ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളെക്കുറിച്ച് ചോദ്യങ്ങളുയരുന്നതിനിടെ ഇക്കാര്യത്തിൽ മോദിക്കെതിരേ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മോദി “തന്റെ വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം” എന്നും “ചൈന അവരുടെ നിലപാടിനെ ന്യായീകരിക്കാനുള്ള അവസരമായി അവ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല” എന്നും മൻമോഹൻ സിങ് പറഞ്ഞു.
തെറ്റായ വിവരങ്ങൾ നയതന്ത്രത്തിനോ നിർണായകമായ നേതൃത്വത്തിനോ പകരം വയ്ക്കാനുള്ളതല്ലെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. “തെറ്റായ വിവരങ്ങൾ നയതന്ത്രത്തിനോ നിർണായക നേതൃത്വത്തിനോ പകരമാവില്ലെന്ന് ഞങ്ങൾ സർക്കാരിനെ ഓർമ്മിപ്പിക്കുന്നു. ആശ്വാസകരവും എന്നാൽ തെറ്റായതുമായ പ്രസ്താവനകൾ നടത്തുന്നതിലൂടെ സത്യം അടിച്ചമർത്താൻ കഴിയില്ല,” അദ്ദേഹം എഴുതി.
Read More: രാജ്യത്തിന്റെ ഭൂപരിധിയിലേക്ക് ചൈന കടന്നു കയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി
ചൈനീസ് സൈനികരൊന്നും ഇന്ത്യൻ പ്രദേശത്തേക്ക് കടന്നില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെത്തുടർന്നുള്ള വിവാദങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് മൻമോഹൻ സിങ്ങിന്റെ പുതിയ പരാമർശം. ചൈനീസ് സൈനികരൊന്നും ഈ പ്രദേശത്ത് പ്രവേശിച്ചില്ലെങ്കിൽ ഇന്ത്യൻ പക്ഷത്ത് എങ്ങനെ നാശനഷ്ടമുണ്ടാകും എന്ന് പ്രതിപക്ഷ നേതാക്കൾ ചോദ്യങ്ങളുയർത്തിയിരുന്നു.
മോദിയുടെ പരാമർശം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ വിശദീകരണവും പുറത്തുവന്നിരുന്നു. 20 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ജൂൺ 15ലെ സംഭവങ്ങൾക്കാണ് സർവ കക്ഷി യോഗത്തിൽ പ്രധാനമന്ത്രി പ്രാധാന്യം നൽകിയതെന്നും എന്നാൽ അതിന് തെറ്റായ വ്യാഖ്യാനങ്ങൾ ചമയ്ക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നുവെന്നുമാണ് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടത്.
Read More: സൈനികരുടെ സുരക്ഷാ ഉപകരണങ്ങൾക്ക് ചൈനീസ് അസംസ്കൃത വസ്തുക്കൾ; പുനഃപരിശോധന വേണമെന്ന് നീതി ആയോഗ് അംഗം
ഭാവിതലമുറ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവമായ ബോധ്യത്തോടെ ഭാവിയിലെ എല്ലാ നടപടികളും തീരുമാനങ്ങളും കൈക്കൊള്ളണമെന്നും മൻമോഹൻ സിങ് നേരത്തേ ഒരു പ്രസ്താവനയിൽ അഭിപ്രായപ്പെട്ടിരുന്നു. “ഗൗരവമേറിയ കടമയുടെ ഭാരം വഹിക്കുന്നവരാണ് നമ്മളെ നയിക്കുന്നവർ. നമ്മുടെ ജനാധിപത്യത്തിൽ ആ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ ഓഫീസിനാണ്. രാജ്യത്തിന്റെ ഭൂപരിധിയുമായി ബന്ധപ്പെട്ടും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളുടെയും പ്രഖ്യാപനങ്ങളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എപ്പോഴും ശ്രദ്ധാലുവായിരിക്കണം,” ലഡാക്കിൽ ചൈനയുമായുള്ള നിലപാട് സംബന്ധിച്ച പ്രസ്താവനയിൽ മൻമോഹൻസിങ്ങ് പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡത പ്രതിരോധിക്കുന്നതിനിടെ മരണം വരിച്ച സൈനികർക്ക് നീതി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മൻമോഹൻ സിങ് ആവശ്യപ്പെട്ടു. “അതിൽ കുറവ് എന്ത് ചെയ്താലും അത് ജനങ്ങളുടെ വിശ്വാസത്തിനെതിരായ ചരിത്രപരമായി ഒറ്റിക്കൊടുക്കലാവും,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൻമോഹൻ സിങ്ങിന്റെ പ്രസ്താവന വാചകക്കസറത്ത് മാത്രമാണെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ അഭിപ്രായപ്പെട്ടു. “മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ പ്രസ്താവന വെറും വാചകക്കസറത്ത് മാത്രമാണ്. കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനങ്ങളും ഇത്തരം പ്രസ്താവനകൾ വിശ്വസിക്കാൻ ഒരു ഇന്ത്യനെയും പ്രേരിപ്പിക്കില്ല. നമ്മുടെ സേനകളെ എപ്പോഴും ചോദ്യം ചെയ്യുകയും അവരെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന അതേ ഇന്ത്യൻ നാഷനൽ കോൺഗ്രസ് തന്നെയാണ് ഇതെന്ന് ഓർക്കുക,” നദ്ദ പറഞ്ഞു. പ്രധാനമന്ത്രി മോദിയെ ഇന്ത്യ പൂർണമായി വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും നദ്ദ പറഞ്ഞു.
Read More: ‘Disinformation is no substitute for diplomacy’: Manmohan Singh to PM Modi on Galwan clashes