/indian-express-malayalam/media/media_files/uploads/2023/02/ISRO-Gaganyaan.jpg)
കൊച്ചി: മനുഷ്യരെ വഹിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി നാവികസേനയുമായി ചേര്‍ന്ന് പരിശീലനം ആരംഭിച്ച് ഐ എസ് ആര്‍ ഒ. ബഹിരാകാശത്തുനിന്നു അന്തീരക്ഷത്തില്‍ തിരിച്ചെത്തിയശേഷം കടലില്‍വീഴുന്ന ക്രൂ മൊഡ്യൂള്‍ വീണ്ടെടുക്കുന്നതിനുള്ള പരിശീലനമാണ് ആരംഭിച്ചത്.
ക്രൂ അംഗങ്ങളെ എത്രയും വേഗം വീണ്ടെടുക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടിക്രമത്തിന് അന്തിമരൂപം നല്‍കുന്നതിനായി നിരവധി പരീക്ഷണങ്ങള്‍ നടത്തത്തേണ്ടതുണ്ട്. ആദ്യം പൂളിലും തുടര്‍ന്നു കടലിലും പരീക്ഷണം നടത്തും. നാവികസേനയുടെ കൊച്ചിയിലെ ജല അതിജീവന പരിശോധനാ കേന്ദ്രത്തില്‍ ചൊവ്വാഴ്ചയാണു പരീക്ഷണം ആരംഭിച്ചത്.
വ്യത്യസ്ത സമുദ്രാവസ്ഥകള്‍, പാരിസ്ഥിതിക സാഹചര്യങ്ങള്‍, പകലും രാത്രിയിലുമുള്ള സാഹചര്യങ്ങള്‍ എന്നിവ കൊച്ചിയിലെ കേന്ദ്രത്തില്‍ അനുകരിക്കാനാകും. വ്യത്യസ്ത കൃത്രിമസാഹചര്യങ്ങളിലും തകര്‍ച്ചയുടെ സാഹചര്യങ്ങളിലും ഫ്‌ളൈറ്റ് ക്രൂവിനു രക്ഷപ്പെടാനുള്ള പ്രായോഗിക പരിശീലനം പരീക്ഷണ വേളയില്‍ ലഭ്യമാക്കും.
വീണ്ടെടുക്കല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ ഈ പരീക്ഷണങ്ങള്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്ന് ഐ എസ് ആര്‍ ഒ പറഞ്ഞു. വീണ്ടെടുക്കല്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഏതെങ്കിലും വസ്തുക്കള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും പരിശീലന പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനും റിക്കവറി ടീമുകളില്‍ നിന്നും പരിശീലകരില്‍നിന്നും വിവരങ്ങള്‍ സ്വീകരിക്കുമെന്നും ഐ എസ് ആര്‍ ഒ പ്രസ്താവനയില്‍ പറഞ്ഞു.
പതിക്കുമ്പോള്‍ യഥാര്‍ത്ഥ ക്രൂ മൊഡ്യൂളിന്റെ പിണ്ഡം, ഗുരുത്വാകര്‍ഷണ കേന്ദ്രം, ബാഹ്യ ഘനം, ബാഹ്യ അവസ്ഥ എന്നിവ അനുകരിച്ച ഒരു ക്രൂ മൊഡ്യൂള്‍ വീണ്ടെടുക്കല്‍ മോഡല്‍ ഉപയോഗിച്ചാണു പരീക്ഷണങ്ങള്‍ നടത്തുന്നത്.
ഗഗന്‍യാന്‍ പേടകത്തിലെ യാത്രികര്‍ക്കു താമസിക്കാന്‍ കഴിയുന്ന ഭാഗമാണ് ക്രൂ മൊഡ്യൂള്‍. അതില്‍ ക്രൂ അംഗങ്ങള്‍ക്കു ആവശ്യമായ മര്‍ദവും ജീവന്‍രക്ഷാ സംവിധാനവുമുണ്ടാവും. എന്നാല്‍ ദൗത്യത്തില്‍ ക്രൂ മൊഡ്യൂളിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം, പവര്‍ സിസ്റ്റങ്ങള്‍, ഏവിയോണിക്‌സ് എന്നിവ അടങ്ങുന്ന സര്‍വീസ് മൊഡ്യൂള്‍ മര്‍ദമില്ലാത്ത ഘടനയായിരിക്കും.
ബഹിരാകാശ പേടകം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ഭൗമാന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കും. ത്രസ്റ്ററുകള്‍ ഉപയോഗിച്ച് വേഗത കുറച്ചശേഷമാണു കടലില്‍ പതിക്കുക. ബഹിരാകാശയാത്രികരെ അയയ്ക്കുന്ന യഥാര്‍ഥ ദൗത്യത്തിനു മുന്നോടിയായി രണ്ട് ആളില്ലാ പരീക്ഷണ വിക്ഷേപണം ഐ എസ് ആര്‍ ഒ നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.