ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്റ്റീറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ മുന്‍ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് (സിഡബ്ല്യുസി) തിരഞ്ഞെടുപ്പ് നടത്തണോ വേണ്ടയോ എന്ന് യോഗത്തിലായിരിക്കും തീരുമാനം.
എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഇന്ന് രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്.
ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരുടെ അസാന്നിധ്യം തിരഞ്ഞെടുപ്പിനെതിരായ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വഴിതെളിക്കുന്നതെന്ന് നേതൃത്വം പറയുന്നു.
കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ച് സിഡബ്ല്യുസിയില്‍ പാര്‍ട്ടി പ്രസിഡന്റ്, പാര്‍ലമെന്റിലെ നേതാവ്, മറ്റ് 23 അംഗങ്ങള്‍ എന്നിവരാണ് ഉള്ളത്. ഇതില്‍ 12 പേരെ എഐസിസി തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവരെ പാര്‍ട്ടി പ്രസിഡന്റ് നിയമിക്കുകയുമാണ്.
സീതാറാം കേസരിയുടെ നേതൃത്വത്തില്‍ 1997-ലാണ് സിഡബ്ല്യുസിയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്.