ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയ്ക്ക് എതിരെ മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി. വിധി വന്ന ശേഷം കേന്ദ്ര സർക്കാരിന്റെ പ്രതികരണം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം സൺഡേ എക്സ്‌പ്രസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

“മൗലികാവകാശം നിശ്ചയിക്കാനുള്ള ചുമതല പാർലമെന്റിന് മാത്രമേ ഉള്ളൂ. ജുഡീഷ്യറി പാർലമെന്റിന്റെ അധികാരത്തിൽ കൈകടത്തുകയാണ്. എന്നാൽ സ്വകാര്യത മൗലികവകാശമാക്കിയ വിധിക്ക് ശേഷം കേന്ദ്രസർക്കാർ തങ്ങളുടെ നിലപാടിൽ വെള്ളം ചേർത്തു.” അദ്ദേഹം പറഞ്ഞു.

“ഞാനായിരുന്നു അറ്റോർണി ജനറലെങ്കിൽ കേസ് തോറ്റെന്ന് തുറന്ന് സമ്മതിച്ചേനെ. 1954 ൽ എട്ടംഗ ബെഞ്ചിന്റെ ഉത്തരവാണ് ഇതോടെ മാറ്റിയെഴുതപ്പെട്ടത്. ആധാറിന്റെ കാര്യത്തിൽ ഇനി ഒട്ടേറെ ആശങ്കകളുണ്ട്. പിന്നെവിടെയാണ് കേന്ദ്രസർക്കാർ കേസ് ജയിക്കുന്നത്?” റോഹത്ഗി ആരാഞ്ഞു.

നേരത്തേ അറ്റോർണി ജനറലായിരുന്ന മുകുൾ റോഹത്ഗിയാണ് സ്വകാര്യത പൂർണമായ അർത്ഥത്തിൽ ഉറപ്പാക്കാനാവില്ലെന്ന വാദമുയർത്തിയത്. ഇതേ തുടർന്നാണ് ഈ കേസ് ഭരണഘടനാ ബെഞ്ചിലേക്ക് പോയത്. എന്നാൽ പുതുതായി ചുമതലയേറ്റ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, മുകുൾ റോഹത്ഗിയുടെ നിലപാടിന് വിരുദ്ധമായ നയമാണ് കൈക്കൊണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ