ലഖ്നൗ: കൂട്ടമാനഭംഗവും മൂന്ന് തവണ ആസിഡ് ആക്രമണവും അതിജീവിച്ച യുവതിക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ അലിഗഞ്ചിലാണ്​ യുവതിക്ക്​ നേരെ വീണ്ടും ആസിഡ്​ ആക്രമണമുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. യുവതിക്ക്​​ നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണി​തെന്ന് പൊലീസ്​ തന്നെയാണ് അറിയിച്ചത്. ഒമ്പത്​ വർഷങ്ങൾക്ക്​ മുമ്പാണ് യുവതി കൂട്ടമാനഭംഗത്തിന്​ ഇരയായത്.

മാർച്ച്​ 23ന്​ ഓടുന്ന ട്രെയിനിൽ വച്ച്​ യുവതിയെ കൊണ്ട്​ നിർബന്ധിച്ച്​ ആസിഡ്​ കുടിപ്പിച്ചിരുന്നു. അലഹബാദ്​-ലക്​നൗ എക്​സ്​പ്രസിലായിരുന്നു സംഭവം. ഇതെ തുടർന്ന്​ യോഗി ആദിത്യനാഥ്​ യുവതിയെ സന്ദർശിക്കുകയും ഒരു ലക്ഷം രൂപയുടെ സഹായം വാഗ്​ദാനം ചെയ്​തിരുന്നു.

തുടർച്ചയായ ആസിഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുവതിക്കു പൊലീസ് സുരക്ഷ ഏർപ്പെടുത്തിയ ശേഷമാണ് ഇത്തവണ വീണ്ടും ആക്രമണമുണ്ടായത്. ആസിഡ് വീണ് സാരമായി പരുക്കേറ്റ യുവതിയെ ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഹോസ്റ്റലിൽ താമസിക്കുന്ന യുവതി, വെള്ളമെടുക്കുന്നതിനായി താഴേക്ക് ഇറങ്ങിയപ്പോഴാണ് അജ്ഞാതൻ ആസിഡ് എറിഞ്ഞത്. ഹോസ്റ്റലിൽ ഏർപ്പെടുത്തിയിരുന്ന സായുധ സംരക്ഷണത്തിനു പുറമെ പൊലീസ് കാവലും തുടരുമ്പോഴായിരുന്നു സംഭവം. യുവതി അബോധാവസ്ഥയിലാണെന്നും അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും ലക്നൗ എഡിജിപി അഭയ് കുമാർ പ്രസാദ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ