/indian-express-malayalam/media/media_files/uploads/2023/09/india-4.jpg)
'പ്രസിഡന്റ് ഓഫ് ഭാരത്': ജി20 നേതാക്കള്‍ക്കുള്ള രാഷ്ട്രപതിയുടെ ഔദ്യോഗിക ക്ഷണത്തില്‍ 'ഭാരത്' പരാമര്‍ശം
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ 'ഇന്ത്യയുടെ പ്രസിഡന്റ്' എന്നതിന് പകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന പേരില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിക്കിക്കെത്തുന്ന ലോക നേതാക്കള്‍ക്കായി സെപ്റ്റംബര്‍ 9 ന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
രാഷ്ട്രപതിയുടെ ക്ഷണത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചപ്പോള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ത്യ 'റിപ്പബ്ലിക് ഓഫ് ഭാരത്' ആയിയെന്ന് പ്രഖ്യാപിച്ചു. '' വാര്‍ത്ത സത്യമാണ്. രാഷ്ട്രപതി ഭവന്‍ സെപ്തംബര്‍ 9 ന് ജി 20 അത്താഴത്തിന് ക്ഷണം അയച്ചു, സാധാരണ 'ഇന്ത്യയുടെ പ്രസിഡന്റ്' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന പേരില്‍, ''ജയറാം രമേശ്, എക്സ് പോസ്റ്റില്‍ പറഞ്ഞു.
'ഇപ്പോള്‍, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1-ല്‍ ഇങ്ങനെ വായിക്കാം: 'ഭാരതം, അതായിരുന്നു ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.' എന്നാല്‍ ഇപ്പോള്‍ ഈ 'യൂണിയന്‍ ഓഫ് സ്റ്റേറ്റ്' പോലും ആക്രമിക്കപ്പെടുകയാണ്. ജയറാം രമേശിന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ത്യയെ 'റിപ്പബ്ലിക് ഓഫ് ഭാരത്' ആയി പ്രഖ്യാപിച്ചു. 'റിപ്പബ്ലിക് ഓഫ് ഭാരത്- നമ്മുടെ നാഗരികത അമൃത് കാലിലേക്ക് ധീരമായി മുന്നേറുന്നതില്‍ സന്തോഷവും അഭിമാനവും' അദ്ദേഹം പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്ന് അദ്ദേഹം മുന്‍പു എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചിരുന്നു. ജൂലൈയില്‍ പ്രതിപക്ഷ മുന്നണി, 'ഇന്ത്യ' (ഇന്ത്യന്‍ നാഷനല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്.
സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 ല്‍ നിന്ന് 'ഇന്ത്യ, അതാണ് ഭാരത്' എന്നത് നീക്കം ചെയ്യണമെന്നും 'ഭാരത്' എന്ന വാക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും ഭരണസംവിധാനത്തിലെ ചില വിഭാഗങ്ങളില്‍ നിന്ന് ആഹ്വാനങ്ങളുണ്ടായത് ശ്രദ്ധേയമാണ്.
രണ്ട് ദിവസം മുമ്പ് ഗുവാഹത്തിയില്‍ സകാല്‍ ജയിന്‍ സമാജ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭാഗവത് ഇന്ത്യയെ 'ഭാരതം' എന്ന് വിളിച്ചിരുന്നു. ഈ ശീലം വളര്‍ത്തിയെടുക്കാന്‍ ആളുകളെ പ്രേരിപ്പിച്ച ഭഗവത്, ഭാരതം എന്ന പേര് പുരാതന കാലം മുതല്‍ തുടരുകയാണെന്നും അത് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ എല്ലാവരും 'ഇന്ത്യ' എന്ന വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തി 'ഭാരത്' ഉപയോഗിക്കാന്‍ തുടങ്ങണം. കാലങ്ങളായി നമ്മുടെ രാജ്യത്തിന്റെ പേര് 'ഭാരതം' എന്നാണ്. ഏത് ഭാഷയായാലും പേര് അതേപടി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.