ശ്രീനഗര്‍: വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുടെ മധ്യത്തില്‍ മൂന്നാമത് ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റ് ഇന്ന് ശ്രീനഗറില്‍ ആരംഭിക്കും. മൂന്ന് ദിവസത്തെ യോഗത്തില്‍ മുന്‍ യോഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദേശ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജി 20 ചീഫ് കോര്‍ഡിനേറ്റര്‍ ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ല പറഞ്ഞു.
എല്ലാ ജി20 അംഗരാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കില്ലെങ്കിലും കുറഞ്ഞത് 60 വിദേശ പ്രതിനിധികളെങ്കിലും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കുന്ന അംഗരാജ്യങ്ങളില്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ് ഉള്‍പ്പെടുന്ന വലിയ സംഘമാണ് സിംഗപ്പൂരില്‍ നിന്നുള്ളത്. ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ മുസ്തഫിസുര്‍ റഹ്മാന്‍, ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ-ബോക്ക് എന്നിവരും അടുത്ത മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും.
നിങ്ങള്‍ക്ക് ഇന്ത്യയില്‍ വിനോദസഞ്ചാരത്തെക്കുറിച്ച് അറിയണമെങ്കില്‍ അത് ശ്രീനഗറില്‍ ചെയ്യണം. വേറെ ഒരു ഒപ്ഷനും ഇല്ല. ശ്രീനഗറില്‍ യോഗം ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ല പറഞ്ഞു. 2019ല്‍ കേന്ദ്രഭരണ പ്രദേശമായതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര പരിപാടിയാണിത്. ആദ്യ ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഗുജറാത്തിലും രണ്ടാമത്തേത് പശ്ചിമ ബംഗാളിലും നടന്നു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക സ്വത്വം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും യോഗത്തിലൂടെ ലക്ഷ്യമിടുന്നതായി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ല പറഞ്ഞു.
അതേസമയം, ജി20 യോഗത്തിന് ശ്രീനഗറില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ശക്തമാക്കിയ സിസിടിവി നിരീക്ഷണം, ഡ്രോണ്‍ വിരുദ്ധ സംവിധാനം, എലൈറ്റ് എന്‍എസ്ജി, എലൈറ്റ് മറൈന്‍ കമാന്‍ഡോകളുടെ വിന്യാസം, പ്രധാന റോഡുകളില്‍ സാധാരണക്കാരുടെ സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ കാരണങ്ങളാല്‍ ജമ്മു കശ്മീര്‍ ഭരണകൂടം ഗുല്‍മാര്‍ഗിനെ യാത്രാ പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. ക്രമസമാധാനം തകര്‍ക്കാനുള്ള തീവ്രവാദ ശ്രമങ്ങള്‍ തടയാന്‍ താഴ്‌വരയില്‍ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.