ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ എതിര്‍സംഘം ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സുനില്‍ മാന്‍ തില്ലു താജ്പുരിയയെ എതിരാളി സംഘാംഗങ്ങള്‍ ഇരുമ്പ് വടികൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 2021 സെപ്റ്റംബറിൽ നടന്ന ഡല്‍ഹി രോഹിണി കോടതി വെടിവയ്പ് കേസിലെ പ്രതിയാണ് തില്ലു താജ്പുരി.
ഇരുമ്പ് വടികൊണ്ട് വയറില്‍ അടിയേറ്റ തില്ലുവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇയാളെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളായ യോഗേഷ് തോണ്ടയും കൂട്ടാളികളായ ദീപക് തിതാര്‍, രാജേഷ് സിങ്, റിയാസ് ഖാന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരുമ്പ് വടി കൊണ്ടുള്ള മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ സുനിലിനെ സെന്‍ട്രല്‍ ജയില്‍ ഒപിഡിയിലും തുടര്‍ന്ന് ഡിഡിയു ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഡല്‍ഹി നിവാസിയായ സുനില്‍ മാനാണ് കുപ്രസിദ്ധ തില്ലു സംഘം രൂപീകരിച്ചത്. 2021-ല്‍ രോഹിണി കോടതി സമുച്ചയത്തിലെ കോടതി മുറിക്കുള്ളില്‍ രണ്ട് അക്രമികള്‍ ഗുണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതി സുനില്‍ മാനെ ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി, കൂട്ടയുദ്ധം തുടങ്ങി ഒന്നിലധികം കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സുനില്‍ മാന്റെ കൊലപാതകത്തിലെ പ്രതികള്‍ ഗോഗി സംഘവുമായി ബന്ധമുള്ളവരാണെന്നും ഇവരെല്ലാം ജയിലിന്റെ ഒന്നാം നിലയിലാണെന്നും പൊലീസ് പറഞ്ഞു. ”അവര്‍ ഇരുമ്പ് ഗ്രില്‍ മുറിച്ച് ബെഡ് ഷീറ്റ് ഉപയോഗിച്ച് താഴത്തെ നിലയിലേക്ക് ഒളിച്ചു. തുടര്‍ന്ന് അവര്‍ സുനില്‍ തില്ലുവിനെ മര്‍ദിച്ചു, ”ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.