മുംബൈ: അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ബോളിവുഡ് നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ യുവതിയുടെ പരാതി. മുംബൈയിലെ ഓഫീസ് സന്ദർശിക്കുമ്പോഴെല്ലാം അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ച് മുപ്പത്തി മൂന്നുകാരിയാണു ദേശീയ വനിതാ കമ്മിഷന് (എൻസിഡബ്ല്യു) പരാതി നൽകിയത്.

മുംബൈയിലെ അന്ധേരിയിൽ ഞായറാഴ്ച നടന്ന ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ (ഐഎഫ്‌ടിസിഎ) ചടങ്ങിനിടെ ഗണേഷ് ആചാര്യയും രണ്ട് സ്ത്രീകളും തന്നെ ആക്രമിച്ചതായി അസിസ്റ്റന്റ് കൊറിയോഗ്രാഫറായ യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ആചാര്യയെ കൂടാതെ ജയശ്രീ കെൽക്കർ, പ്രീതി ലാഡ് എന്നിവർക്കെതിരേയും യുവതി പരാതി നൽകിയതായി പൊലീസ് അറിയിച്ചു. പ്രതികരണം ലഭിക്കാൻ ആചാര്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി നൽകിയില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Read More: സർദാർപുര കലാപം: 17 പ്രതികൾക്കും ജാമ്യം; സാമൂഹ്യ പ്രവർത്തനം നടത്തണമെന്ന് ഉപാധി

ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യാൻ ഗണേഷ് ആചാര്യ പ്രതിഫലം ആവശ്യപ്പെടുന്നുവെന്ന് അംബോലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഐഎഫ്ടിസിഎ അംഗം കൂടിയായ യുവതി പരാതിയിൽ ആരോപിച്ചു.

ഐഎഫ്ടിസിഎ ജനറൽ സെക്രട്ടറി കൂടിയായ ഗണേഷ് ആചാര്യ തന്റെ അന്ധേരിയിലെ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ട് സ്ഥിരമായി യുവതിയെ ഫോൺ വിളിക്കുമായിരുന്നെന്ന് പൊലീസ് പറയുന്നു. ജനുവരി 26 ന് യുവതി ഐ‌എഫ്‌ടി‌സി‌എ ഓഫീസിലെത്തിയപ്പോൾ ആചാര്യ അവരോട് ആക്രോശിക്കുകയും സസ്‌പെൻഡ് ചെയ്തതായി അറിയിക്കുകയും ചെയ്തു.

താൻ ഐ‌എഫ്‌ടി‌സി‌എ അംഗമാണെന്ന് അറിയിച്ചോൾ തന്റെ ടീം അംഗം ജയശ്രീ കേൽക്കറിനോട് തന്നെ അടിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

“മറ്റുള്ളവർ കാൺകെ കേൽക്കറും പ്രീതി ലാഡും എന്നെ അടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭ്യമാണ്,” പരാതിയിൽ യുവതി പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook