ന്യൂഡൽഹി: പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടി സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. ഗാർഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 49 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. സെപ്റ്റംബര്‍ ആദ്യം 7രൂപ വില കൂട്ടിയതിനു ശേഷമാണ് ഇപ്പോൾ വീണ്ടും വില വർധിപ്പിച്ചത്. 646 രൂപയാണ് ഗാർഹിക സിലിണ്ടറുകളുടെ പുതുക്കിയ വില. ഗാര്‍ഹികേതര സിലിണ്ടറുകളുടെ പുതുക്കിയ വില 1160 രൂപയാണ്.

14.2 കിലോ സബ്‌സിഡിയുള്ള സിലിണ്ടറിന് 597 രൂപയാണ് വില. 19 കിലോയുടെ വാണിജ്യാവശ്യത്തിനു സിലിണ്ടറിന് 78 രൂപ വര്‍ധിപ്പിച്ച് 1160 രൂപ 50 പൈസയാക്കി. സബ്സിഡി അവസാനിപ്പിചതും ആഗോള വിപണിയിലെ വില വർധനവുമാണ് വില കൂടാൻ കാരണമെന്നാണ് സർക്കാരിന്റെ വാദം.

അതേസമയം, സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയാണ് പാചകവാത വില കൂട്ടിയത് ഏറെ ബാധിച്ചത്. ഒറ്റ രാത്രി കൊണ്ട് 49 രൂപ വർധിപ്പിച്ചത് ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിപ്പിച്ചിട്ടുണ്ട്. വില കൂട്ടിയതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇതുവരെ സിലിണ്ടർ ഒന്നിനു കൂടിയത് 117 രൂപയാണ്.

18.11 കോടി ഉപയോക്താക്കളാണ് ഇന്ത്യയിൽ സബ്‌സിഡി ഗ്യാസ് സിലിണ്ടർ ലഭിക്കുന്നവർ. ഇതിൽ കഴിഞ്ഞ ഒരു വർഷത്തിനുളളിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി സൗജന്യ കണക്ഷൻ ലഭിച്ച ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 2.6 കോടി സ്ത്രീകളുമുണ്ട്. 2.66 കോടി ഉപയോക്താക്കൾ സബ്‌സിഡിയില്ലാത്ത പാചകവാതകമാണ് ഉപയോഗിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ