ന്യൂഡൽഹി: കോവിഡ് -19 പാൻഡെമിക് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിൽ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണത്തിലെ സുതാര്യതയിലും കഴിവുകൾ സൃഷ്ടിക്കുന്നതിലും അധിഷ്ഠിതമായ ഒരു പുതിയ ആഗോള സൂചികയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഭൂമിയെ സംരക്ഷിക്കാൻ നിർണായക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ജി 20 നേതാക്കളുമായി വളരെ ഫലപ്രദമായ ചർച്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ ഏകോപിത ശ്രമങ്ങൾ തീർച്ചയായും ഈ പകർച്ചവ്യാധിയിൽ നിന്ന് വേഗത്തിൽ കരകയറാൻ ഇടയാക്കും,” സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജി 20 വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത മോദി ട്വിറ്ററിൽ കുറിച്ചു.

“നമ്മുടെ പ്രക്രിയകളിലെ സുതാര്യത പ്രതിസന്ധിയോട് കൂട്ടായും ആത്മവിശ്വാസത്തോടെയും പോരാടാൻ നമ്മുടെ സമൂഹങ്ങളെ പ്രചോദിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായതും സമഗ്രവുമായ ഒരു ജീവിതശൈലിക്ക് ഭൂമിയോടുള്ള വിശ്വസ്തത നമ്മെ പ്രചോദിപ്പിക്കും,” അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഉണർവ്വിനൊപ്പം തൊഴിൽ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ട്. ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ മറികടക്കാൻ സഹായിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുചിന്‍, ചൈനീസ് പ്രസിഡന്‍റ് ജി പെങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെടെ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാരും അതത് രാജ്യങ്ങളുടെ റിസര്‍വസ് ബാങ്ക് ഗവര്‍ണര്‍മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കെടുത്തു.

രണ്ട് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടി നാളെ സമാപിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഗ്രൂപ്പ് 20 രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് തുടക്കമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook