ന്യൂഡല്‍ഹി: ഗാമ്പിയയില്‍ വൃക്ക വീക്കം (എകെഐ) കാരണം 70 കുട്ടികളുടെ മരണത്തില്‍ ഇന്ത്യയുടെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച നാല് മലിനമായ സിറപ്പുകളുടെ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗാമ്പിയ നാഷണല്‍ അസംബ്ലിയുടെ സെലക്ട് കമ്മിറ്റി. ഗാമ്പിയയിലേക്ക് ഇറക്കുമതി ചെയ്ത മലിനമായ സിറപ്പ് എകെഐയെ തുടര്‍ന്ന് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതായി യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഗാമ്പിയയിലേക്ക് ഇറക്കുമതി ചെയ്ത ഡിഇജി (ഡൈത്തിലീന്‍ ഗ്ലൈക്കോള്‍) അല്ലെങ്കില്‍ ഇജി (എഥിലീന്‍ ഗ്ലൈക്കോള്‍) എന്നിവയാല്‍ മലിനമായ മരുന്നുകള്‍ കുട്ടികളില്‍ ഈ എകെഐ ക്ലസ്റ്ററിലേക്ക് നയിച്ചതായി ഈ അന്വേഷണം ശക്തമായി സൂചിപ്പിക്കുന്നു,’ ഗാമ്പിയയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം സിഡിസി ശാസ്ത്രജ്ഞര്‍ ഇക്കാര്യം അന്വേഷിച്ചു. കുട്ടികളുടെ മെഡിക്കല്‍ രേഖകളും എകെഐ ബാധിച്ച് മരിച്ച ചിലരെ പരിചരിക്കുന്നവരുമായുള്ള അഭിമുഖവും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ശേഖരിച്ച വിവരങ്ങള്‍ക്ക് പുറമേ, മുമ്പ് ലോകാരോഗ്യ സംഘടന മുഖേനയുള്ള മരുന്നുകളുടെ പരിശോധനയും എകെഐ കേസുകളുടെ കാരണത്തെ പിന്തുണച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
ഈ മരുന്ന് കുട്ടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂ, കാരണം ഗാമ്പിയലെ കുട്ടികള്‍ക്കാണ് സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് സിഡിസി റിപ്പോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ജൂണ്‍ മുതല്‍ നവംബര്‍ വരെ ഗാമ്പിയയില്‍ 80 കുട്ടികള്‍ക്ക് എകെഐ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. അവരില്‍ 70 പേര്‍ മരിച്ചിരുന്നു.
കുട്ടികളുടെ മരണങ്ങള്‍ സിറപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന സിഡിസി റിപ്പോര്‍ട്ടിന്റെ നിഗമനം, 26 ആരോഗ്യ പരിചാരകരുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, കുട്ടികള്‍ കുറഞ്ഞത് ഒരു സിറപ്പ് അടിസ്ഥാനമാക്കിയുള്ള മരുന്നെങ്കിലും കഴിച്ചിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പന്ത്രണ്ട് കുട്ടികള്‍ നാലോ അതിലധികമോ മരുന്നുകള്‍ കഴിച്ചിരുന്നു.
26 പരിചരിക്കുന്നവരില്‍ 14 പേര്‍ക്ക് മാത്രമേ മരുന്നുകളുടെ പേരുകള്‍ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ, അവരില്‍ എട്ട് പേര്‍ മെയ്ഡന്റെ ഒരു സിറപ്പ് ഉപയോഗിച്ചതായി പറഞ്ഞു. സിഡിസിയുടെ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്ലി റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഗാംബിയയിലെ ഏക ടീച്ചിംഗ് ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു പീഡിയാട്രിക് നെഫ്രോളജിസ്റ്റ് എകെഐ കേസുകളുടെ വര്‍ദ്ധനവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിഷയത്തില്‍ സിഡിസി ഇടപെട്ടത്. ആശുപത്രികളിലുടനീളമുള്ള കേസുകള്‍ സജീവമായി പരിശോധിച്ച ശേഷം, സെപ്റ്റംബറോടെ 78 എണ്ണം കണ്ടെത്തി. ഇതില്‍ 66 അല്ലെങ്കില്‍ 85 ശതമാനം പേര്‍ മരിച്ചു. 75 ശതമാനം കേസുകളും 2 വയസ്സിന് താഴെയുള്ള കുട്ടികളിലും 80 ശതമാനം ആണ്‍കുട്ടികളുമാണ്. കഴിഞ്ഞ ഒക്ടോബറില്‍, ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന നാല് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആരോപണങ്ങള്‍ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിഷേധിച്ചിരന്നു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സോനെപത്തിലെ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. കുട്ടികളുടെ മരണങ്ങളും ഇന്ത്യന്‍ സിറപ്പുകളും തമ്മില്‍ കാര്യകാരണബന്ധം സ്ഥാപിക്കാന്‍ മതിയായ തെളിവുകള്‍ ഗാമ്പിയയോ ലോകാരോഗ്യ സംഘടനയോ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ വാദിച്ചു. സാമ്പിളുകള്‍ നിലവാരമുള്ളതാണെന്ന് ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററും കണ്ടെത്തിയിരുന്നു.