മീററ്റ്/ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്യൂഷന് പോകുന്ന വഴി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൃത്യം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടി മരിച്ചു. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ട്യൂഷനു പോയ പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന് പൊലീസിനു നൽകിയ മൊഴി. ഇത് എഫ്ഐആറില്‍ ചേർത്തിട്ടുണ്ട്.
“സാധരണ ട്യൂഷന് പോയി മടങ്ങിയെത്തേണ്ട സമയത്ത് അവള് എത്താത്തതിനെത്തുടര്‍ന്ന് ഞങ്ങള്‍ അവളെ അന്വേഷിച്ചിറങ്ങി. പക്ഷ, കണ്ടെത്താനായില്ല. നേരം വൈകി വീട്ടിലെത്തിയ അവള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ലായിരുന്നു. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു, രക്തസ്രാവവും ഉണ്ടായിരുന്നു. ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല,” സഹോദരന് പറഞ്ഞു.
Read More: കോവിഡ് വ്യാപനം രൂക്ഷം; പൂനെയിൽ രാത്രി കർഫ്യു, മധ്യപ്രദേശിൽ ലോക്ക്ഡൗൺ
മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. “വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് മീററ്റിലെ ഗ്രാമത്തില്‍ പെണ്‍കുട്ടി മരിച്ചതായി വിവരം ലഭിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണം. പ്രധാന പ്രതിയുടെ പേരെഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. കൂട്ടബലാത്സംഗത്തിനും കൊലക്കുറ്റത്തിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു,” മീററ്റ് എസ്പി കേശവ് കുമാര്‍ പറഞ്ഞു.
പ്രതികള്‍ പെണ്‍കുട്ടിക്ക് വിഷം കൊടുത്ത് കൊന്നതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ആത്മഹത്യക്കുറിപ്പിലെ കൈയ്യക്ഷരം പെണ്‍കുട്ടിയുടേതാണെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി പറഞ്ഞു.