ന്യൂഡല്‍ഹി: കശ്മീര്‍ ജനതയുടെ എല്ലാ അവകാശങ്ങളും പുനസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ജനങ്ങളുടെ എല്ലാ അവകാശങ്ങളും പുനസ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയിലെ സുപ്രീം കോടതിക്ക് മെല്ലെപ്പോക്കാണെന്നും യുഎന്നില്‍ വിമര്‍ശനമുയര്‍ന്നു. നിലവിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം വക്താവ് റുപെര്‍ട് കോള്‍വില്‍ പറഞ്ഞു.
Read Also: യൂറോപ്യന്‍ സംഘത്തിനു സന്ദര്‍ശിക്കാം, രാജ്യത്തെ എംപിമാര്‍ക്ക് പറ്റില്ല!; കശ്മീര്‍ വിഷയത്തില്‍ ആസാദ്
“കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ്, മാധ്യമനിയന്ത്രണത്തിനെതിരായ ഹര്‍ജികള്‍ എന്നിവ പരിഗണിക്കുന്നതില്‍ സുപ്രീം കോടതി സാവധാനത്തിലാണ് നീങ്ങുന്നത്. കശ്മീരിലെ വലിയ വിഭാഗം ജനങ്ങളും മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ സ്ഥിതി മാറണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ജനതയുടെ എല്ലാ അവകാശങ്ങളും സാധാരണ നിലയിലാകണം. സേനയുടെ ഭാഗത്തുനിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വീട്ടുതടങ്കലില്‍ കഴിയുന്നവര്‍ പീഡനത്തിനും മോശം പെരുമാറ്റത്തിനും വിധേയരാകേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം അതിവേഗം സാധാരണ നിലയിലെത്തിക്കണം.” കോള്‍വില്‍ പറഞ്ഞു
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഇന്ന് ജമ്മു കശ്മീരിലെത്തി. 23 അംഗ സംഘമാണ് ശ്രീനഗറിലെത്തിയത്. 27 അംഗ സംഘമാണ് ഇന്ത്യയിലേക്കു എത്തിയതെങ്കിലും നാല് പേർ കശ്മീർ സന്ദർശിക്കാതെ നാട്ടിലേക്ക് മടങ്ങി.
യൂറോപ്യൻ സംഘത്തിന്റെ കശ്മീർ സന്ദർശനത്തെ ആസൂത്രണം ചെയ്ത യാത്ര എന്നാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിശേഷിപ്പിച്ചത്. യൂറോപ്യൻ സംഘത്തിന്റെ സന്ദർശനത്തോട് വിയോജിപ്പില്ലെന്നും എന്നാൽ, എന്തുകൊണ്ടാണ് രാജ്യത്തെ എംപിമാർക്ക് കശ്മീർ സന്ദർശിക്കാനുള്ള അനുമതിയില്ലാത്തതെന്നും ഗുലാം നബി ആസാദ് ചോദിച്ചു.
അതേസമയം, കശ്മീരിൽ തീവ്രവാദികളും സിആർപിഎഫ് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പുൽവാമ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്.