ലക്നൗ: ജയിലിൽ കഴിയുന്ന ഗുണ്ടാ–രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും സഹായിയായ ഗുലാം എന്നയാളും ഉത്തർപ്രദേശിലെ ഝാൻസിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇരുവരും ഉമേഷ് പാൽ കേസിൽ പൊലീസ് തിരയുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്.
“പ്രയാഗ്‌രാജിൽ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഇരുവരുടെയും തലയ്ക്കു അഞ്ച് ലക്ഷം രൂപ വീതം വിലയിട്ടിരുന്നു. യുപി എസ്ടിഎഫ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് അവർ കൊല്ലപ്പെട്ടത്, ”സ്പെഷ്യൽ അഡീഷണൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞതായി, വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
“ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്ടിഎഫ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ആസാദിൽനിന്ന് പുതിയതരം വിദേശ ആയുധങ്ങൾ കണ്ടെടുത്തു,” പ്രശാന്ത് പറഞ്ഞു. ഇന്ന് രാവിലെ മുൻ എംപി ആതിഖ് അഹമ്മദിനെയും സഹോദരനെയും അതീവ സുരക്ഷാ വിന്യാസത്തോടെ പ്രയാഗ്‌രാജിലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഈ വർഷം ഫെബ്രുവരി 24 ന് പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് ഏരിയയിലെ വീടിന് പുറത്തുവച്ചാണ് വെടിയേറ്റ് മരിച്ചത്.