ജയ്‌പൂർ: സമകാലിക രാഷ്ട്രീയത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തി കുറച്ചുകൊണ്ടുവരാനാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നതെന്ന് ശശി തരൂര്‍ എംപി. ഗാന്ധി ഇപ്പോള്‍ കണ്ണട മാത്രമായി ചുരുങ്ങിയെന്ന് തരൂര്‍ പറഞ്ഞു. ജയ്‌പൂർ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക രാഷ്ട്രീയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും പ്രസക്തിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യവിഭജനത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഏതെങ്കിലും ആശയങ്ങളുടെയോ, ഭൂമിശാസ്ത്രത്തിന്റെയോ പേരിലല്ലായിരുന്നു ഈ വിഭജനം. മതമാണോ ദേശീയതയെ നിര്‍ണയിക്കേണ്ടത്? മുസ്‌ലിം വിശ്വാസമുള്ളവര്‍ പാക്കിസ്ഥാന്‍ രൂപീകരിച്ചു. എന്നാല്‍, ദേശീയതയെ നിര്‍ണയിക്കുന്നത് മതമല്ലെന്ന ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആശയങ്ങളില്‍ വിശ്വസിച്ച വലിയ വിഭാഗം മുസ്‌ലിങ്ങൾ ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. എല്ലാവരും അടങ്ങുന്ന ഒരു രാജ്യത്തിന്റെ, എല്ലാവര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തിന്റെ സൃഷ്ടിക്കായി നമ്മള്‍ പോരാടി. അതിനുവേണ്ടി ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കി,” ശശി തരൂര്‍ പറഞ്ഞു

Read Also: ഹർത്താൽ അങ്ങനെ ഓക്‌സ്‌ഫോർഡിലും; നിഘണ്ടുവിലിടം പിടിച്ച് 26 പുതിയ ഇന്ത്യൻ വാക്കുകൾ

“ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കടന്നുവരവോടെയാണ് ഭരണഘടനയോടുള്ള പുച്ഛം ആരംഭിക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഇന്ത്യ പിതൃഭൂമിയാണ്, പൂര്‍വ്വികരുടെ നാടാണ്, വിശുദ്ധ സ്ഥലമാണ് എന്നെല്ലാമാണ് സവര്‍ക്കര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ഭരണഘടനയെ പൂര്‍ണ്ണമായും തള്ളിയിരുന്നു. മതം ദേശീയതയെ നിര്‍വചിക്കുമെന്ന് വിശ്വസിച്ച് പാക്കിസ്ഥാന്‍ രൂപീകരിച്ച മുസ്‌ലിങ്ങളെ അവര്‍ അംഗീകരിച്ചു,”

“ഇന്ത്യ ഒരു ഭൂപ്രദേശമാണെന്നല്ല അത്തരക്കാര്‍ വിശ്വസിച്ചിരുന്നത്. ജനങ്ങള്‍ ഒന്നുചേര്‍ന്ന ഒരു സ്ഥലം മാത്രമാണ് അവര്‍ക്ക് ഇന്ത്യ. ആ ജനങ്ങള്‍ ഹിന്ദുക്കള്‍ മാത്രമാണെന്നും അവര്‍ വിശ്വസിച്ചു. ഹിന്ദു താല്‍പര്യങ്ങളേക്കാള്‍ മുസ് ലിം താല്‍പര്യങ്ങള്‍ക്ക് ഗാന്ധി കൂടുതല്‍ പ്രാധാന്യം നല്‍കിയെന്ന വിശ്വാസത്തെ തുടര്‍ന്നാണ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ വിതച്ച വിഭജന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷിയാണ് ഗാന്ധി. ഇപ്പോള്‍ വെറും ഒരു കണ്ണട മാത്രമായി ഗാന്ധി അവശേഷിച്ചതില്‍ അതിശയമില്ല.” ശശി തരൂര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook