ന്യൂഡല്‍ഹി: രാജ്യം ഏറെ കാത്തിരിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയിലെ നാല് വ്യോമസേന പൈലറ്റുമാര്‍ അതിശൈത്യ സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കി. ഇന്ത്യ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയിലെ സഞ്ചാരികളാകാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്‍ റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിലാണുള്ളത്.

ശൈത്യമേഖലയില്‍ ഇറങ്ങേണ്ടി വരുന്ന യാത്രികര്‍ക്കുള്ള അതിജീവന രീതി പരിശീലനം പൈലറ്റുമാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് ആറുവരെയാണ് ശൈത്യ അതിജീവന പരിശീലനം നടന്നത്. ഇത്തരമൊരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ തിയറിയും പ്രായോഗിക പരിശീലനവും ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ അതിജീവന പ്രായോഗിക പരീക്ഷയും വ്യോമസേനയുടെ പൈലറ്റുമാര്‍ക്കായി നടത്തി. പരിശീലകര്‍, ഡോക്ടര്‍മാര്‍, മനശാസ്ത്രജ്ഞര്‍, മറ്റ് സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ ടീമിലുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും പരിശീലനം നേടിയവര്‍ക്ക് ഉയര്‍ന്ന തലത്തിലെ പ്രചോദനവും കഴിവും ഉണ്ടായിരുന്നതായി കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നു.

Read Also: നിരീക്ഷണത്തിൽ 900 പേർ; ആ വെല്ലുവിളി പത്തനംതിട്ട മറികടന്നതെങ്ങനെ?

നല്ല കാലാവസ്ഥാ സാഹചര്യം പരിശീലനം നേടിയവര്‍ക്ക് ലഭിച്ചില്ലെന്നും പരിശീലന ദിവസങ്ങളില്‍ മഴയുണ്ടായിരുന്നതായും നനഞ്ഞ മഞ്ഞും മറ്റുമുണ്ടായിരുന്നതായി കേന്ദ്രം റിപ്പോര്‍ട്ടില്‍ പറയുന്നു. കഠിനമായ സാഹചര്യത്തിലും അവര്‍ എല്ലാ പരീക്ഷണങ്ങളും അതിജീവിച്ചു.

സുരക്ഷിതമായ സ്ഥലത്ത് ക്യാമ്പ് സംഘടിപ്പിക്കുക, രണ്ട് തരം ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുക, നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള റേഡിയോ സന്ദേശങ്ങള്‍ കൈമാറുക, പരിക്കേറ്റയാളെ ശുശ്രൂഷിക്കുക, ഒരു ഹെലികോപ്റ്ററില്‍ രക്ഷപ്പെടുക തുടങ്ങിയവയായിരുന്നു പരിശീലനത്തിന്റെ ഭാഗമായുണ്ടായിരുന്നത്.

ഫെബ്രുവരി 10-നാണ് നാല് ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ ബഹിരാകാഷ ദൗത്യങ്ങള്‍ക്കുവേണ്ടിയുള്ള അടിസ്ഥാന പരിശീലനം ആരംഭിച്ചത്.

ഒരു വര്‍ഷത്തെ പരിശീലനമാണ് അവര്‍ക്ക് ലഭിക്കുന്നത്. പൊതുവായ ബഹിരാകാശ യാത്രാ പരിശീലനമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റഷ്യന്‍ സംവിധാനങ്ങള്‍ക്ക് ഗഗന്‍യാനുമായി വ്യത്യാസമുണ്ട്. ഗഗന്‍യാനുമായി ബന്ധപ്പെട്ട പരിശീലനം ഇന്ത്യയില്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook