മുംബൈ: മുംബൈ അധോലോകത്തെ വിറപ്പിച്ച നേതാവാണ് ഡാഡി എന്ന് വിളിപ്പേരുളള അരുൺ ഗോളി. ഗാന്ധിയൻ തത്വചിന്ത അയാളിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. പക്ഷെ നാഗ്‌പൂരിലെ ജയിലിൽ നടന്ന ഗാന്ധിയൻ തത്വചിന്ത പരീക്ഷയിൽ ഈ ഗുണ്ടാനേതാവ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.

ജയിലിലെ വിചാരണ തടവുകാരടക്കം 160 പേർ എഴുതിയ പരീക്ഷയിൽ 80 ൽ 74 മാർക്ക് വാങ്ങിയാണ് അരുൺ ഗോളി ഒന്നാമതെത്തിയത്. നാല് വർഷങ്ങൾക്ക് മുൻപ് യാക്കൂബ് മേമനായിരുന്നു ഈ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയത്.

മുംബൈ ആസ്ഥാനമായ സയോഗ് ട്രസ്റ്റ് എന്ന സംഘടനയാണ് പരീക്ഷ നടത്തിയത്. ഒരു മണിക്കൂർ നീണ്ട പരീക്ഷയിൽ ഭൂരിഭാഗവും ഒബ്‌ജക്ടീവ് ചോദ്യങ്ങളായിരുന്നു.

മഹാരാഷ്ട്രയിലെ അഖില ഭാരതീയ സേന എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനാണ് ഇയാൾ. 1970 കൾക്ക് മുൻപ് മഹാരാഷ്ട്രയിലെ തുണി മില്ലുകളിലായിരുന്നു ഇയാളും സഹോദരനും ജോലി ചെയ്തിരുന്നത്. എന്നാൽ തൊഴിൽ സമരത്തെ തുടർന്ന് മില്ലുകൾ അടച്ചതോടെ എളുപ്പത്തിൽ പണമുണ്ടാക്കാവുന്ന വഴികൾ ഇയാൾ തേടി.

അങ്ങിനെയാണ് രമ നായിക്കിനും ബാബു റെഷിമിനും കീഴിലെ ബൈക്കുള കമ്പനി എന്ന അധോലോക സംഘത്തിലേക്ക് ഇയാളെത്തിയത്. സെൻട്രൽ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തിന്റെ അനധികൃത മദ്യക്കടത്തിന്റെ ചുമതലയാണ് അരുൺ ഗോളി വഹിച്ചത്.

പിന്നീട് 1988 ൽ പൊലീസിന്റെ വെടിയേറ്റ് രമ നായിക്ക് കൊല്ലപ്പെട്ടതോടെ സംഘത്തിന്റെ തലവനായി ഇയാൾ മാറി. ഇയാളുടെ വീടായിരുന്നു ബൈക്കുള കമ്പനിയുടെ കേന്ദ്രവും. 1980 കളുടെ അവസാനത്തിലും 1990 കളിലും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി അധികാര തർക്കത്തിലായിരുന്നു ബൈക്കുള കമ്പനി.

1988 ൽ നടന്ന ഒരു ഭൂമി ഇടപാടിലൂടെയാണ് ഡി കമ്പനിയും ബൈക്കുള കമ്പനിയും തമ്മിലുണ്ടായിരുന്ന സൗഹൃദം തകരുന്നത്. ഇതിന് ശേഷമാണ് നായിക്ക് കൊല്ലപ്പെട്ടത്. നായിക്കിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ദാവൂദിന്റെ സംഘത്തിന് പങ്കുണ്ടെന്ന തോന്നലായിരുന്നു അരുൺ ഗോളിക്ക്.

അതിക്രൂരമായാണ് ഗോളിയുടെ സംഘം കണക്കുതീർക്കാനിറങ്ങിയത്. ഇതോടെ ഡി കമ്പനിയുടെ ഭാഗമായിരുന്ന ശരത് ഷെട്ടി, ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ എന്നിവരെല്ലാം വിദേശത്തേക്ക് കടന്നു. നിരവധി തവണ റെയ്ഡ് നടത്തിയാണ് ഗോളിയുടെ ഗുണ്ടാസംഘത്തിന്റെ പ്രവർത്തനം മുംബൈ പൊലീസ് ഇല്ലാതാക്കിയത്. ഭൂരിഭാഗം കേസുകളിൽ നിന്നും രക്ഷപ്പെട്ടെങ്കിലും 2012 ഓഗസ്റ്റിൽ കമലേക്കർ ജംസന്തേക്കർ എന്ന ശിവസേന നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഗോളിയുടെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ഈ കേസിലാണ് ഇപ്പോൾ നാഗ്‌പൂരിലെ ജയിലിൽ അരുൺ ഗോളി ശിക്ഷ അനുഭവിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook