ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി 1947 ല്‍ ആര്‍എസ്എസ് ശാഖയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജന സമയത്താണ് ഗാന്ധിജി ശാഖയിലെത്തിയതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍എസ്എസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ശാഖയിലെത്തിയ ഗാന്ധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അച്ചടക്കത്തെ അഭിനന്ദിച്ചതായും മോഹന്‍ ഭാഗവത് പറയുന്നു. ശാഖകളിലെ പ്രഭാത പ്രാര്‍ഥനകളില്‍ ഗാന്ധിയെയും ഗാന്ധി മൂല്യങ്ങളെയും ആര്‍എസ്എസ് ഓര്‍മ്മിക്കുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു.
രാജ്യവിഭജന സമയത്താണ് ഗാന്ധി ഡല്‍ഹിയിലുള്ള ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചതെന്ന് മോഹന്‍ ഭാഗവത് പറയുന്നു. 1947 സെപ്റ്റംബര്‍ 27 പ്രസിദ്ധീകരിച്ച ‘ഹരിജന്‍’ ദിനപത്രത്തില്‍ ഇക്കാര്യം പറയുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു. സ്വയംസേവകരില്‍ ജാതി, വംശ വിവേചനങ്ങളുടെ ഭിന്നിപ്പുകളില്ലാത്തതിനെ ഗാന്ധി ഏറെ പ്രശംസിച്ചു. സ്വയംസേവകരുടെ അച്ചടക്കത്തെ ഗാന്ധി ഏറെ അഭിനന്ദിച്ചതായും മോഹന്‍ ഭാഗവത് പറഞ്ഞു.
Read Also: ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കോടിയേരി; പാലായില്‍ കണ്ടത് വോട്ട് കച്ചവടമെന്ന് ചെന്നിത്തല
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികമാണിന്ന്. അഹിംസയുടെ പാതയില്‍ രാജ്യത്തെ നയിച്ച, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ മുന്നില്‍ നിന്നു പോരാടിയ ആ മഹാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുകയാണ് ഇന്ന് രാജ്യം.
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്‌ഘട്ടിലെത്തി മഹാത്മയ്ക്ക് ആദരവര്‍പ്പിച്ചു. പുഷ്പാര്‍ച്ചയ്ക്ക് ശേഷം മോദി ഭജന്‍ സംഘത്തോടൊപ്പം അല്‍പ്പനേരം ഇരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് ആദരവ് അര്‍പ്പിച്ചു.
”മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഞങ്ങള്‍ മാനവികതയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സത്യമാകാന്‍ ഇനിയും പ്രയത്‌നിക്കും. പുതിയൊരു ലോകം കെട്ടിപ്പടുക്കും” എന്ന് മോദി ട്വീറ്റ് ചെയ്തു.