ന്യൂഡല്‍ഹി: ആന്‍ഡമാനില്‍ ഇരുപത്തിയൊന്നുകാരി കൂട്ടബലാത്സംഗത്തിനിരയായെന്ന കേസില്‍ സസ്‌പെന്‍ഷനിലായ ലേബര്‍ കമ്മിഷണര്‍ ആര്‍ എല്‍ റിഷി അറസ്റ്റില്‍. ഇയാളെ പോര്‍ട്ട് ബ്ലെയറില്‍വച്ച് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ പരാതിയില്‍ റിഷിക്കും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്‌നുമതെിരെ ഒക്‌ടോബര്‍ ഒന്നിനാണു പോര്‍ട്ട് ബ്ലെയറിലെ അബര്‍ദീന്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്.
സര്‍ക്കാര്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്താണു പീഡിപ്പിച്ചതെന്നാണു യുവതിയുടെ പരാതി. പോര്‍ട്ട് ബ്ലെയറിലെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ജിതേന്ദ്ര നരെയ്‌നെ ഈ മാസമാദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തില്‍ ജിതേന്ദ്ര നരേന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി അധികാരപരിധിയിലുള്ള കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് നരേന്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
റിഷിയും കേസിലെ മറ്റൊരു പ്രതിയായ ഹോട്ടല്‍ ഉടമ റിങ്കു എന്ന സന്ദീപ് സിങ്ങും എഫ് ഐ ആര്‍ ഫയല്‍ ചെയ്ത സമയം മുതല്‍ ഒളിവിലായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പോര്‍ട്ട് ബ്ലെയറിലെ കോടതി തള്ളിയിരുന്നു. ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
റിങ്കു കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. കർണാലിൽ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ക്യാബിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റിങ്കുവിനെ അറസ്റ്റ് ചെയ്തതെന്നാണു ഡൽഹി പൊലീസ് അറിയിച്ചത്. പോർട്ട് ബ്ലെയറിൽ നിന്ന് രക്ഷപ്പെട്ട റിങ്കു ഡൽഹി, കൊൽക്കത്ത, ധരിവാൾ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തനിക്കുനേരെ പോര്‍ട്ട് ബ്ലെയറിലെ ജിതേന്ദ്ര നരെയ്‌ന്റെ ഔദ്യോഗിക വസതിയില്‍വച്ച് ഏപ്രില്‍, മേയ് മാസങ്ങളില്‍ രാത്രിയില്‍ രണ്ടു തവണയുണ്ടായ ലൈംഗികാക്രമണത്തെക്കുറിച്ച് യുവതി പരാതിയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. തുടര്‍ന്നു ആന്‍ഡമാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തെളിവുകള്‍ രേഖരിക്കുകയും പ്രധാന സാക്ഷിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.