scorecardresearch

ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട്: മൻമോഹൻ സിങ്

സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുത്ത ഭരണഘടനാ മൂല്യങ്ങളുള്ള സമാധാനപരമായ വലിയ ജനാധിപത്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് ആഗോളതലത്തിൽ വലിയ ബഹുമാനം ലഭിക്കുന്നു മൻമോഹൻ സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുത്ത ഭരണഘടനാ മൂല്യങ്ങളുള്ള സമാധാനപരമായ വലിയ ജനാധിപത്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് ആഗോളതലത്തിൽ വലിയ ബഹുമാനം ലഭിക്കുന്നു മൻമോഹൻ സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

author-image
Manoj C G
New Update
manmohan singh|interview|ie malayalam

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ലോകത്തെ പിടിച്ചു കുലുക്കിയ 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നേതാക്കളുടെ ഉച്ചകോടി എന്ന നിലയിൽ ജി20 നിലവിൽ വന്നത്

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പുതിയ ലോകക്രമത്തിന്റെ "നയിക്കുന്നതിൽ" ഇന്ത്യയ്ക്ക് "നിർണ്ണായക പങ്കുണ്ട്". "സമാധാനത്തിനായി അഭ്യർത്ഥിക്കുന്നതോടൊപ്പം പരമാധികാരവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾ മുൻനിർത്തി ശരിയായ കാര്യം ചെയ്തു," മുൻ പ്രധാനമന്ത്രി മന്ത്രി മൻമോഹൻ സിങ് പറഞ്ഞു.

Advertisment

"ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ കൂടുതൽ ശുഭാപ്തിവിശ്വാസമാണ് ഉള്ളത്" എന്നാൽ "ഇന്ത്യ ഒരു യോജിപ്പുള്ള സമൂഹമായി നിലകൊള്ളുന്നു" എന്നതാണ് ശുഭാപ്തിവിശ്വാസം. ശനിയാഴ്ച ആരംഭിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മൻമോഹൻ സിങ് കാഴ്ചപ്പാട് വ്യക്തമാക്കിയത്.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ലോകത്തെ പിടിച്ചു കുലുക്കിയ 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നേതാക്കളുടെ ഉച്ചകോടി എന്ന നിലയിൽ ജി20 നിലവിൽ വന്നത്. "നയതന്ത്രവും വിദേശനയവും പാർട്ടിക്കോ വ്യക്തിപരമായ രാഷ്ട്രീയത്തിനോ വേണ്ടി" ഉപയോഗിക്കുന്നതിൽ "സംയമനം വേണ്ടതുണ്ട്" എന്ന ജാഗ്രതയും അദേഹം മുന്നോട്ട് വച്ചു.

ശനിയാഴ്ച ആരംഭിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു; താങ്കൾ ഒരു ദശാബ്ദക്കാലം (2004-14) ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ കാലയളവിൽ നിരവധി ജി20 ഉച്ചകോടികളുടെ ഭാഗമായിരുന്നു. ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശനയത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ രൂപപ്പെടുന്ന പങ്കിനെ താങ്കൾ എങ്ങനെ കാണുന്നു?

Advertisment

മൻമോഹൻ സിങ്: ജി20 യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ റൊട്ടേഷൻ അവസരം എന്റെ ജീവിതകാലത്ത് വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ജി20 ഉച്ചകോടിക്ക് ഇന്ത്യ ലോക നേതാക്കളെ ആതിഥേയത്വം വഹിക്കുന്നതിന് ഞാൻ സാക്ഷിയാണ്. വിദേശനയം എക്കാലവും ഇന്ത്യയുടെ ഭരണചട്ടക്കൂടിന്റെ ഒരു പ്രധാന ഘടകമാണ്, എന്നാൽ ആഭ്യന്തര രാഷ്ട്രീയത്തിന് മുമ്പത്തേതിനേക്കാൾ ഇന്ന് അത് കൂടുതൽ പ്രസക്തവും പ്രാധാന്യമർഹിക്കുന്നതും ആയിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതാണ് ശരി. ആഭ്യന്തര രാഷ്ട്രീയത്തിൽ ലോകത്തിൽ ഇന്ത്യയുടെ നില ഒരു വിഷയമാകുന്നതാണെങ്കിലും, നയതന്ത്രവും വിദേശനയവും പാർട്ടിക്കോ വ്യക്തിഗത രാഷ്ട്രീയത്തിനോ വേണ്ടി ഉപയോഗിക്കുന്നതിൽ സംയമനം പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.

ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനത്തെയും നിലവിലെ - മാറിക്കൊണ്ടിരിക്കുന്ന - ലോക ക്രമത്തിൽ അതിന്റെ പങ്കിനെയും താങ്കൾ ഇപ്പോൾ എങ്ങനെ കാണുന്നു?

അന്താരാഷ്ട്ര ക്രമം ഇപ്പോൾ വളരെ വ്യത്യസ്തമാണ്. പ്രത്യേകിച്ചും റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനും പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള ജിയോ പൊളിറ്റിക്കലായ അഭിപ്രായ ഭിന്നതയ്ക്ക് ശേഷം. ഈ പുതിയ ലോകക്രമത്തെ നയിക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ട്. സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുത്ത ഭരണഘടനാ മൂല്യങ്ങളുള്ള സമാധാനപരമായ വലിയ ജനാധിപത്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് ആഗോളതലത്തിൽ വലിയ ബഹുമാനം ലഭിക്കുന്നു.

ലോകം 2008ൽ നേരിട്ട ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്നാണ് അതുവരെയുണ്ടായിരുന്ന മന്ത്രിതല കൂടിയാലോചനകൾ ഭരണത്തലവന്മാരുടെ ഉച്ചക്കോടി എന്ന ആശയവുമായി ജി20 രൂപപ്പെട്ടത്. അതിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും നിരവധി ഉയർച്ച താഴ്ചകൾ കണ്ടു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ മുമ്പിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്, ഈ ഘട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം എങ്ങനെ?

2005 മുതൽ 2015 വരെയുള്ള ദശകത്തിൽ ഇന്ത്യയുടെ വിദേശ വ്യാപാരം അതിന്റെ ജിഡിപിയുടെ വിഹിതത്തിന്റെ ഇരട്ടിയായി. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ ഇഴുകി ചേർന്നിരിക്കുന്നു എന്നാണ് ഇതിനർത്ഥം. 2008-ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, നയപരമായ പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിലും ആഗോള സാമ്പത്തിക സുരക്ഷാ ശക്തിപ്പെടുത്തുന്നതിലും സർക്കാരുകൾ തമ്മിലുള്ള ഏകോപന പ്രക്രിയ ആരംഭിക്കുന്നതിലും ജി20 വളരെ നന്നായി പ്രവർത്തിച്ചു.

നിലവിൽ, ഡീ ഗ്ലോബലൈസേഷനെ കുറിച്ചും പുതിയ തരത്തിലുള്ള വ്യാപാര നിയന്ത്രണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇവ നിലവിലുള്ള ക്രമത്തെ തടസ്സപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയ്ക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും. സംഘർഷങ്ങളിൽ വീഴാതിരിക്കുകയും രാജ്യങ്ങളിലും പ്രദേശങ്ങളിലുടനീളമുള്ള വ്യാപാര ബന്ധങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നത് ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് ഗുണകരമാകും.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ജി20 രാജ്യങ്ങൾക്കു മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്? റഷ്യയുമായും പാശ്ചാത്യരാജ്യങ്ങളുമായും ഉള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ ന്യൂഡൽഹി വൈദഗദ്ധ്യത്തെ എങ്ങനെ വിലയിരുത്തുന്നു?

രണ്ടോ അതിലധികമോ ശക്തികൾ ഒരു സംഘർഷത്തിൽ ഉൾപ്പെടുമ്പോൾ, ഏതെങ്കിലുമൊരു പക്ഷം പിടിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതോടൊപ്പം നമ്മുടെ പരമാധികാരവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുന്നതിൽ ഇന്ത്യ ശരിയായ സമീപനം സ്വീകരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. കാലാവസ്ഥ, അസമത്വം, ആഗോള വ്യാപാരം എന്നിവയുടെ വെല്ലുവിളികളെ നേരിടുന്നതിന് നയ ഏകോപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ജി20യ്ക്ക് പ്രധാനമാണ്.

ഇന്ത്യയും ചൈനയും ജി20ലും ബ്രിക്സിലും അംഗങ്ങളാണ്. എന്നാൽ ലൈൻ ഓഫ് ആക്ച്ച്വൽ കൺട്രോളി (എൽ എ സി)ലെ പിരിമുറുക്കം പരിഹരിക്കപ്പെടുന്നില്ല. മുൻ പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യ-ചൈന ബന്ധത്തെ എങ്ങനെ കാണുന്നു? സർക്കാരിനുള്ള താങ്കളുടെ ഉപദേശം എന്താണ്?

സങ്കീർണ്ണമായ നയതന്ത്ര കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ശരിയല്ല. ജി20 ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തീരുമാനിച്ചത് നിർഭാഗ്യകരമാണ്. ഇന്ത്യയുടെ പ്രാദേശികവും പരമാധികാരവുമായ അഖണ്ഡത സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പ്രധാനമന്ത്രി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

താങ്കൾ പ്രധാനമന്ത്രിയായിരിക്കെയാണ് ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. ഇപ്പോൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇന്ത്യ ബഹിരാകാശ പേടകം ഇറക്കിയിരിക്കുകയാണ്. ചന്ദ്രയാൻ പ്രോഗ്രാമിനെയും അതിന്റെ വിജയത്തെയും എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇന്ത്യയുടെ ശാസ്ത്ര സ്ഥാപനം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്നത് അഭിമാനകരമാണ്. സമൂഹത്തിൽ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനുമായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഞങ്ങൾ നടത്തിയ പരിശ്രമങ്ങൾ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുകയും നമ്മളെല്ലാം അഭിമാനിക്കുകയും ചെയ്തു. 2008-ൽ വിക്ഷേപിച്ച ചന്ദ്രയാൻ ദൗത്യം ഇപ്പോൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിയതോടെ പുതിയ ഉയരങ്ങളിൽ എത്തിയതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു. ഐഎസ്ആർഒയിലെ എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ് - ഇടത്തരം കാലയളവിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണ്ണായകമായ പരിഷ്‌കാരങ്ങൾ എന്തൊക്കെയാണ്? അവ എങ്ങനെ ക്രമപ്പെടുത്തും? അടുത്ത ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. താങ്കൾ ഇതിനെ എങ്ങനെ കാണുന്നു?

മൻമോഹൻ സിങ്: കഴിഞ്ഞ വർഷം 'ഹിന്ദു' ദിനപത്രത്തിൽ ഞാൻ എഴുതിയ ഒരു ലേഖനത്തിൽ, മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ ഇന്ത്യ ഒരു അതുല്യമായ സാമ്പത്തിക അവസരത്തിന്റെ കിഴുക്കാന്തൂക്ക് പോലൊരു ഇടത്തിലാണ് നിൽക്കുന്നതെന്ന് പറഞ്ഞിരുന്നു. വലിയ വിപണിയും സമൃദ്ധമായ മനുഷ്യ-പ്രകൃതിവിഭവങ്ങളുമുള്ള സമാധാനപരമായ ജനാധിപത്യരാജ്യമെന്ന നിലയിൽ, സേവനങ്ങൾക്കൊപ്പം ഉൽപ്പാദനത്തിലും ഊന്നൽ നൽകുന്നതിലൂടെ, വരും ദശകങ്ങളിൽ ലോകത്തിലെ സാമ്പത്തിക ശക്തിയായി ഇന്ത്യയ്ക്ക് ഉയരാൻ കഴിയും. ലോകം പരിസ്ഥിതി സൗഹൃദ വികസന മാതൃകയിലേക്ക് മാറുമ്പോൾ, ഗ്രീൻ മൊബിലിറ്റി, ധാതുക്കൾ, പ്രകൃതി സൗഹൃദ സാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ വഴികൾ തുറക്കുന്നു, ആ അവസരം നേട്ടമാക്കി മാറ്റാൻ ഇന്ത്യ തയാറാകണം. അത് നമ്മുടെ ജനങ്ങൾക്ക് തൊഴിലും സമൃദ്ധിയും നൽകും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, മുന്നിലുള്ള വെല്ലുവിളികളെ താങ്കൾ എങ്ങനെ കാണുന്നു?

മൻമോഹൻ സിങ്: മൊത്തത്തിൽ, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട്. എന്നിരുന്നാലും, എന്റെ ശുഭാപ്തിവിശ്വാസം ഇന്ത്യ മൈത്രിയുള്ള ഒരു സമൂഹമായിരിക്കുമെന്നതാണ്. അത് എല്ലാ പുരോഗതിക്കും വികസനത്തിനും അടിസ്ഥാനമാണ്. സംരക്ഷിക്കപ്പെടേണ്ട വൈവിധ്യത്തെ സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ നൈസർഗികമായ സഹജാവബോധം.

Narendra Modi China Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: