/indian-express-malayalam/media/media_files/uploads/2017/01/GLC.jpg)
കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിയിൽ നടന്നുവന്ന അവകാശലംഘനങ്ങളെ പറ്റിയുള്ള വാർത്തകൾക്ക് ചൂടാറിയിട്ടില്ല. സമരതീക്ഷ്ണതയുടെ ഉറച്ച മുഖമായ വിദ്യാർത്ഥികൾ സമരപ്പന്തലിൽ നിൽക്കുന്പോൾ ഇത്ര കാലവും കോളേജ് അധികൃതർ തുടർന്നുവന്ന അടിച്ചമർത്തലുകൾക്കെതിരെ പൊതുജനബോധവും ഉയർന്നുകഴിഞ്ഞു. ഈ സമയത്ത് ഇതര ലോ കോളേജുകളിലും ചർച്ചകളിൽ ലോ അക്കാദമി വിഷയം തന്നെ കത്തി നിൽക്കുന്നു. എറണാകുളം ഗവ ലോ കോളേജിലെ സംസാര വിഷയവും മറ്റൊന്നല്ല. എന്നാൽ ലോ അക്കാദമിയിൽ നിന്ന് വിട്ട് ഗവ ലോ കോളേജിലേക്ക് എത്തിയ അനേകം പേരാണ് ഇവിടെയുള്ളത്.
കേരളത്തിലെ ഗവൺമെന്റ് കോളേജുകളിലെ വിദ്യാർത്ഥികളാണ് എക്കാലവും മൂർച്ചയേറിയ അവകാശ വിരുദ്ധ പോരാട്ടങ്ങളിൽ മുന്നിൽ നിന്നിട്ടുള്ളത്. എക്കാലവും സമരരംഗത്തിറങ്ങിയ വിദ്യാർത്ഥികളും ഇവർ തന്നെയാണ്. വിദ്യാർത്ഥി സംഘടനകളുടെ അപക്വമായ പെരുമാറ്റങ്ങൾ പലപ്പോഴും പേരുദോഷം വരുത്തിവച്ചിട്ടുണ്ടെങ്കിലും ആധുനിക സമൂഹത്തോട് ചേർന്ന് നിന്ന് ചർച്ചകളിൽ ഇടപെട്ടതിലും ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികൾക്ക് വലിയ പങ്കുണ്ട്.
തിരുവനന്തപുരം ലോ അക്കാദമിയിലെ നാല് മാസത്തെ പഠനം അവസാനിപ്പിച്ച് ലോ കോളേജിലേക്ക് ചേക്കേറിയതാണ് ഒന്നാം വർഷ പഞ്ചവത്സര ബി.എ എൽ.എൽ.ബി കോഴ്സ് പഠിക്കുന്ന ആര്യശ്രീ. "മൗലികാവകാശങ്ങളെ കുറിച്ച് പഠിക്കുന്ന സമയത്ത് പ്രാഥമിക അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ അത്തരം പഠനത്തിന്റെ പ്രസക്തിയെന്തെന്ന്" ആര്യശ്രീ ചോദിക്കുന്നു. സ്വന്തം അനുഭവത്തിൽ നിന്ന് അഞ്ച് വർഷം ഒരാളെ ഭയന്ന് ജീവിക്കേണ്ടതില്ലെന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ് എറണാകുളം ഗവ ലോ കോളേജിലേക്ക് ഈ പെൺകുട്ടി പഠിക്കാൻ എത്തിയത്.
"ആദ്യം ലോ അക്കാദമി തിരഞ്ഞെടുത്തത്, അവിടെയാണ് മികച്ച റിസൾട്ട് എന്നത് കൊണ്ടാണ്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ആ കാംപസിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലായി. ഗവൺമെന്റ് ലോ കോളേജിൽ ക്കാനുള്ള തീരുമാനം പിന്നീടായിരുന്നു" വെന്ന് വിദ്യാർത്ഥിനി പറയുന്നു.
എന്നാൽ ഇതേ സമയം തന്നെ ലോ അക്കാദമി വിഷയത്തിൽ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ടെന്ന സംശയം ഉയർത്തിയത് സെന്റർ ഫോർ ലീഗൽ തോട്സിൽ ഗവേഷണ വിദ്യാർത്ഥിനിയായ പ്രീതയാണ്. " എന്തുകൊണ്ട് പെട്ടെന്നൊരു ദിവസം എല്ലാവരും ഒരുമിച്ച് സമരം ചെയ്യാൻ ആരംഭിച്ചുവെന്ന്" അവർ ചോദിച്ചു. വിദ്യാർത്ഥികൾ അനുഭവിച്ചതായി പുറത്തുവന്ന എല്ലാ നീതിനിഷേധങ്ങളെയും മനസ്സിലാക്കിയാണ് താൻ സംശയം മുന്നോട്ട് വയ്ക്കുന്നതെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്ക് നിയമ ബിരുദം ലഭിച്ചതിന് പിന്നിൽ കോളേജ് മാനേജ്മെന്റിന്റെ താത്പര്യമാണെന്ന വാർത്തകളെ പിൻപറ്റിയാണ് ഇത്തരമൊരു സംശയത്തിലേക്ക് പ്രീത എത്തിച്ചേരുന്നത്.
ഒന്നാം വർഷ എൽ.എൽ.എം വിദ്യാർത്ഥിനിയായ അനുഷ പി ശിവാനന്ദൻ തന്റെ ഒരു മാസം നീണ്ട ലോ അക്കാദമി പഠനകാലത്തെ ഹോസ്റ്റൽ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. "പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ പിൻവശത്തെ കാടുപിടിച്ച ഭാഗത്തുകൂടെ ഏത് സാമൂഹ്യദ്രോഹിക്കും ഹോസ്റ്റലിന്റെ പരിസരത്ത് എത്താവുന്നതേയുള്ളൂ. ക്ലാസ്റൂമിലും ശുചിമുറികളുടെ മുന്നിലുമെല്ലാം കാമറ വച്ചവർ ഹോസ്റ്റലിന്റെ പുറകുവശത്ത് കാമറ വയ്ക്കാത്തത് എന്തുകൊണ്ടാണ്? സുരക്ഷയെ കരുതിയാണ് കാമറകളെന്ന വാദത്തെ എങ്ങിനെയാണ് അംഗീകരിക്കുക"യെന്നും അനുഷയുടെ ചോദ്യത്തിലുണ്ട്.
സംഘടനകൾ ഉണ്ടായിരുന്നിട്ടും ഇത്ര കാലവും മിണ്ടാതിരുന്നത് എന്തുകൊണ്ടെന്ന പ്രീതയുടെ ചോദ്യത്തിന് ഗവ ലോ കോളേജ് യൂണിയൻ ചെയർമാന്റെ മറുപടി മറ്റൊരു വിധത്തിലായിരുന്നു. "ഒരു വിഭാഗത്തെ തങ്ങൾക്കൊപ്പം നിർത്തുകയും മറ്റൊരു വിഭാഗത്തെ എതിർ സ്ഥാനത്ത് നിർത്തുകയും ചെയ്ത് വിഭജിച്ച് ഭരിക്കാനുള്ള തീരുമാനമാകും ഈ സത്യാവസ്ഥ പുറത്തെത്താൻ വൈകിയതിന് പിന്നിൽ. ഇന്റേണൽ മാർക്ക് ആയുധമാക്കിയാണ് മാനേജ്മെന്റും അദ്ധ്യാപകരും പലപ്പോഴും പെരുമാറുന്നത്. നിശബ്ദരാക്കപ്പെട്ടത് കൊണ്ട് സത്യത്തെ മൂടിവയ്ക്കാൻ സാധിക്കുന്നില്ല. ജനാധിപത്യപരമായ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുകയും വിദ്യാർത്ഥികളുടെ അഭിപ്രായത്തെ മാനിക്കുകയും ചെയ്യുന്ന കാംപസുകളിൽ മാത്രമേ മൂല്യബോധമുള്ള വിദ്യാഭ്യാസവും സാധിക്കൂ" എന്ന് ഇദ്ദേഹം പറഞ്ഞു.
അഭിപ്രായ പ്രകടനങ്ങൾ പല നിലയ്ക്കാണെങ്കിലും എറണാകുളം ഗവ ലോ കോളേജിലെ വിദ്യാർത്ഥികൾ സമരത്തെ ഗൗരവത്തോടെയാണ് കാണുന്നത്. തങ്ങൾ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടുന്നത് പോലെ പ്രതിഷേധിക്കാൻ, ലോ അക്കാദമി വിദ്യാർത്ഥികൾ വൈകിയതിനെ വിമർശിക്കുന്പോഴും സമരത്തിന് ശക്തമായ പിന്തുണ നൽകുന്നു അവർ. ലോ അക്കാദമി വിട്ടു വന്ന വിദ്യാർത്ഥികളുടെ വാക്കുകൾ പ്രതിഷേധമായി ഈ കാംപസിലും അലയടിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.