scorecardresearch

കൂട്ടബലാത്സംഗക്കേസ്: ആന്‍ഡമാന്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍ അറസ്റ്റില്‍

മുന്‍കൂര്‍ ജാമ്യാപേക്ഷ പോര്‍ട്ട് ബ്ലെയര്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്

കൂട്ടബലാത്സംഗക്കേസ്: ആന്‍ഡമാന്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍ അറസ്റ്റില്‍

മുംബൈ: കൂട്ടബലാത്സംഗക്കേസില്‍ കുറ്റാരോപണം നേരിടുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ പോര്‍ട്ട് ബ്ലെയര്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നരേനെ ചോദ്യം ചെയ്യും. ഇന്ന് നരേനെ കോടതയില്‍ ഹാജരാക്കിയേക്കും.

വിഷയത്തില്‍ ജിതേന്ദ്ര നരേന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി അധികാരപരിധിയിലുള്ള കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് നരേന്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

”മുന്‍കൂര്‍ ജാമ്യത്തിനായി അധികാരപരിധിയിലുള്ള കോടതിയില്‍ അപേക്ഷ നല്‍കാന്‍ പ്രതിയോട് നിര്‍ദേശിച്ചാല്‍ നീതിയുടെ താല്‍പ്പര്യം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ ഘട്ടത്തില്‍ വിവാദത്തില്‍ ഏര്‍പ്പെട്ട് അത് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലൂടെ പ്രയോജനകരമായ ഒരു ലക്ഷ്യവും ലഭിക്കില്ല,” എന്നായിരുന്നു സുപ്രീം കോടതി തിങ്കളാഴ്ച പറഞ്ഞത്.

ജിതേന്ദ്ര നരേനെതിരായ ആരോപണം ഒക്‌ടോബര്‍ 15ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ 17 ന് അെദ്ദേഹത്തെ ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു.

ജിതേന്ദ്ര നരേന്റെ അറസ്റ്റ് ഒക്ടോബര്‍ 28 വരെ ഡല്‍ഹി ഹൈക്കോടതി 20-നു തടഞ്ഞിരുന്നു. കൂടുതല്‍ സമയം തേടി അദ്ദേഹം പിറ്റേദിവസം കല്‍ക്കട്ട ഹൈക്കോടതിയുടെ പോര്‍ട്ട് ബ്ലെയറിലെ സര്‍ക്യൂട്ട് ബഞ്ചിനെ സമീപിച്ചു. അടുത്ത സര്‍ക്യൂട്ട് ബെഞ്ച് നവംബര്‍ 14നു മാത്രമേ ആരംഭിക്കൂവെന്നും അപ്പോഴേക്കും അറസ്റ്റില്‍നിന്നുള്ള സംരക്ഷണം തീരും എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത്. ഇളവ് തുടര്‍ന്നുകൊണ്ടുള്ള ഉത്തരവ് ഒക്ടോബര്‍ 21നു പുറപ്പെടുവിച്ച സര്‍ക്യൂട്ട് ബെഞ്ച്, നരേനോട് പ്രത്യേക അന്വേഷണ സംഘത്തിനു (എസ് ഐ ടി) മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.

ഇതിനെ സുപ്രീം കോടതിയില്‍ എതിര്‍ത്ത ആന്‍ഡമാന്‍ ഭരണകൂടം, പ്രതികള്‍ പോര്‍ട്ട് ബ്ലെയറിലെ അധികാര പരിധിയുള്ള സെഷന്‍സ് കോടതിയെ സമീപിക്കുന്നതിനു പകരം ഡല്‍ഹി, കല്‍ക്കട്ട ഹൈക്കോടതികളെ സമീപിക്കുന്നതു നിയമപ്രക്രിയയുടെ ദുരുപയോഗത്തിന്റെ നഗ്‌നമായ ശ്രമമാണെന്ന വാദമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്നാണു ജിതേന്ദ്ര നരേനോട് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി അധികാര പരിധിയുള്ള സെഷന്‍സ് കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

സിആര്‍ പി സി 164-ാം വകുപ്പ് പ്രകാരം ഇര മജിസ്ട്രേറ്റിനു നല്‍കിയ മൊഴി സ്വതന്ത്ര സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നു ആന്‍ഡമാന്‍ ഭരണകൂടത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച ബോധിപ്പിച്ചിരുന്നു. പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിലെ കൂട്ടുപ്രതി പോര്‍ട്ട് ബ്ലെയറിലെ അധികാരപരിധിയിലുള്ള കോടതിയില്‍ സമീപിച്ചെങ്കിലും ഇളവ് നിഷേധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 14നാണു ബലാത്സംഗ ആരോപണമുയര്‍ന്നതെന്നും ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 18 വരെ നരേന്‍ ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നുവെന്നും ജിതേന്ദ്ര നരേനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gangrape case sessions court anticipatory bail plea andaman nicobar chief secretary