ബെംഗളൂരു: മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കെഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതേക അന്വേഷണ സംഘം അറസ്റ്റ്ചെയ്ത നവീന്‍ കുമാറിനെ തെളിവെടുപ്പിനായ് ഗോവയിലേക്കും ബെല്‍ഗാവിലേക്കും കൊണ്ടുപോകും. കൊലപാതകം സംബന്ധിച്ച ഗൂഡാലോചനയിലാണ് തെളിവെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസമാണ് ഹിന്ദു യുവസേന, സനാതന്‍ സന്‍സ്ത എന്നീ തീവ്ര ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അറസ്റ്റിന് ശേഷം ഇയാളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു.

മുപ്പത്തിയേഴുകാരനായ നവീന്‍ കുമാറിന് ഗോവ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്തയുമായ്‌ ബന്ധമുണ്ട് എന്നാണ് കരുതപ്പെടുന്നത്. യുക്തിവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍കര്‍ എന്നിവരുടെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഘടനയാണ് സനാതന്‍ സന്‍സ്ത.

വെള്ളിയാഴ്ചയാണ് ഇയാളെ ജില്ലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയത്. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയായ് കണക്കാക്കുന്ന പ്രവീണ്‍ എന്നയാളുടെ സഹായിയാണ് നവീന്‍. ഒളിവില്‍ കഴിയുന്ന പ്രവീണിലേക്കുള്ള പ്രധാന കണ്ണിയായ ഇയാളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണം എന്നാണ് അസിസ്റ്റന്‍റെ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍മലാ റാണി ആവശ്യപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നവരില്‍ ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നു. ഹെല്‍മറ്റ് ധരിച്ച് അവരുടെ വീട്ടിലെത്തിയ ഇരുവരും തന്നെയാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ഗൗരിക്ക് നേരെ നിറയൊഴിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഗൗരി മരണപ്പെട്ടിരുന്നു.

നവീന്‍ കുമാറിനെ ഫോറന്‍സിക് പരിശോധന, നുണ പരിശോധന, നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് എന്നിവയ്ക്ക് വിധേയമാക്കും എന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു, നവീന്‍ കുമാര്‍ താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണ് എന്ന്‍ അറിയിക്കുന്ന വീഡിയോയും അന്വേഷണ സംഘം കോടതി മുന്‍പാകെ ഹാജരാക്കി. എന്നാല്‍ താന്‍ അതിന് തയ്യാറല്ല എന്നാണ് നവീന്‍ കുമാറും അദ്ദേഹത്തിന്‍റെ അഭിഭാഷകനും കോടതിയെ അറിയിച്ചത്.

സനാതന്‍ സന്‍സ്ത കേസില്‍ ബന്ധമില്ല എന്ന് പറഞ്ഞപ്പോഴും സന്‍സ്തയുടെ കേസുകള്‍ വാദിക്കാറുള്ള ഒരു മുതിര്‍ന്ന അഭിഭാഷകന്‍ തന്നെയാണ് നവീന്‍ കുമാറിന് വേണ്ടി ഹാജരായത്. നേരത്തെ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നറിയിച്ചുകൊണ്ട്
സന്‍സ്തയുടെ അഭിഭാഷക സംഘടനയായ ഹിന്ദു വിധിദ്ന്യ പരിഷത്ത് മേധാവി വിരേന്ദ്ര ഇച്ചല്‍കരഞ്ചികര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായ് ബെംഗളൂരുവിലുള്ള വിരേന്ദ്ര നവീന്‍ കുമാറിന് നിയമസഹായം നല്‍കുന്ന അഭിഭാഷകരുടെ കൂട്ടത്തിലുണ്ട്. ഹിന്ദു ആക്റ്റിവിസ്റ്റിനെ അറസ്റ്റ് ചെയ്തത് ‘തെറ്റായ ആരോപണത്തിന്റെ’ പേരില്‍ ആണെന്നും ഇത് തികച്ചും ‘രാഷ്ട്രീയ ലാക്കോടെ’ ആണെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ