മഹാരാഷ്ട്രയിലും ഈ​ ഗ്യാങ്ങിൽ അമ്പതോളം പേരുളളതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

ഈ ഗ്യാങ് ഇന്ത്യയിലൊട്ടാകെ അവരുടെ വേരുകളുണ്ടാക്കിയിട്ടുണ്ട്. അതിൽ നിരവധി പേരെ തിരച്ചറിഞ്ഞ്, ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ഉന്നത അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഇനി അവരാണ് നടപടി എടുക്കേണ്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

നരേന്ദ്ര ധാബോൽക്കർ, എം.എം.കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെയൊക്കെ കൊലപ്പെടുത്തിയതിന് പിന്നിൽ ഈ ഗ്രൂപ്പാണ്. ഒമ്പത് വർഷം മുന്പ് നടന്ന മഡ്ഗാവ് ബോംബ് സ്ഫോടനത്തോടെയാണ് ഇവരുടെ സാന്നിദ്ധ്യം പ്രകടമാകുന്നത്. ജ്ഞാനപീഠ അവാർഡ് ജേതാവും നാടകകൃത്തുമായ ഗിരീഷ് കർണാട്, കെ.എസ്.ഭഗവാൻ, മറ്റ് ചില രാഷ്ട്രീയ മത നേതാക്കൾ തുടങ്ങി 26 പ്രമുഖരെ കൊലപ്പെടുത്താനുളള ഹിറ്റ് ലിസ്റ്റ് അവർ തയ്യാറാക്കിയിരുന്നു. ഇതിൽ നാല് പേരെ അവർ കൊലപ്പെടുത്തി.

കൽബർഗിയെ വധിച്ചതും ഗൗരി ലങ്കേഷിനെ വധിച്ചതും ഒരേ തോക്കുപയോഗിച്ച്

കർണാടകത്തിൽ മനോഹറും സുജിത്തുമാണ് ആളുകളെ സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്നും അമോൽ കലേ എന്നയാളാണ് ഗ്യാങ്ങിന്റെ തലവനെന്നും ഇയാളാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രമെന്നും എസ്ഐടി ഓഫീസർ പറയുന്നു.

ഈ ഗ്യാങ്ങിൽപ്പെട്ടവരുടെ വസതികളിലും ഒളിത്താവളങ്ങളിലും നടത്തിയ പരിശോധനകളിൽ ഹിപ്നോതെറാപ്പിസ്റ്റും 1999 ൽ രൂപീകരിച്ച വലതുപക്ഷ സംഘടനയായ സനാതൻ സൻസ്ഥയുടെ സ്ഥാപകനുനായ ജയന്ത് ബാലാജിയുടെ പുസ്തകങ്ങൾ കണ്ടെടുത്തിരുന്നു.

നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവർക്കും ആരോപണവിധേയർക്കും സനാതൻ സൻസ്ഥയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് തങ്ങളുമായി ബന്ധമില്ലെന്നാണ് സംഘടനയുടെ നിലപാട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gauri lankesh murder case forensic lab confirms parashuram waghmare shot and killed the writer