ന്യൂഡൽഹി: ഗ്യാസ് ടാങ്കറിൽനിന്നുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായ 300 ഓളം സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി തുഗ്ലഖാബാദിലെ റാണി ജാൻസി സർവോദയ കന്യ വിദ്യാലയ സ്കൂളിലെ വിദ്യാർഥികളെയാണ് ശ്വാസതടസ്സമടക്കുളള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽനിന്നും മുഴുവൻ കുട്ടികളെയും ഒഴിപ്പിച്ചു. സംഭവത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

”173 വിദ്യാർഥികളെയും ഒൻപതു അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ തന്നെ മാതാപിതാക്കൾക്ക് കുട്ടികളെ കൈമാറുമെന്നും” സൗത്ത്-ഈസ്റ്റ് ഡിസിപി റോമിൽ ബാനിയ പറഞ്ഞു. സംഭവത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെല്ലാം സുരക്ഷിതരാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടുണ്ടെന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്കൂളിൽ ഇന്നു നടക്കേണ്ടിയിരുന്ന പരീക്ഷ സംഭവത്തെത്തുടർന്ന് മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.

കുട്ടികളെല്ലാം ക്ലാസ്സിലുണ്ടായിരുന്ന സമയത്താണ് വാതക ചോര്‍ച്ചയുണ്ടായത്. വാതകം ചോർന്നതായി വിവരം ലഭിച്ച ഉടൻ പൊലീസും എമര്‍ജന്‍സി ആംബുലന്‍സുകളും ദേശീയദുരന്തനിവാരണസേനയും സ്‌കൂളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂളിനടുത്തുള്ള തുഗ്ലഖാബാദ് കണ്ടെയ്‌നര്‍ ഡിപ്പോയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് സംശയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ