ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റ കൊലപാതകികളുടെ പേരുവിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകികളെക്കുറിച്ചു പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും ബാംഗ്ലൂര്‍ പ്രസ് ക്ലബ്, ബാംഗ്ലൂര്‍ റിപ്പോര്‍ട്ടേഴ്‌സ് ഗില്‍ഡ് എന്നിവ നടത്തുന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുമെന്ന കാര്യം ഉറപ്പാണെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണു രാജരാജേശ്വര നഗറിലെ വീടിനു മുന്നില്‍ കന്നഡ വാരിക ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി ലങ്കേഷ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ഓഫിസില്‍നിന്നു വീട്ടിലെത്തിയ ഗൗരി കാര്‍ പാര്‍ക്കു ചെയ്തശേഷം വീടിന്റെ വാതില്‍ തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ