കേരളത്തെ ഏറെ സ്നേഹിച്ചിരുന്ന മാധ്യമ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കൊലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പോലും കേരളത്തെ കുറിച്ചുളള പ്രത്യാശ നിറഞ്ഞ അഭിപ്രായ പ്രകടനമാണ് ഗൗരി പങ്ക് വച്ചിരുന്നത്. ഗൗരി ലങ്കേഷിന്റെ ഫെയ്സ്ബുക്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ചുളള തന്റെ സ്നേഹക്കുറിപ്പെഴുതി കഴിഞ്ഞ് മണിക്കൂറുകൾക്കുളളിലാണ് അവരെ തേടി കൊലപാതകികളുടെ വെടിയുണ്ടകളെത്തിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയാണ് ഗൗരി ലങ്കേഷ്. വർഗീയ ശക്തികൾക്കെതിരെ മതസൗഹാർദ്ദത്തിന്റെ മൂല്യങ്ങളുയർത്തിപ്പിടിച്ച, അധികാരത്തിന്റെ അതിക്രമങ്ങൾക്കെതിരെ ശബ്ദമില്ലാത്തവർക്കൊപ്പം നിലയുറപ്പിച്ച മാധ്യമ പ്രവർത്തകയായിരുന്നു ഗൗരി. മൂല്യങ്ങളുടെ എഞ്ചുവടി തെറ്റാത്ത മാധ്യമ പ്രവർത്തകയെന്നാണ് ഗൗരിയെ പ്രമുഖ മാധ്യമ പ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ വിശേഷിപ്പിച്ചത്.

ഗൗരി മൂല്യങ്ങളുടെ എഞ്ചുവടി തെറ്റാത്ത മാധ്യമ പ്രവർത്തക

കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യാ രാജ്യത്ത് വിയോജിപ്പിന്റെ ശബ്ദങ്ങളെ അക്രമത്തിന്റെയും അധികാരത്തിന്റെയും വാളുപയോഗിച്ച് നിശബ്ദമാക്കപ്പെടുകയാണ്. മാധ്യമങ്ങളും മാധ്യമപ്രവർത്തകറം പലതലത്തിൽ വേട്ടയാടപ്പെടുന്നു. മാധ്യമപ്രവർത്തകരുടെ അരക്ഷിതാവസ്ഥയിലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ അവസ്ഥ പരിതാപകരമായി മാറി. ഭരിക്കുന്നവർക്കെതിരെ വിയോജിപ്പ് രേഖപ്പെടുന്നത് പോലും അറസ്റ്റ് ചെയ്യാവുന്ന കുറ്റമാകുന്ന അടിയന്തരാവസ്ഥയുടെ നിഴൽപതിപ്പിലായി രാജ്യം മാറിയെന്ന് ഉറപ്പിക്കുന്ന കാലാവസ്ഥ. ഇവിടെയാണ് ഗൗരിയെ പോലെ ശക്തമായ, നിലപാടുളള ഒരു മാധ്യമ പ്രവർത്തകയുടെ അസാന്നിദ്ധ്യത്തിന് എത്രത്തോളം വലിയ വിലയാണ് ജനാധിപത്യം നൽകേണ്ടി വരുന്നതെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം എഴുത്തുകാരിയും ഗവേഷകയുമായ തമിഴ് നാട് സ്വദേശിയായ ലൂയിസ് സോഫിയയെ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ തൂത്തുക്കുടി പൊലീസ് അറസ്റ്റ് ചെയ്തത് അവാസനത്തെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് ഗൗരിയുടെ ഓർമ്മകൾ അതീവ പ്രസക്തമാകുന്നത്.

 

‘ബിജെപിയുടെ ഫാസിസ്റ്റ് ഭരണം തുലയട്ടെ’; മുദ്രാവാക്യം മുഴക്കിയ സോഫിയയ്ക്ക് ജാമ്യം

ആദർശങ്ങളെയും നിലപാടുകളെയും ഭയക്കുന്നവർ ആയുധങ്ങളും അധികാരവും നുണകളും കൊണ്ട് വിമതശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ആഴവും പരപ്പും ഇന്ന് വ്യാപിച്ചിരിക്കുയാണ്. ഏതാനും വർഷം മുമ്പ് ആരംഭിച്ച കരാളമായ ആ ശക്തികളുടെ തോക്കുകളിൽ നിന്ന് തീ തുപ്പിയപ്പോൾ നിശബ്ദമായത് ഇന്ത്യയുടെ മഹത്തായ ശബ്ദങ്ങളായിരുന്നു. എം എം കൽബുർഗി, നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരാണ് ഭൂരിപക്ഷ വർഗീയശക്തികളുടെ ഭീരുത്വത്തിന് മുന്നിൽ​ ജീവൻ നൽകേണ്ടി വന്നത്.

ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ നെഞ്ചിന് നേരെ നിറൊയഴിച്ച് ആരംഭിച്ച ക്രൗര്യം ഇന്ന് എല്ലാ അതിരുകളുടെ ലംഘിച്ച് വെടിയുതിർത്ത് തുടങ്ങിയിരിക്കുന്നു. അതിലെ അവസാനത്ത ഇരയല്ല ഗൗരിയെന്ന് പിന്നീട് വന്ന വാർത്തകൾ വ്യക്തമാക്കുന്നു. 26 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നതായും ഗിരിഷാ കർണാട് അടക്കമുളള പ്രതിഭകളാണ് ആ ഹിറ്റ് ലിസ്റ്റിൽ​ഉണ്ടായിരുന്നതെന്നും വാർത്ത പുറത്ത് വന്നു. ഈ സാഹചര്യത്തിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ഒന്നാം വാർഷികം പ്രസക്തമാകുന്നത്.

ഒന്നാം വാർഷികമാകുമ്പോഴും എല്ലാ പ്രതികളെയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പ്രത്യേക അന്വേഷണ സംഘത്തിന് ആയിട്ടില്ല.​ ഇതേ സമയം, വലതുപക്ഷ ഭൂരിപക്ഷ വർഗീയവാദികൾ ഇന്ത്യയൊട്ടുക്കും കൊലവിളി അനുസ്യൂതം തുടരുന്നു. കേരളത്തിൽ​പോലും എഴുത്തുകാർക്കും മാധ്യമ സ്ഥാപനങ്ങൾക്കും നേരെ കൊലവിളി നടത്തുന്ന അസഹിഷ്ണുക്കളെ കാണാനാകുന്നുണ്ട്. നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞ എം ടി വാസുദേവൻ നായരെയും നരേന്ദ്രമോദിയെ വിമർശിച്ച സക്കറിയെയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കഥാകൃത്ത് എസ് ഹരീഷിനെയും ബി ജെ പി നേതാക്കൾ സ്വീകരിച്ച നിലപാട് ഇതിന് തെളിവാണ്. സക്കറിയെയും ഹരീഷിനെയും ആക്രമിക്കുമെന്നാണ് ബി ജെപി നേതാക്കൾ ആക്രോശിച്ചത്. ഈ ആക്രോശങ്ങൾ, സാംസ്കാരികമായും സാമൂഹികമായും ഉന്നതിയിൽ നിൽക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിന് വില നൽകുന്നുവെന്ന് പറയുന്ന കേരളത്തിലാണ് എന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശക്തി എത്രത്തോളം അക്രമകരമാകും എന്ന് ബോധ്യപ്പെടുത്തന്നതാണ്.

ഗൗരി ലങ്കേഷ് എന്നത് മലയാളിക്ക് വെറുമൊരു പേരല്ല, മലയാളികളുമായി വളരെയധികം അടുപ്പമുളള സാംസ്കാരിക രാഷ്ട്രീയപര്യായമാണ്. പിതാവ് ലങ്കേഷ് മുതൽ ഗൗരിയും സഹോദരി കവിതയും മലയാളികളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് പോലും കേരളത്തെ കുറിച്ചായിരുന്നു. കേരളത്തിലെ മതസൗഹാർദ്ദത്തെ കുറിച്ചുമൊക്കെയായിരുന്നു അത്.

”KERALITES celebrating Onam. religious differences be damned!!!!! this is the reason why they call their `country’ (i call it country, did you notice cheddis??) as `Gods own country’. please, my mallu friends, please keep up your spirit of secularism. (PS: hopefully next time i am in God’s own country, someone will get me nice Kerala beef dish!!!! And cheddis be damned!!!!) ഇതായിരന്നു ആ ഫെയ്സ് ബുക്ക് കുറിപ്പ്

 

‘ദൈവത്തിന്‍റെ സ്വന്തം നാട്’; ഗൗരി ലങ്കേഷിന്‍റെ അവസാന വാക്കുകളിലൊന്ന് കേരളത്തിലെ മതനിരപേക്ഷതയെ കുറിച്ച്

പക്ഷേ കേരളത്തിൽ ഒരിക്കൽ കൂടി എത്താനോ ദൈവത്തിന്റെ നാട്ടിലെ ആ ബീഫ് കറി കഴിക്കാനോ വർഗീയ വാദികൾ ഗൗരിയെ അനുവദിച്ചില്ല.​ അതിന് മുമ്പ് ഏഴ് വെടിയുണ്ടകൾ ഉതിർത്തു കൊണ്ട് ആ മെലിഞ്ഞ ശരീരത്തിലെ ജീവനവരെടുത്തു. എന്നാൽ ആ ഗൗരിയിൽ നിന്നും ഒരായിരം ഗൗരിമാർ ഉയിർത്തെഴുന്നേൽക്കുന്നതാണ് പിന്നീട് ലോകം കണ്ടത്.

കൊല്ലപ്പെട്ട ഗൗരിയെ നിന്ദിച്ച സ്ത്രീക്ക് കേന്ദ്ര സർക്കാർ മാധ്യമ രംഗത്ത് ജോലി നൽകുന്നതും രാജ്യം കണ്ടു. ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവളെന്ന് എഴുതിയ മാധ്യമപ്രവർത്തകയ്ക്ക് ലോ‌ക്‌സഭ ടിവിയിലാണ് കേന്ദ്ര സർക്കാർ ഈ വർഷം മെയ് മാസത്തിൽ​ ജോലി നൽകിയത്. ജാഗ്രിതി ശുക്ലയ്ക്കാണ് ലോക്‌സഭ ടിവിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായി ജോലി നൽകിയത്. എന്നാൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ലോക്‌സഭ ടിവിയുടെ കൺസൾട്ടന്റ് എന്നാണ് ആ സമയത്ത് ഇവർ കുറിച്ചിരിന്നത്. അതേസമയം ലോക്‌സഭ ടിവി പുറത്തുവിട്ട വിജ്ഞാപനത്തിൽ ഇവരെ അസിസ്റ്റന്റ് പ്രൊഡ്യൂസറായി നിയമിച്ചതായാണ് വ്യക്തമാക്കിയിരുന്നത്.

 

ഗൗരി ലങ്കേഷ് മൃഗീയമായി കൊല്ലപ്പെടേണ്ടവളെന്ന് പറഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് ലോക്‌സഭ ടിവിയിൽ നിയമനം

നിർഭമായി തന്റെ നിലപാടുകളിൽ ഉറച്ച് നിന്ന ഗൗരി ലങ്കേഷ് എഴുത്തും സാമൂഹിക പ്രവർത്തനവും മാത്രമല്ല, അഭിനയ രംഗത്തും തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. സഹോദരി കവിതാ ലങ്കേഷ് സംവിധാനം ചെയ്ത പുതിയ ചിത്രത്തിൽ ഗൗരി അഭിനയിച്ചിട്ടുണ്ട്. ആ​ ചിത്രം ഉടനെ പുറത്തു വരും.

‘ദത്തുപുത്രന്മാര്‍’ അനാഥരായി; ‘അമ്മ’യുടെ വിയോഗത്തില്‍ വിറങ്ങലിച്ച് നാല് ‘മക്കള്‍’

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികമെത്തുമ്പോൾ രാജ്യം കൂടുതൽ അസഹിഷ്ണതയുടെ മുന്നിലാണ്. ഭയത്തിന്റെയും നുണ കൊണ്ട് കെട്ടിയുയർത്തിയ അവകാശവാദ സാമ്രജ്യത്തിന് മുന്നിലാണ് സാധാരണ ജനങ്ങളുടെ നില. വലതുപക്ഷ വർഗീയ ശക്തികളുടെ കൈകൾ അധികാരത്തിലും ജനങ്ങളുടെ ജീവിതത്തിന് മേലും പിടി മുറക്കുമ്പോൾ ഗൗരി ലങ്കേഷ് എന്ന പേരും ആ പേര് നടത്തിയ പോരാട്ടവും കൂടുതൽ പ്രസക്തമാകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook