ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയില്‍ രാജ്യത്തിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ. പാകിസ്താനെ ‘ടെററിസ്ഥാന്‍’ എന്നാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ വിശേഷിപ്പിച്ചത്.

കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി അന്വേഷണം നടത്തണമെന്നും പാക് പ്രധാനമന്ത്രി ഷാഹിദ് ഖഘാൻ അബ്ബാസി പറഞ്ഞതിന് പിന്നാലെയാണ് ഈനം ഗംഭീറിന്റെ മറുപടി.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ, പാകിസ്താന്‍ ഭീകരവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞുവെന്ന് ഈനം ഗംഭീർ മറുപടി നൽകി. “ഒസാമാ ബിന്‍ ലാദന് ഒളിയിടം നല്‍കിയ രാജ്യം, ചതിയെ കുറിച്ചും വഞ്ചനയെ കുറിച്ചും സംസാരിക്കുന്നത് അസാധാരണമാണ്. പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ആണ്” എന്ന ഇന്ത്യൻ സെക്രട്ടറിയുടെ വാക്കുകൾ പാക് പ്രധാനമന്ത്രിക്ക് നേരെയുള്ള കൂരമ്പുകളായി.

മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായിരുന്ന ഹാഫിസ് സയ്യിദിനെ രാഷ്ട്രീയ നേതാവായി വളർത്താൻ പാക്കിസ്ഥാൻ അവസരം നൽകിയെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തീവ്രവാദികളെ മഹാന്മാരാക്കുക മാത്രമാണ്. അവർക്ക് രാഷ്ട്രീയ നേതൃപദവി പാക്കിസ്ഥാനിൽ ലഭിക്കുന്നുവെന്നും ഇന്ത്യൻ സെക്രട്ടറി വിമർശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook