രാജ്യം കണ്ടതില്‍ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട എന്നാണ് ഗഡ്ചിറോലിയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ച് കേന്ദ്ര സാര്‍ക്കാരിന്റെ അവകാശവാദം. മാവോയിസ്റ്റുകള്‍ക്കെതിരായ ഓപറേഷന് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും ഗഡ്ചിറോലിയില്‍ മരണപ്പെട്ട നാല്പതില് ഇരുപത്തിയൊന്ന് മൃതദേഹങ്ങളും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഗഡ്ചിറോലി, ചന്ദ്രപൂര്‍, ഗോണ്ടിയ, ബ്രഹ്മപുരി എന്നിവിടങ്ങളിലായുള്ള നാല് മോര്ച്ചറികളിലായാണ് തിരിച്ചറിയാന്‍പോലും സാധിക്കാത്തവിധം അഴുകിയ ശരീരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഗഡ്ചിറോലിക്കടുത്തുള്ള ഗട്ടെപള്ളി ഗ്രാമത്തില്‍ നിന്നും കാണാതായ എട്ട് പേരെ കുറിച്ചുമുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരങ്ങളായേക്കാവുന്നത് കൂടിയാണ് ഈ ശരീരങ്ങള്‍.
സൂക്ഷിച്ചുവച്ചിരിക്കുന്നവയില് നിന്നും തിരിച്ചറിഞ്ഞതായ പത്തൊമ്പത് പേരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ സ്വന്തക്കാര് ആരും തന്നെ എത്തിയിട്ടുമില്ല.
ഗഡ്ചിറോലിക്കടുത്തുള്ള ഗട്ടെപള്ളിയിലെ എട്ടുപേരെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായിരിക്കുന്നത്. ഇവരിൽ പതിനഞ്ച് വയസ് മുതല്‍ 39 വയസ് വരെയുള്ളവര്‍ ഉള്‍പ്പെടുന്നു. ഇവരുടെ ശരീരങ്ങള്ക്കായുള്ള തിരച്ചിലില്‍ ഇപ്പോഴും പൊലീസ് മോര്‍ച്ചറികള്‍ കയറി ഇറങ്ങികൊണ്ടിരിക്കുകയാണ് ബന്ധുക്കള്‍. കാണാതായവരിലെ ഭുജ്ജ് ഉസേണ്ടി എന്ന പെണ്‍കുട്ടിയുടേതിന് സമാനമായൊരു മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തിയതോടുകൂടി അവരിലെ ഭയവും ഇരട്ടിച്ചിട്ടുണ്ട്. സംശയങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ ഡിഎന്‍എ പരിശോധന ഫലം വരുന്നത് വരെ കാത്തിരിക്കുകയാണ് ഇവർ. പ്രദേശത്തെ എട്ടുപേരെ കാണാതായതായുള്ള പരാതിയെ തുടര്‍ന്നാണ് മോര്ച്ചറിയിലുള്ളവരുടെയെല്ലാം ഡിഎന്‍എ പരിശോധന നടത്തണം എന്ന് സര്‍ക്കാര്‍ ഉത്തരവിടുന്നത്.
മാവോയിസ്റ്റുകളില്‍ നിന്നും അധികാരികളില്‍ നിന്നും ഒരുപോലെ നേരിടുന്ന സമ്മർദം അവരെ എല്ലാവരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
” ഡിഎന്‍എ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ് ഞങ്ങളിപ്പോള്‍. ഡിഎന്‍എ ടെസ്റ്റ് ഫലം വന്നാല്‍ മാത്രമാകും കാണാതായ നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരും (ഭുജ്ജി ഒഴികെ) മാവോയിസ്റ്റ് ഓപ്പറേഷനില്‍ മരിച്ചോ എന്ന് ഉറപ്പിച്ച് പറയാനാകുക. ഡിഎന്‍എ ഫലം വരന് കുറച്ച് കാലമെടുക്കും,” ഗഡ്ചിറോലി പൊലീസ് എസ്പി അശോക് ദേശ്മുഖ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഭുജ്ജ് ഉസേണ്ടി, നുസ്സെ മാധവി, അനിതാ ഗാവ്ഡെ, രണ്ട് രാസോ മാധവി, മംഗേഷ് ആത്രം, മംഗേഷ് മാധവി, ഇര്പാ മാധവി എന്നിവരാണ് ഏപ്രില്‍ 21നു വൈകീട്ട് എഴുമണിയോട് ബാഗുമായി ഗട്ടെപള്ളിയില് നിന്നും പുറപ്പെട്ട് പോയത് എന്നാണു ഗ്രാമവാസികള്‍ പറയുന്നത്. “കസ്നാസൂരിലെ സോമാ മാധവിയുടെ വിവാഹത്തിന് പോകുന്നു എന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്” നാട്ടുകാരനായ ഒരാള്‍ പറഞ്ഞു.

അടുത്ത ദിവസം പുലർച്ചയ്ക്കാണ് ഭംരാഗഡ് തെഹ്സിലിലെ കസ്നാസൂര് ഗ്രാമത്തിനടുത്ത് വച്ച് ഗഡ്ചിറോലി പൊലീസ് 34പേരെ വെടിവച്ചു കൊല്ലുന്നത്. ഗട്ടെപള്ളിയില് നിന്നും കസ്നാസൂരിലേക്കുള്ളത് 23 കിലോമീറ്റര്‍ ദൂരമാണ്. കാടുവഴി പോകുന്നത് എങ്കില്‍ ഇവിടെ എത്താന്‍ പതിനഞ്ച് കിലോമീറ്ററാണ് കാല്‍നടയായി സഞ്ചരിക്കേണ്ടത്. ഗട്ടെപള്ളിയില് നിന്നും കസ്നാസൂരിലേക്ക് അവര്‍ എട്ടുപേരും കാല്‍നടയായാണ് പോയത് എന്ന് ഗ്രാമവാസികള്‍ പറയുന്നു. അന്നേ ദിവസം തന്നെയാണ് ആഹേരി തെഹ്സിലിലെ രാജാറാം ഖന്ല ഗ്രാമത്തില്‍ നടന്ന പൊലീസ് വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്ന ആറുപേരും വധിക്കപ്പെടുന്നത്. ഗട്ടെപ്പള്ളിയില് നിന്നും കസ്നാസൂരിലെ വിവാഹത്തിന് പങ്കെടുക്കാന്‍ ചെന്ന എട്ടുപേരും അവിടെ എത്തിച്ചേര്‍ന്നിട്ടില്ല എന്ന് മാത്രമല്ല, അവര്‍ മരിച്ചതായുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നിട്ടും അവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനായി പോലും ഗ്രാമവാസികളായ ആരും തന്നെ പോയില്ല.
“ഏപ്രില്‍ 22നു രാവിലെ 11 മണിക്കായിരുന്നു വിവാഹം. വിവാഹത്തിന്റെ തലേന്ന് രാത്രി ഞങ്ങള്‍ ആദിവാസികള്‍ സംഘമായി നൃത്തം ചെയ്യാറുണ്ട്. പത്ത്- പന്ത്രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടിയൊക്കെയാണ് ഇതില്‍ പങ്കെടുക്കുന്നതിനായി ആളുകള്‍ എത്തിച്ചേരാറുള്ളത്. പ്രത്യേക ക്ഷണമൊന്നുമില്ലാതെയാണ് ആ പരിപാടി. വിവാഹത്തിന് പങ്കെടുക്കുന്നത് ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ്. ഗട്ടെപള്ളിയിലെ എട്ടുപേരും വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. പക്ഷേ തലേന്ന് രാത്രിയുണ്ടായിരുന്ന നൃത്തത്തില്‍ ആരൊക്കെ പങ്കെടുത്തു എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു ഉറപ്പും പറയാനാകില്ല” പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച കസ്നാസൂരിലെ ഒരാള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗട്ടെപള്ളിയില് നിന്നും എത്തിയ മറ്റ് രണ്ടുപേരായ ഗോംഗ്ലു ഗാവ്ഡെയും തുളസിബായിയും ഈ എട്ടുപേരില്‍ ആരെയും തന്നെ അവിടെ കണ്ടിട്ടില്ല എന്നാണ് സ്ഥിരീകരിക്കുന്നത്.
സിപിഐ (മാവോയിസ്റ്റ്) നേതാവായ ‘സായിനാഥ്’ എന്ന് അറിയപ്പെടുന്ന ഡോംലേഷ് അത്രമിന്റെ കൂടെയാണ് ഏപ്രില്‍21ന് ഗട്ടെപള്ളിയില് നിന്നുമുള്ളവര്‍ വീടുവിട്ടിറങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. ഗട്ടെപള്ളി സ്വദേശിയായ സായിനാഥ് സംഘടനയുടെ ഡിവിഷന് കമ്മിറ്റി അംഗമാണ്. ഒരു കുടുംബമടക്കമുള്ള ഈ എട്ടുപേരുടെയും ഉദ്ദേശം മാവോയിസ്റ്റുകളുമായി സഖ്യം ചേരലായിരുന്നു എന്നും പൊലീസ് പറഞ്ഞു. സായിനാഥ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
എന്തിരുന്നാലും ധാരാളം ചോദ്യങ്ങള്‍ നിറഞ്ഞതാണ് പൊലീസിന്റെ അവകാശവാദങ്ങള്‍. സായിനാഥിന് പുറമേ ഒരേയൊരാള്‍, ഒരു സ്ത്രീ മാത്രമാണ് ഗട്ടെപള്ളി ഗ്രാമത്തില്‍ നിന്നും മാവോയിസ്റ്റുകളുടെ കൂടെ ചേര്‍ന്നത് എന്നാണ് പൊലീസ് രേഖകളില്‍ നിന്ന് തന്നെ വ്യക്തമാകുന്നത്. സായിനാഥ് തങ്ങളെ മാവോയിസ്റ്റ് പാളയത്തിലേക്ക് എത്തിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല എന്ന് ഗ്രാമവാസികളും പറയുന്നു.
“എന്റെ മകള്‍ അവരുടെ കൂടെ പോയത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞാണ്. അവള് തിരിച്ചെത്താതായതോട് കൂടി ഞാന്‍ ആകെ ആശങ്കാകുലനാണ്. സായിനാഥിന്റെ കൂടെ മാവോയിസ്റ്റ് ആവാന്‍ ചെന്നതാണ് അവള് എന്ന് എനിക്ക് ഒരിക്കലും തോന്നുന്നില്ല.” ഭുജ്ജിയുടെ അച്ഛന് കര്‍വേ പറഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കാര്യങ്ങള്‍ വിലയിരുത്താനാകൂ എന്നാണ് പൊലീസ് എസ്പി ദേശ്മുഖ് പറഞ്ഞത്. “അവര്‍ എട്ടുപേര്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഇറങ്ങുകയും കസ്നാസൂരില് എത്താതിരിക്കുകയും ചെയ്തു എങ്കില്‍ ഇത് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനാകുക. തന്റെ മേല്‍ ഘടകങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദം കാരണം സായിനാഥ് അവരെയെല്ലാം മാവോയിസ്റ്റ് പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. കസ്നാസൂരിനടുത്തുള്ള ക്യാമ്പിലേക്ക് അവരെ കൊണ്ടുപോവുകയും അവിടെ വച്ച് അവര്‍ കൊല്ലുപ്പെടുകയും ചെയ്തു” എസ്പി പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം ഏറ്റുമുട്ടലിന്റെ സമയത്ത് ക്ഷീണിതരായിരുന്നു എന്നാണ് പൊലീസ് ഓഫീസര്‍ പറഞ്ഞത്. അത് തെളിയിക്കുവാനുള്ള വീഡിയോഗ്രാഫുകളും ഫൊട്ടോഫ്രാഫുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. “ആവശ്യമെങ്കില്‍ ഞങ്ങളത് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിക്കും.” പൊലീസ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
“രക്ഷിതാക്കള്‍ പറഞ്ഞത് അനുസരിച്ചാണ് എങ്കില്‍ മനസിലാക്കാന്‍ സാധിക്കുന്നത് അവര്‍ എട്ടുപേരും പൊലീസ് വെടിവയ്പില്‍ മരിച്ചു എന്ന് തന്നെയാണ്” ഭമ്രഗാഡ് ജില്ലാ പരിഷത്തിലെ സ്വതന്ത്രാംഗവും ആദിവാസി നേതാവുമായ ലല്‍സു നഗോട്ടി പറഞ്ഞു.
എന്നാല്‍ സായിനാഥോ മാവോയിസ്റ്റുകള്‍ എന്ന് പറയുന്ന കൊല്ലപ്പെട്ട മറ്റുള്ളവരോ ഒന്നും തന്നെ കസ്നാസൂരിലെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല എന്നാണ് ഗ്രാമവാസികള്‍ ഉറപ്പിച്ചു പറയുന്നത്. കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനായി വിവാഹ സല്‍ക്കാരത്തിന് നല്കിയ ഭക്ഷണത്തില്‍ പൊലീസ് വിഷം കലര്‍ത്തിയെന്നും അത് മാവോയിസ്റ്റ് പക്ഷത്തെ ക്ഷീണിതരാക്കി എന്നുമുള്ള ഊഹങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് നാട്ടുകാരുടെ ഈ വാദം. ഏറ്റുമുട്ടലാണ് നടന്നത് എന്ന് പറയുമ്പോള്‍ ഒരു പൊലീസുകാരന് പോലും പരുക്ക് പറ്റിയിട്ടുമില്ല.
“ഏപ്രില്‍ 21ന് മാവോയിസ്റ്റുകളായ ഗ്രാമത്തിലേക്ക് രണ്ടുപേര്‍ അരി വാങ്ങിക്കുന്നതിനായി വന്നിരുന്നു.” അരി നല്‍കാറുണ്ട്, പാചകം ചെയ്ത് നല്‍കാറില്ല. മാവോയിസ്റ്റുകള്‍ സ്വയം പാചകം ചെയ്ത് കഴിക്കാറാണ് പതിവ് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് കസ്നാസൂര് ഗ്രാമവാസികളില്‍ ഒരാള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇന്ദ്രാവതി നദിയുടെ നടുക്കുള്ള മാവോയിസ്റ്റ് ക്യാമ്പിലേക്ക് എലീറ്റ് സി-60 കമാന്‍ഡോകള്‍ 12-13 ഗ്രനേഡുകള്‍ പ്രയോഗിച്ചു എന്നാണ് പൊലീസ് ഭാഷ്യം.
“സാധാരണ ഗതിയില്‍ ആരുടെയൊക്കെ പോസ്റ്റ്മോര്‍ട്ടം നടത്തണം ആരുടെയൊക്കെ ആന്തരാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണം എന്നത് ഡോക്ടറുടെ വിശേഷാധികാരമാണ്. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ ഓരോരുത്തരുടെയും ആന്തരികാവയവങ്ങളുടെ പരിശോധനയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.” മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് എസ്പി പറഞ്ഞു.