ലഖ്‌നൗ: വീണ്ടും പീഡിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനെതിരെ പരാതിപ്പെട്ട യുവതി ജീവനൊടുക്കി.  ബാഗ്‌പത് ജില്ലയിലെ കിർത്തൽ ഗ്രാമത്തിൽ നടന്ന സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചയായി.

ജൂലൈ അഞ്ചിനാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായത്. അഞ്ച് ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ പെൺകുട്ടിയെ ആറാം ദിവസം വഴിയിൽ ഉപേക്ഷിച്ചു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പൊലീസിലെത്തി പരാതി നൽകുകയായിരുന്നു.

എന്നാൽ പൊലീസ് കേസ് രജിസ്റ്റർ  ചെയ്യാൻ തയ്യാറായില്ല. ഇതിന് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പെൺകുട്ടിയും മാതാപിതാക്കളും പോയി കണ്ടു. പക്ഷെ പൊലീസ് എന്നിട്ടും നടപടി എടുക്കാൻ തയ്യാറായില്ല. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയെ പ്രതികൾ പൊതുമധ്യത്തിൽ തടഞ്ഞുനിർത്തി വീണ്ടും മാനഭംഗപ്പെടുത്തുമെന്നും അതല്ലെങ്കിൽ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ