മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി അബു സലീമിന് പരോള്‍ നിഷേധിച്ചു. വിവാഹം കഴിക്കാനായി 40 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന അദ്ദേഹത്തെ അപേക്ഷ തളളിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന അദ്ദേഹം ഒരു മാസം മുമ്പാണ് പരോളിന് അപേക്ഷ സമര്‍പ്പിച്ചത്.
സലീമിന്റെ അപേക്ഷ പൊലീസ് കൊങ്കണ്‍ ഡിവിഷണല്‍ കമ്മീഷന് കൈമാറിയെങ്കിലും അപേക്ഷ തളളിപ്പോവുകയായിരുന്നു. പരോൾ അനുവദിക്കാത്തതിനെ തുടർന്ന് അബൂ സലീമിന്റെ വിവാഹം മുടങ്ങി.
മുംബൈ സ്വദേശിയായ ഹീന എന്നസെയ്ദ് ബഹർ കൗസറുമായുള്ള വിവാഹത്തിന് 40 ദിവസത്തെ പരോൾ ആണ് 50കാരനായ സലിം ആവശ്യപ്പെട്ടത്. ഇത് മൂന്നാം തവണയാണ് സലീം വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു തീരുമാനം. 1993ലെ മുംബൈ സ്ഫോടന കേസിൽ പ്രത്യേക ടാഡ കോടതി ജീവപര്യന്തം തടവിനാണ് സലീമിനെ ശിക്ഷിച്ചത്.
ഗുജറാത്ത് തീരത്തു നിന്ന് എ.കെ 56 തോക്കുകളും വെടിക്കോപ്പുകളും മുംബൈയിൽ എത്തിച്ച് നടൻ സഞ്ജയ് ദത്ത് ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്തെന്നാണ് അബൂ സലിമിനെതിരായ കുറ്റം. സലീമിനെ പിടികൂടി ഇന്ത്യക്ക് കൈമാറിയ പോർച്ചുഗീസ് അധികൃതരുമായുള്ള കരാർ പ്രകാരം അദ്ദേഹത്തിന് വധശിക്ഷ നൽകിയിരുന്നില്ല. മുംബൈ സ്ഫോടന പരമ്പരയിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.