വേളാങ്കണ്ണി: തമിഴ്‌നാട്ടില്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി പള്ളിയിലും പരിസരങ്ങളിലും കനത്ത നാശം. പള്ളിയോട് ചേര്‍ന്നുള്ള ക്രിസ്തുവിന്റെ രൂപം കാറ്റില്‍ കേടുപാടുകൾ സംഭവിച്ചു. ഒരുമാസം മുമ്പ് നിര്‍മ്മിച്ച രൂപം ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമാണ് ഇത്.

പള്ളിയുടെ സമീപത്തെ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. പളളിയോട് ചേര്‍ന്നുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂര പറന്നു പോവുകയും മരങ്ങള്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് വീഴുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ വാഹനഗതാഗതവും താറുമാറായി.

അതേസമയം, ‘ഗജ’ ചുഴലിക്കാറ്റിൽ മരണ സംഖ്യ 20 ആയതായാണ് റിപ്പോര്‍ട്ട്. 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. 81948 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 471 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

വൈകിട്ടോടെ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുകയും കേരള തീരത്തെത്തുകയും ചെയ്തു. ഇതോടെ ഇന്നും നാളേയും കേരളത്തില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ നാശ നഷ്ടങ്ങളില്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ദുഖം രേഖപ്പെടുത്തി. വേളാങ്കണ്ണി ദേവാലയത്തിലും നാശ നഷ്ടമുണ്ടായെന്നും പള്ളിയിലെ ടവറിന് മുകളിലുണ്ടായിരുന്ന കുരിശ് തകര്‍ന്നെന്നും ക്രിസ്തുവിന്റെ രൂപവും തകര്‍ന്നെന്നും കോണ്‍ഫറന്‍സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രദേശത്തുള്ളവരെ ദുരിതത്തില്‍ നിന്നും രക്ഷിക്കാന്‍ സഭയും പള്ളിയും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ദുരന്തത്തില്‍ ജാതി-മത ഭേദമന്യേ എല്ലാ വിധ ആളുകള്‍ക്കും ഐക്യദാര്‍ഢ്യമറിയിക്കുകയും അവര്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്നും കോണ്‍ഫറന്‍സ് അറിയിച്ചു.

തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും തീരദേശം വഴി രാത്രി 12.30നും 2.30നും ഇടയില്‍ കാറ്റ് കടന്നുപോയി. മണിക്കൂറില്‍ 100-120 കി.മി. വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. ഇതിനെ തുടര്‍ന്ന് നാഗപട്ടണത്തും പ്രദേശങ്ങളിലും കനത്ത മഴയുണ്ടായി. നാഗപട്ടണത്തെ വേദാരണ്യത്തും, തിരുവാരൂര്‍, പുതുക്കോട്ടെ ജില്ലകളിലും വീടുകളും കെട്ടിടങ്ങളും നശിച്ചു.

Read Also: തമിഴ്‌നാട് പിന്നിട്ട് ‘ഗജ’ കേരളത്തിലേക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കീച്ചന്‍കുപ്പം, അക്കരൈപേട്ടൈ, നാഗപട്ടണം എന്നിവിടങ്ങളില്‍ കടല്‍ കരയിലേയ്ക്ക് കയറി. നാഗപട്ടണം, കുഡല്ലൂര്‍, പുതുക്കോട്ടൈ, കരൈകാള്‍, തിരുവാരൂര്‍, ത്രിച്ചി ജില്ലകളില്‍ വൈദ്യുതി വിതരണം താറുമാറായി. ഇവിടെ കനത്ത മഴയാണ് രാത്രി ഉണ്ടായത്. ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാരയ്ക്കല്‍, പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. രാമേശ്വരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഹെൽപ്‌ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്, 1077, 1070 എന്നിവയാണ് ഹെൽപ്‌ലൈന്‍ നമ്പരുകള്‍. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ