ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ രണ്ടാം ഡോസും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ഒമ്പത് മാസത്തിൽ നിന്ന് ആറ് മാസമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിജിഐ) 29 ന് ചേരുന്ന യോഗത്തില്‍ ഇടവേള കുറയ്ക്കുന്നതിനായുള്ള ശുപാര്‍ശ നല്‍കിയേക്കും.
ഐസിഎംആറും മറ്റ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് രണ്ട് ഡോസുകൾ സ്വീകരിച്ചതിന് ആറ് മാസത്തിന് ശേഷം ആന്റിബോഡിയുടെ അളവ് കുറയുമെന്നാണ്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിലൂടെ രോഗപ്രതികരണ ശേഷി വര്‍ധിക്കും. രണ്ടാം ഡോസ് സ്വീകരിച്ചതിന് ഒന്‍പത് മാസത്തിന് ശേഷം 18 വയസിന് മുകളിലുള്ളവര്‍ക്ക് നിലവില്‍ കരുതല്‍ ഡോസ് എടുക്കാം.
ജനുവരി 10 നാണ് ഇന്ത്യയില്‍ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 5.17 ലക്ഷം പേര്‍ക്കാണ് കരുതല്‍ ഡോസ് വാക്സിന് നല്‍കിയിട്ടുള്ളത്.
അതേസമയം, കോവിഡ് കേസുകള്‍ രാജ്യത്ത് ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശങ്ങള്‍. എത്രയും വേഗം കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തെരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു മോദിയുടെ വാക്കുകള്‍.
“മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രതിസന്ധി നന്നായി കൈകാര്യം ചെയ്തിട്ടും, കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് കാണാന്‍ സാധിക്കുന്നു. ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ തുടങ്ങിയവർ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ പങ്കെടുത്തു.
Also Read: കോവിഡ്: ‘കുട്ടികള്‍ക്ക് വാക്സിന് നല്‍കുക പ്രധാനം’; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രിമാരോട് മോദി