യു പി എ സര്‍ക്കാരുകളുടെ കാലത്ത് (2004-2014) സിബിഐ നിരീക്ഷണത്തിനു പരിധിയില്‍ വന്ന രാഷ്ട്രീയ നേതാക്കളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും പേരുകള്‍ കോടതി രേഖകളില്‍നിന്നും സി ബി ഐ സ്റ്റേറ്റ്മെന്റുകളില്നിന്നും റിപ്പോര്‍ട്ടുകളില്‍നിന്നും സമാഹരിച്ചതാണ്. ചില കേസുകളിലും പേരുകളിലും ഒന്നിലധികം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി ബി ഐ അവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ അവര്‍ ഉള്‍പ്പെട്ടിരുന്ന പാര്‍ട്ടികളുടെ കീഴിലാണു നേതാക്കളെ തരംതിരിച്ചിരിക്കുന്നത്. പൂര്‍ണമായ ലിസ്റ്റ് ഇങ്ങനെ.
ബി ജെ പി
അമിത് ഷാ: 2010ല്‍ നടന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നു ഗുജറാത്ത് മന്ത്രിയായിരുന്ന അമിത് ഷായെ സി ബി ഐ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായ ഷാ മൂന്ന് മാസം ജയിലില്‍ കിടന്നു. ജാമ്യം ലഭിച്ചതോടെ സംസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു. ഷായ്ക്കും ബി ജെ പി നേതാവ് ഗുലാബ് ചന്ദ് കഠാരിയയ്ക്കുമെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഷായെ മുഖ്യപ്രതിയാക്കിയാണു കുറ്റപത്രം സമര്‍പ്പിച്ചത്. 2014 ഡിസംബറില്‍, നരേന്ദ്രമോദി പ്രധാനമന്ത്രിയായി എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അമിത് ഷായെ മുംബൈ കോടതി വെറുതെവിട്ടു. ഈ വിധിക്കെതിരെ സി ബി ഐ അപ്പീല്‍ നല്‍കിയില്ല. 2015ല്‍ കഠാരിയെയും വിട്ടയച്ചു.
രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിലെ മന്ത്രിയായിരുന്ന രാജേന്ദ്ര റാത്തോഡിനെ, മദ്യകള്ളക്കടത്തുകാരനും ഗുണ്ടാസംഘാംഗവുമായ ദാരാ സിങ്ങ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് 2012-ല്‍ സി ബി ഐ അറസ്റ്റ് ചെയ്തു. രാജസ്ഥാന് പൊലീസിന്റെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് 2006-ല്‍ സിങ്ങിനെ വെടിവച്ച് കൊന്നിരുന്നു. അറസ്റ്റിനു മാസങ്ങള്‍ക്കുശേഷം റാത്തോഡിനെ വിചാരണക്കോടതി വിട്ടയച്ചു. കേസ് സുപ്രീം കോടതിയിലെത്തിയെങ്കിലും 2018-ല്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു.
ഗലി ജനാര്‍ദന റെഡ്ഡി
ബെല്ലാരിയില്‍ അനധികൃത ഖനനം നടത്തിയെന്ന കേസില്‍ 2011ല്‍ കര്‍ണാടകയിലെ ബി എസ് യെദ്യൂരപ്പ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ഗലി ജനാര്‍ദന റെഡ്ഡിയെ സി ബി ഐ അറസ്റ്റ് ചെയ്തു. സി ബി ഐ അദ്ദേഹത്തിനെതിരെ ഒന്നിലധികം കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചിലതില്‍ വിചാരണ നടക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 2015ലാണ് റെഡ്ഡി ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 2021ല്‍ ബെല്ലാരി സന്ദര്‍ശിക്കാനുള്ള റെഡ്ഡിയുടെ അപേക്ഷയെ സി ബി ഐ എതിര്‍ത്തെങ്കിലും സുപ്രീം കോടതി അനുവദിച്ചു.
ഇതേ കേസുകളില്‍ റെഡ്ഡിയുടെ അടുത്ത സഹായിയും ബി ജെപി എം എല്‍ എയും മുന്‍ മന്ത്രിയുമായ ബി ശ്രീരാമുലുവിന്റെ വസതിയിലും സി ബി ഐ റെയ്ഡ് നടത്തി. കേസില്‍ മറ്റു നാല് എം എല്‍ എമാരെയും അറസ്റ്റ് ചെയ്തു. ഇതില്‍ ബി ജെ പി എം എല്‍ എയും മുന്‍ കര്‍ണാടക മന്ത്രിയുമായ ആനന്ദ് സിങ് ഉള്‍പ്പെടുന്നു. ശ്രീരാമുലുവിന്റെ അനന്തരവനും കോണ്‍ഗ്രസ് വിട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി എസ് ആര് കോണ്‍ഗ്രസ് രൂപീകരിച്ച് ബി ജെ പിക്കൊപ്പം പോയ എം എല്‍ എയുമായ സുരേഷ് ബാബു, സ്വതന്ത്ര എം എല്‍ എമാരായ ബി നാഗേന്ദ്രയും സതീഷ് സെയിലും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ നടക്കുകയാണ്.
ബി എസ് യെദ്യൂരപ്പ
ജെ എസ് ഡബ്ല്യു സ്റ്റീലിന് ഭൂമി അനുവദിച്ചതിലും ഖനന ആനുകൂല്യങ്ങളിലും ക്രമക്കേട് ആരോപിച്ച് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പയ്ക്കെതിരെ 2012ല്‍ സി ബി ഐ കേസെടുത്തു. അതേ വര്‍ഷം തന്നെ യെദ്യൂരപ്പ, മക്കളായ ബി വൈ വിജയേന്ദ്ര, ബി വൈ രാഘവേന്ദ്ര, മരുമകന് ആര് എന്‍ സോഹന്‍ കുമാര്‍ എന്നിവര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബി ജെ പി നേതാവിന്റെ കുടുംബാംഗങ്ങളുടെയും കുടുംബ ട്രസ്റ്റിന്റെയും സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ജെ എസ് ഡബ്ല്യു സ്റ്റീലിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ 40 കോടി രൂപ നല്‍കിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി സി ബി ഐ അവകാശപ്പെട്ടു. കമ്പനിക്ക് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഖനനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്കു പകരമായി നടന്നതാണ് ഈ പണമിടപാടുകള്‍ (ക്വിഡ് പ്രോ ക്വോ) എന്ന് അന്വേഷണ ഏജന്‍സി വിശദീകരിച്ചു. 2016ല്‍ യെദ്യൂരപ്പയെയും കുടുംബത്തെയും ജെ എസ് ഡബ്ല്യു സ്റ്റീലിനെയും കുറ്റവിമുക്തരാക്കി.
മനേകാ ഗാന്ധി
ആദ്യ എന്‍ ഡി എ ( വാജ്പേയി പ്രധാനമന്ത്രിയായ സര്‍ക്കാര്‍) ഭരണകാലത്ത് സാമൂഹികനീതി, ശാക്തീകരണ മന്ത്രിയായിരിക്കെ ഒരു ട്രസ്റ്റിന് 50 ലക്ഷം രൂപ വഞ്ചനാപരമായ രീതിയില്‍ അനുവദിച്ചുവെന്നാരോപിച്ച് 2006-ല്‍ മനേക ഗാന്ധിക്കെതിരെ സി ബി ഐ അഴിമതിക്കേസ് എടുത്തിരുന്നു. 2008ല്‍ ഈ കേസില്‍ ഏജന്‍സി ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സി ബി ഐ കോടതി അത് തള്ളി. രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ സി ബി ഐ വീണ്ടും ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതും 2020ല്‍ കോടതി തള്ളി. വിഷയം ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

രാജ്കുമാര് ജതിയ, രാം വിലാസ് പാസ്വാന് (എല്‍ ജെ പി)
ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലെ ക്രമവിരുദ്ധ നിയമനങ്ങള്‍ ആരോപിച്ച് ബി ജെ പി നേതാവ് സത്യനാരായണ ജതിയയുടെ മകന് രാജ്കുമാറിനെ പ്രതിയാക്കി 2014 ജനുവരിയില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്കുമാറിനു പുറമെ മുന്‍ കോണ്‍ഗ്രസ് നേതാവും ഗവര്‍ണര്‍ സയ്യിദ് സിബ്തേ റാസിയുടെ മകനുമായ എസ് എം റാസിക്കും ചന്ദ്ര പട്നായിക്കിനുമെതിരെ സി ബി ഐ കേസെടുത്തു. അന്ന് രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായിരുന്നു ജതിയ.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പിനുമുമ്പുള്ള സഖ്യത്തിനായി ബി ജെ പിയുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ്, അടുത്തിടെ അന്തരിച്ച എല്‍ ജെ പി നേതാവ് രാംവിലാസ് പാസ്വാന്റെ പേരും ഉയര്‍ന്നത്. പാസ്വാന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ സി ബി ഐ അന്വേഷണം നടത്തി. രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിച്ചശേഷം, പസ്വാനെതിരെ അന്വേഷണം നടത്തിയില്ല. എസ് എം റാസി, രാജ്കുമാര്, പട്നായിക്ക് എന്നിവര്‍ക്കെതിരെ 2015ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് വിചാരണയ്ക്ക് വിട്ടു.
അരുണ്‍ ഷൂരി
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ മുന്‍ ഓഹരി വിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂരിയെ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ സര്‍ക്കാര്‍ ഓഹരികള്‍ വേദാന്ത ഗ്രൂപ്പിനു വിറ്റതുമായി ബന്ധപ്പെട്ട് 2014 മാര്‍ച്ചില്‍ സി ബി ഐ ചോദ്യം ചെയ്തിരുന്നു. 2017-ല്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2021 നവംബറില്‍ സുപ്രീം കോടതി സി ബി ഐയോട് നിര്‍ദേശിച്ചു. ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
പ്രമോദ് മഹാജന്
2ജി സ്പെക്ട്രം അനുവദിച്ച കേസില്‍ അന്തരിച്ച മുന്‍ ടെലികോം മന്ത്രി പ്രമോദ് മഹാജനെ സി ബി ഐ പ്രതി ചേര്‍ത്തു. 2012ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മൂന്ന് ടെലികോം കമ്പനികള്‍ക്ക് അനാവശ്യ തിടുക്കത്തില്‍ അധിക സ്പെക്ട്രം അനുവദിക്കാന്‍ പ്രമോദ് മഹാജന് അന്നത്തെ ടെലികോം സെക്രട്ടറിയുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ഖജനാവിന് 800 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മഹാജനെതിരെയുള്ള കുറ്റം കോടതി തള്ളിയിരുന്നു.
അനുപ് അഗര്‍വാല
ബി ജെ പി ദേശീയ എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവായിരുന്ന അനുപ് അഗര്‍വാലയ്ക്കെതിരെ കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ 2014 ജനുവരിയില്‍ സി ബി ഐ കേസെടുത്തു. 1993-നും 2005-നും ഇടയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും സ്ഥാപനത്തിനുമെതിരെ കേസെടുക്കുകയായിരുന്നു. ബി എല്‍ എ ഇന്‍ഡസ്ട്രീസിന് മധ്യപ്രദേശില്‍ രണ്ട് കല്‍ക്കരി ബ്ലോക്കുകള്‍ ലഭിച്ചതായും പൊതുവിപണിയില്‍ കല്‍ക്കരി വില്‍ക്കുന്നതായും എഫ് ഐ ആറില്‍ പറയുന്നു. ഇ ഡി സമാന്തര അന്വേഷണം നടത്തി 2018ല്‍ ഏകദേശം 4.5 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ജനതാദള്‍ (യു- യുണൈറ്റഡ്)
ജോര്‍ജ് ഫെര്‍ണാണ്ടസ്
ബരാക് മിസൈല്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് 2006ല്‍ മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെ കൈക്കൂലി ആരോപണത്തിനു സി ബി ഐ കേസെടുത്തു. അദ്ദേഹത്തിന്റെ അടുത്ത സഹായി ജയ ജെയ്റ്റ്ലി, ആയുധ ഇടപാടുകാരന് സുരേഷ് നന്ദ, സമതാ പാര്‍ട്ടി മുന്‍ ട്രഷറര്‍ രാകേഷ് കുമാര്‍ ജെയിന് എന്നിവരും കേസിലെ മറ്റു പ്രതികളില്‍ ഉള്‍പ്പെടുന്നു. 2003ല്‍ സമതാ പാര്‍ട്ടി ജെ ഡി യുവില്‍ ലയിച്ചു. എഫ് ഐ ആറില്‍ ആരോപിക്കപ്പെടുന്നവരില്‍ ആരും കൈക്കൂലി വാങ്ങിയതായി തെളിവില്ലെന്നു വ്യക്തമാക്കി 2013ല്‍ സി ബി ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് 2017-ല്‍ കോടതി അംഗീകരിച്ചു. 2004-ല്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണക്കേസിലും ഫെര്‍ണാണ്ടസിന്റെ പേര് ഉയര്‍ന്നുവന്നിരുന്നുവെങ്കിലും കുറ്റം ചുമത്തപ്പെട്ടില്ല.
എല്‍ ടി സി അഴിമതി
ജെ ഡി (യു), ടി എം സി, ആര് എല്‍ ഡി, ബി ജെ ഡി, ബി ജെ പി, എം എന്‍ എഫ്, ബി എസ് പി, കോണ്‍ഗ്രസ്
2013ല്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ 600 ബ്ലാങ്ക് ബോഡിങ് പാസുകളുമായി ഒരാള്‍ പിടിയിലായതോടെയാണ് എല്‍ ടി സി തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്നു വിജിലന്‍സ് അന്വേഷണം നടന്നു. വിഷയം സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് സി ബി ഐക്കു കൈമാറി, മുന്‍ എംപിമാരും നിലവിലെ എം പിമാരും ആരോപണവിധേയരായ കേസില്‍ ഒന്നിലധികം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. ഈ നേതാക്കള്‍ യാത്രാച്ചെലവ് പണം ലഭിക്കാന്‍ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ക്ലെയിം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. ജെ ഡി യു രാജ്യസഭാംഗം അനില്‍ കുമാര്‍ സാഹ്നിക്കെതിരെ 2013 നവംബറിലാണ് ആദ്യ എഫ് ഐ ആര് ഫയല്‍ ചെയ്തത്. 2014 ജൂണില്‍ മുന്‍ എം പി മാരും നിലവിലെ എം പിമാരുമായ ആറ് പേര്‍ക്കെതിരെ സി ബി ഐ കേസെടുത്തു.
ഡി ബന്ദോപാധ്യായ (ടി എം സി), ബ്രജേഷ് പഥക് (ബി എസ് പി) ലാല്മിങ് ലിയാന (മിസോ നാഷണല്‍ ഫ്രണ്ട്) എന്നീ മൂന്ന് രാജ്യസഭാ എംപിമാര്‍ക്കും രാജ്യസഭാ മുന്‍ അംഗങ്ങളായ ജെ പി എന്‍ സിങ് (ബി ജെ പി), മഹമൂദ് എ മദനി (ആര് എല്‍ ഡി), രേണു പ്രധാന് (ബി ജെ ഡി) എന്നിവര്‍ക്കുമെതിരെ കേസടുത്തു. 2016ല്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി വിനയ് കുമാര്‍ പാണ്ഡെക്കെതിരെയും സി ബി ഐ എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തു.
ഇവരില്‍ ആറ് പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രവും പഥകിന്റെയും പ്രധാനിന്റെയും കേസ് അവസാനിപ്പിക്കാന്‍ ക്ലോഷര്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ക്ലോഷര്‍ റിപ്പോര്‍ട്ടുകള്‍ സി ബി ഐ കോടതി അംഗീകരിച്ചില്ല. ഒടുവില്‍ ഇതു ഡല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും മദനിക്കെതിരായ എഫ് ഐ ആര് റദ്ദാക്കുകയും ചെയ്തു. ലിയാന കുറ്റക്കാരനാണെന്നു കണ്ടെത്തി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഈ ഓഗസ്റ്റിലാണ് സാഹ്നി ശിക്ഷിക്കപ്പെട്ടത്. മറ്റു കേസുകളില്‍ വിചാരണ നടക്കുകയാണ്.
ബി ജെ ഡി
ദിലീപ് റേ
എ ബി വാജ്പേയി സര്‍ക്കാരിലെ മുന്‍ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ദിലീപ് റേയ്ക്കെതിരെ കല്‍ക്കരിപ്പാടം അനുവദിച്ച കേസുകളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി ബി ഐ കേസെടുത്തു. അഴിമതി നടന്ന കാലത്ത് ബി ജെപി നേതൃത്വം നല്കിയ എന്‍ ഡി എയുടെ സഖ്യകക്ഷിയായിരുന്ന ബി ജെ ഡിയെയാണു റേ പ്രതിനിധീകരിച്ചത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് ബി ജെ പിയില്‍ ചേര്‍ന്നു. 2020 ഒക്ടോബറില്‍ പ്രത്യേക സി ബി ഐ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. റേ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നു കോടതി നിരീക്ഷിച്ചു. ‘യുക്തിപരമോ നിയമപരമോ ആയ അടിസ്ഥാനമില്ലാതെ നയങ്ങളില്‍ ഇളവ് വരുത്തുന്നതിനുള്ള അദ്ദേഹമെടുത്ത തീരുമാനം അധികാരത്തിന്റെ കടുത്ത ദുരുപയോഗത്തിന് തുല്യമാണ്,’എന്നായിരുന്നു കോടതി നിരീക്ഷണം.

ബി എസ് പി
ബാബു സിങ് കുശ്വാഹ, രാം പ്രസാദ് ജയ്സ്വാള്‍, മായാവതി
ഉത്തര്‍പ്രദേശില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ കുടുംബക്ഷേമ മന്ത്രിയായിരുന്ന ബാബു സിങ് കുശ്വാഹയ്ക്കെതിരെ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ ആര് എച്ച് എം) അഴിമതിക്കേസില്‍ പങ്കുണ്ടെന്നാരോപിച്ച് 2012-ല്‍ സിബിഐ കേസെടുത്തു. കേസില്‍ 2017ല്‍ കുശ്വാഹയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബി എസ് പി എംഎല്‍എ രാം പ്രസാദ് ജയ്സ്വാളിനെയും അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. നിരവധി ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും പ്രതികളാക്കപ്പെട്ട കേസില്‍ സി ബി ഐ എഴുപതിലധികം എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ മായാവതിയെയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.
പുരുഷോത്തം ദ്വിവേദി
വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബി എസ് പി എംഎല്‍എ പുരുഷോത്തം ദ്വിവേദിയെ 2011ല്‍ സി ബി ഐ അറസ്റ്റ് ചെയ്തു. 2015ല്‍ സി ബി ഐ പ്രത്യേക കോടതി ദ്വിവേദിയെ 10 വര്‍ഷം തടവിനു ശിക്ഷിച്ചു.
സമാജ്വാദി പാര്‍ട്ടി
മുലായം സിങ് യാദവ്, അഖിലേഷ് യാദവ്
സുപ്രീം കോടതി ഉത്തരവിനെത്തുര്ടന്ന് 2007ല്‍ എസ് പിയിലെ നേതൃത്വസ്ഥാനത്തുള്ള കുടുംബത്തിനെതിരെ സി ബി ഐ പ്രാഥമികാന്വേഷണം ആരംഭിച്ചു. വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത വിധം സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ചാണ് മുലായം സിങ് യാദവിനും മകന് അഖിലേഷ് യാദവിനുമെതിരായ ആരോപണം. പ്രാഥമിക അന്വേഷണം പുരോഗമിക്കാത്തിനാല് ഇത് എഫ് ഐ ആറായി മാറിയില്ല. അതേസമയം, കോടതി ഉത്തവ് പുനഃപരിശോധിക്കണമെന്നു മുലായവും അഖിലേഷും ആവശ്യപ്പെട്ടു. ഇന്തോ- യു എസ് ആണവ കരാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം മന്മോഹന് സിങ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തിയത് എസ് പിക്കു വലിയ പങ്കുണ്ടായിരുന്നു. 2012 ല്‍ അന്വേഷണം പുരോഗമിച്ചു തുടങ്ങി. 2013 ഓഗസ്റ്റില്‍ പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചതായി സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചു.
കിഷോര്‍ സമ്രിതെ
മധ്യപ്രദേശ് എസ് പി നേതാവ് കിഷോര്‍ സമ്രിതിന്റെ വസതിയില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് 2011 മാര്‍ച്ചില്‍ സി ബി ഐ പരിശോധന നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബലാത്സംഗം ആരോപിച്ച് സമ്രിത് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആരോപണങ്ങള്‍ തെറ്റാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സമൃതിനെതിരെ അന്വേഷണത്തിനു കോടതി ഉത്തരവിടുകയും 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതു സമ്രിതെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നു പിഴ അഞ്ച് ലക്ഷമായി കുറച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ്
റോസ് വാലി ചിട്ട് ഫണ്ട് അഴിമതി
സുദീപ് ബന്ദോപാധ്യായ, തപസ് പാല് (നിര്യാതനായി), മദന്‍ മിത്ര (അന്നത്തെ പശ്ചിമ ബംഗാള്‍ മന്ത്രി) എന്നിവരുള്‍പ്പെടെയുള്ള ടി എം സി നേതാക്കള്‍ക്കെതിരെ 2014 ഫെബ്രുവരിയില്‍ സി ബി ഐ കേസെടുത്തു. ബന്ദോപാധ്യായയെയും പാലിനെയും അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഒന്നിലധികം കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചിലതില്‍ വിചാരണ നടക്കുകയും ചെയ്തു. റോസ് വാലി എന്ന പേരില്‍ ആരംഭിച്ച നിക്ഷേപ പദ്ധതി ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്തുവെങ്കിലും ഫണ്ട് വകമാറ്റി അവര്‍ക്ക് നിക്ഷപകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഐ എന്‍ എല്‍ ഡി
ഓം പ്രകാശ് ചൗതാല
ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയ്ക്കെതിരെ 2006ല്‍ അനധികൃത സ്വത്ത് സമ്പാദനത്തിനു സി ബി ഐ കേസെടുത്തു. 1993-നും 2006-നും ഇടയില്‍ വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത 153 കോടി രൂപയുടെ സ്വത്ത് ചൗതാല കുടുംബം സമ്പാദിച്ചുവെന്ന് എഫ്ഐ ആറില്‍ ആരോപിച്ചു. ചൗതാലയ്ക്കും മക്കളായ അഭയ്, അജയ് എന്നിവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2022 മേയില്‍ ചൗതാലയെ ശിക്ഷിച്ചു.
വൈ എസ് ആര് കോണ്‍ഗ്രസ്
വൈ എസ് ജഗന് മോഹന്‍ റെഡ്ഢി
അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഢിയുടെ സര്‍ക്കാര്‍ ഹിന്ദുജ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കു വന്‍തോതില്‍ ആനുകൂല്യങ്ങളും നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2011ല്‍ വൈ എസ് ജഗന് മോഹന്‍ റെഡ്ഢിക്കെതിരെ സി ബി ഐയും ഇ ഡിയും ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വൈ എസ് ആറിന്റെ മരണവും മുഖ്യമന്ത്രിയാക്കാത്തതിനെത്തുടര്ന്നുള്ള ജഗന് തുടങ്ങിവച്ച രാഷ്ട്രീയ കലാപവുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിച്ചത്. കേസില്‍ രണ്ട് അന്വേഷണ ഏജന്‍സികളും ഒന്നിലധികം കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. ഇതിനിടെ കേസില്‍ സിബിഐ മെല്ലെപ്പോക്ക് നടത്തിയതായി സൂചനയുണ്ട്. 2017 മേയ് 31 ന് അന്നത്തെ ഇ ഡി ഡയറക്ടര്‍ കര്‍ണാല്‍ സിങ് അന്നത്തെ സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് കത്തെഴുതി. ജഗനുമായി ബന്ധപ്പെട്ട കേസുകളില്‍, എഫ്ഐആറില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 73 പേരില്‍ 28 സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് പുനഃപരിശോധിക്കാനും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയതും എന്നാല്‍ കുറ്റപത്രം നല്കാത്തവര്ക്കെതിരായ കേസുകള്‍ പരിശോധിക്കാനും സി ബി ഐയോട് ഇ ഡി കത്തില്‍ ആവശ്യപ്പെട്ടു.
2013 മാര്‍ച്ചില്‍, കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വൈഎസ്ആറിന്റെ ഉപദേശകനും അന്നത്തെ രാജ്യസഭാ എംപിയുമായ കെ വി പി രാമചന്ദ്രയെസി ബിഐ ചോദ്യം ചെയ്തു. ജഗന് അന്വേഷണം നേരിടുന്ന എമ്മാര്‍ കേസുമായി ബന്ധപ്പെട്ട് രാമചന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ വിചാരണ നടക്കുകയാണ്.
എ ഐ എ ഡി എം കെ
അമ്മമുത്തുപിള്ള
ജയലളിത സര്‍ക്കാരിലെ മന്ത്രിയായിരുന്ന അമ്മമുത്തു പിള്ളയ്ക്കെതിരെ 2009-ല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സി ബി ഐ കേസെടുത്തു. 2019-ല്‍ കേസില്‍ വിചാരണ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു.
പി എം കെ
എ രാമദോസ്
ഒന്നാം യുപിഎ സര്‍ക്കാരിലെ കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ 2012ല്‍ സി ബി െഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ ചേര്‍ക്കാന്‍ ആവശ്യമായ ഫാക്കല്‍റ്റികളും ക്ലിനിക്കല്‍ മെറ്റീരിയലുകളും ഇല്ലാതെ ഇന്‍ഡോര്‍ മെഡിക്കല്‍ കോളജ് അനുവദിച്ചെന്നാരോപിച്ചുള്ള 2010ലെ കേസിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. രാമദോസും മറ്റ് പ്രതികളും ചേര്‍ന്ന് കോളേജില്‍ രണ്ടാം വര്‍ഷ പ്രവേശനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണു സി ബി ഐ ആരോപണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (എം സി ഐ) സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയും എം സി ഐ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കോളേജില്‍ മതിയായ ഫാക്കല്‍റ്റികളും ക്ലിനിക്കല്‍ മെറ്റീരിയലുകളും ഇല്ലെന്ന് ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്തിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. കേസില്‍ വിചാരണ നടക്കുകയാണ്.

കോണ്‍ഗ്രസ്
അശോക് ചവാന്
ആദര്‍ശ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ളാറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്. 2011 ഡിസംബറിലെ എഫ്ഐആറില്‍ ചവാന്റെ ബന്ധുക്കള്‍ക്കുള്ള രണ്ട് ഫ്ളാറ്റുകള്‍ക്ക് പകരമായി സൊസൈറ്റിക്ക് ഫ്ലോര്‍ സ്പേസ് ഇന്‍ഡക്സ് ഉയര്‍ത്തിയതിന് അംഗീകാരം നല്‍കിയെന്ന് സി ബി ഐ ആരോപിച്ചു.
അന്നത്തെ റവന്യൂ മന്ത്രിയായിരിക്കെ, പ്രാഥമികമായി യുദ്ധ വിധവകളുടെ പ്രയോജനത്തിനായി സൊസൈറ്റി നിര്‍മിച്ചപ്പോള്‍ 40 ശതമാനം ഫ്ളാറ്റുകള്‍ സിവിലിയന്‍സിന് അനുവദിച്ചതിന് നിയമവിരുദ്ധമായി അനുമതി നല്‍കിയതിനും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 2012ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2013ല്‍ അന്നത്തെ ഗവര്‍ണറും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ ശങ്കരനാരായണന് ഈ കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന് അനുമതി നിഷേധിച്ചു. എന്നാല്‍ 2016 ഫെബ്രുവരിയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു കേസിന് അനുമതി നല്കി. എന്നാല്‍ പുതിയ വസ്തുതകളൊന്നും ഗവര്‍ണറുടെ മുമ്പാകെ കൊണ്ടുവരാത്തതിനാല്‍ ബോംബെ ഹൈക്കോടതി ഇത് തള്ളി. കേസില്‍ പ്രതിയായി തുടരുന്നുണ്ടെങ്കിലും ചവാന് വിചാരണയ്ക്ക് വിധേയനായിട്ടില്ല.
സുരേഷ് കല്‍മാഡി
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിക്കെതിരെ 2010 നവംബറില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സി ഡബ്ല്യു ജി ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കല്‍മാഡി സ്വിസ് കമ്പനിക്ക് ഗെയിംസുമായി ബന്ധപ്പെട്ട കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായി സിബിഐ ആരോപിച്ചിച്ചു. 2011 ഏപ്രിലില്‍ സിബിഐ കല്‍മാഡിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കേസിലെ പ്രധാന പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 2013ലാണ് കേസ് വിചാരണയ്ക്ക് വിട്ടത്.
നവീന്‍ ജിന്‍ഡാല്‍
ഹരിയാനയില്‍ നിന്നുള്ള വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ നവീന്‍ ജിന്‍ഡാലിനെ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് 2013-ല്‍ സി ബി ഐ കേസെടുത്തു. തുടര്‍ന്ന് 2016ലും 2017ലും രണ്ട് വ്യത്യസ്ത കല്‍ക്കരിപ്പാട കേസുകളില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. 2020-ല്‍ ഡല്‍ഹി കോടതി ജിന്‍ഡാലിനെതിരെ ഒരു കേസില്‍ കുറ്റം ചുമത്തി.
കല്‍ക്കരിപ്പാടം കേസുകളില്‍ നിരവധി രാഷ്ട്രീയക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിന് കീഴിലായി. ഇതില്‍ കോണ്‍ഗ്രസ് നേതാവും കല്‍ക്കരി സഹമന്ത്രിയുമായിരുന്ന ദസരി നാരായണ്‍ റാവു (അന്തരിച്ചു), കോണ്‍ഗ്രസിന്റെ രാജ്യസഭാ എം പിയും ലോക്മത് ഗ്രൂപ്പ് ചെയര്‍മാനുമായ വിജയ് ദര്‍ദ എന്നിവരും ഉള്‍പ്പെടുന്നു. ഇരുവര്‍ക്കെതിരെയും സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. ജെ എം എമ്മിന്റെ ഷിബു സോറനെപ്പോലുള്ള നിരവധി രാഷ്ട്രീയക്കാരെ ഈ കേസില്‍ ചോദ്യം ചെയ്തു. 2015ല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ സി ബി ഐ വിസ്തരിച്ചു. കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.
പവന് കുമാര്‍ ബന്‍സാല്‍
മുന്‍ റെയില്‍വേ മന്ത്രിയായ പവന് കുമാര്‍ ബന്‍സലിനെ 2013 മേയില്‍ അദ്ദേഹത്തിന്റെ അനന്തരവന് വിജയ് സിംഗ്ല ഉള്‍പ്പെട്ട അഴിമതിക്കേസില്‍ സി ബി ഐ ചോദ്യം ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥന് ലാഭകരമായ തസ്തിക നല്കാന് സിംഗ്ല കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സിംഗ്ലയ്ക്കെതിരായ കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ബന്‍സലിനെ പ്രതിയായി ചേര്‍ത്തിട്ടില്ല.
നിതീഷ് റാണെ
ബി ജെ പി നേതാവ് നാരായണ്‍ റാണെയുടെ ഇളയ മകന് നിതേഷ് റാണെയ്ക്കെതിരെ 2011ല്‍ വധശ്രമക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്ന് അച്ഛനും മകനും കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. 2014ല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നിതേഷ് കങ്കാവലി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. നിതേഷിന്റെ ഓഫീസില്‍ വച്ച് നേതാവ്, തനിക്ക് നേരെ വെടിയുതിര്‍ത്തെന്ന സഹായി ചിന്തു ഷെയ്ഖിന്റെ പരാതിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവുപ്രകാരം കേസെടുത്തത്. 2012-ല്‍ സി.ബി.ഐ കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും 2013-ല്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട മജിസ്ട്രേറ്റ് കോടതി അത് തള്ളിക്കളഞ്ഞു. എന്നാല്‍, വെടിവയ്പ്പ് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് 2014-ല്‍ സി ബിഐ മറ്റൊരു ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജഗദീഷ് ടൈറ്റ്ലര്‍
ആയുധ ഇടപാടുകാരന് അഭിഷേക് വര്‍മയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ല്‍ കോണ്‍ഗ്രസ് നേതാവായ ജഗദീഷ് ടൈറ്റ്ലറെ സി ബി ഐ ചോദ്യം ചെയ്തു. താന്‍ സ്ഥിരമായി ടൈറ്റ്ലറെ കണ്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വര്‍മ അവകാശപ്പെട്ടിരുന്നു. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് അഴിമതി പുറത്തുവന്നശേഷം സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍ പെടുത്തുന്ന നടപടികള്‍ തടഞ്ഞതിന് സ്വിസ് സ്ഥാപനമായ റെയിന്‍മെറ്റാല്‍ എയര്‍ ഡിഫന്‍സ് എജിയില്‍ നിന്ന് 530,000 ഡോളര്‍ കൈപ്പറ്റിയതിന് വര്‍മ്മയ്ക്കും ഭാര്യ അന്‍കാ നെസ്കുവിനുമെതിരെ സിബിഐ കേസെടുത്തിരുന്നു. കേസില്‍ ടൈറ്റ്ലറെ പ്രതി ചേര്‍ത്തിട്ടില്ല.
സബിത ഇന്ദ്ര റെഡ്ഡി
അനധികൃത ഖനന കേസില്‍ ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി സബിത ഇന്ദ്ര റെഡ്ഢിയെ 2011 ഒക്ടോബറില്‍ സിബിഐ ചോദ്യം ചെയ്തു. 2014-ല്‍ അവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വൈഎസ് രാജശേഖര റെഡ്ഢി സര്‍ക്കാരിലെ ഖനന മന്ത്രിയായിരുന്ന റെഡ്ഢി, ബെല്ലാരി സഹോദരന്മാരുടെ ഒബുലാപുരം മൈനിങ് കമ്പനിക്ക് അനന്തപൂര്‍ ജില്ലയില്‍ അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്നാണ് ആരോപണം. കേസ് വിചാരണയ്ക്ക് വിട്ടിരിക്കുകയാണ്.
ഗുലാം അഹമ്മദ് മിര്‍
രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മന്ത്രിയുമായ ഗുലാം അഹമ്മദ് മിറിനെ 2006 ജൂണില്‍ സി ബി ഐ അറസ്റ്റ് ചെയ്തു. സ്വതന്ത്ര എംഎല്‍എയും മുന്‍ മന്ത്രിയുമായ രാമന് മട്ടുവിനെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കെതിരെയും സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അതിജീവിതതയും സാക്ഷികളും കൂറുമാറിയതിനാല്‍ 2012-ല്‍ വെറുതെവിട്ടു.
എന്‍ സി പി
പദംസിങ് പാട്ടീല്‍
കോണ്‍ഗ്രസ് നേതാവ് പവന്‍രാജെ നിമാബാല്ക്കറെ 2006ല്‍ കൊലപ്പെടുത്തി യ കേസില്‍ എന്‍സിപി എംപി പദംസിങ് പാട്ടീലിനെ സി ബി ഐ അറസ്റ്റ് ചെയ്തു. അതേ വര്‍ഷം തന്നെ കുറ്റപത്രവും സമര്‍പ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നിംബാല്‍ക്കറെ കൊലപ്പെടുത്താന്‍ പാട്ടീല്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു. നിംബാല്‍ക്കറെ കൊലപ്പെടുത്താന്‍ മറ്റ് പ്രതികള്‍ക്ക് 30 ലക്ഷം രൂപ പാട്ടീല്‍ നല്‍കിയെന്നാണ് ആരോപണം. കേസില്‍ വിചാരണ നടക്കുന്നു.
സ്വതന്ത്രര്‍ ( യു ജി ഡി പി, ജെ എം എം , ജെ പി , എന്‍ സി പി, എ ഐ എഫ് ബി)
മധു കോഡ
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, കല്‍ക്കരിപ്പാടം അനുവദിച്ചതിലും വരവില്‍കവിഞ്ഞ സ്വത്തുസമ്പാദനത്തിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ നിരവധി മന്ത്രിമാര്‍ക്കൊപ്പം ഒന്നിലധികം കേസുകളില്‍ സി ബി ഐ കേസെടുത്തു. 2009 നും 2013 നും ഇടയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എല്ലാ കേസുകളിലും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കല്‍ക്കരി കല്‍ക്കരിപ്പാടം കേസില്‍ കോഡ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ സര്‍ക്കാരിലെ 2006-2008 കാലയളവിലെ മുന്‍ കാബിനറ്റ് സഹപ്രവര്‍ത്തകരായ ഹരി നരേന് റായ്, അനോഷ് എക്ക, ബന്ധു ടിര്‍ക്കി, ദുലാല്‍ ഭൂയാന്‍ എന്നിവരെല്ലാം അനധികൃത സ്വത്ത് സമ്പാദനക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. മുന്‍ സഹപ്രവര്‍ത്തകരായ ഭാനു പ്രതാപ് ഷാഹി, കമലേഷ് സിങ് എന്നിവര്‍ വിചാരണ നേരിടുകയാണ്.
കോഡ സര്‍ക്കാരില്‍ മന്ത്രിയാകുമ്പോഞ ടിര്‍ക്കി യുജിഡിപിയിലായിരുന്നു സിബിഐ കേസെടുക്കുമ്പോള്‍ ജാര്‍ഖണ്ഡ് ജനാധികര്‍ പാര്‍ട്ടിയിലായി അദ്ദേഹം. 2022 മാര്‍ച്ചില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിനൊപ്പമായിരുന്നു.
എക്ക അന്ന് ജാര്‍ഖണ്ഡ് പാര്‍ട്ടി (ജെപി) രൂപീകരിച്ചിരുന്നു, റായി സ്വതന്ത്രനായിരുന്നു. ഭൂയാന്‍ അന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ (ജെഎംഎം) ഉണ്ടായിരുന്നു. ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (എഐഎഫ്ബി) ടിക്കറ്റില്‍ മത്സരിച്ച ഭാനു പ്രതാപ് സാഹി ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. എന്‍സിപി ടിക്കറ്റിലാണ് കമലേഷ് സിങ് മത്സരിച്ചത്.
മുഖ്താര്‍ അന്‍സാരി
ബി ജെ പി എംഎല്‍എ കൃഷ്ണാനന്ദ് റായിയെയും അദ്ദേഹത്തിന്റെ നിരവധി കൂട്ടാളികളെയും 2006ല്‍ കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയക്കാരനായി മാറിയ ഗുണ്ടാനേതാവ് മുഖ്താര്‍ അന്‍സാരിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. 2002 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ റായിയെ പിന്തുണച്ച മറ്റൊരു പ്രാദേശിക ഗുണ്ടാസംഘം ബ്രജേഷ് സിങ്ങുമായുള്ള അന്‍സാരിയുടെ മത്സരത്തിന്റെ ഭാഗമായി അന്നത്തെ ഉത്തര്‍പ്രദേശ് എംഎല്‍എയായിരുന്ന അന്‍സാരിയും അദ്ദേഹത്തിന്റെ സഹായികളും ചേര്‍ന്നാണ് റായിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. അന്‍സാരിയുടെ സഹോദരന് അഫ്സലിനെ തിരഞ്ഞെടുപ്പില്‍ റായ് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ കേസില്‍ 2019 ജൂലൈയില്‍ സിബിഐ കോടതി തെളിവുകളുടെ അഭാവത്തില്‍ അന്‍സാരിയെ കുറ്റവിമുക്തനാക്കി.
രാജ ഭയ്യാ
കുന്ദയിലെ സ്വതന്ത്ര എംഎല്‍എയായ രാജാ ഭയ്യ എന്നറിയപ്പെടുന്ന രഘുരാജ് പ്രതാപ് സിങ്ങിനെതിരെ യുപി പൊലീസ് ഡിഎസ് പി ആയിരുന്ന സിയാ ഉള് ഹഖിനെ കൊലപ്പെടുത്തിയതിന് 2013 മാര്‍ച്ചില്‍ സി ബി ഐ കേസെടുത്തു. തുടര്‍ന്ന് അഖിലേഷ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അദ്ദേഹത്തിന് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നു. എന്നാല്‍, കേസില്‍ സിബിഐ അദ്ദേഹത്തിനെതിരെ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഡി എം കെ
എ രാജ, കനിമൊഴി
2ജി സ്പെക്ട്രം അനുവദിച്ച കേസില്‍ ഡിഎംകെ നേതാക്കളായ എ രാജയെയും കനിമൊഴിയെയും 2011ല്‍ സിബിഐ അറസ്റ്റ് ചെയ്തു. ഡിഎംകെ അന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്നു, അഴിമതി ആരോപിക്കപ്പെട്ട കാലത്ത് എ രാജ ടെലികോം മന്ത്രിയായിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കനിമൊഴി, ദയാലു അമ്മാള്‍, രാജ എന്നിവര്‍ക്കെതിരെ ഇഡി അന്വേഷണം നടത്തി. കേസിലെ എല്ലാ പ്രതികളെയും 2017 ഡിസംബറില്‍ വെറുതെവിട്ടു. പ്രത്യേക കോടതി ഉത്തരവിനെ സിബിഐയും ഇഡിയും ചോദ്യം ചെയ്തു.
ദയാനിധി മാരന്, കലാനിധി മാരന്
എയര്‍സെല്‍-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് 2012ല്‍ മാരന് സഹോദരന്മാര്ക്കെതിരെ സിബിഐയും ഇഡിയും കേസെടുത്തിരുന്നു. ഡിഎംകെ യുപിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന സമയത്ത് ആണ് കേസിന് ആസ്പദമായ സംഭവം. അഴിമതി നടന്ന സമയത്ത് ദയാനിധി ടെലികോം മന്ത്രിയായിരുന്നു. മലേഷ്യന്‍ കമ്പനിയായ മാക്സിസിന് 100 ശതമാനം ഓഹരി വില്ക്കാന് എയര്‍സെല്ലിനെ നിര്‍ബന്ധിച്ചതിനും ക്വിഡ് പ്രോ ക്വോ എന്ന നിലയില്‍ സ്വന്തം കമ്പനികളില്‍ നിക്ഷേപം സ്വീകരിച്ചെന്നും മാരന്മാര്ക്കെതിരെ ആരോപണമുണ്ട്. 2017 ഫെബ്രുവരിയില്‍ പ്രത്യേക കോടതി കേസില്‍ ഇരുവരെയും വെറുതെവിട്ടു. ഈ ഉത്തരവിനെതിരെ ചോദ്യം ചെയ്ത് അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടുവന്നു.
.
2013ല്‍ ചെന്നൈയിലെ വസതിയില്‍ 300-ലധികം അതിവേഗ ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിച്ചുവെന്ന ആരോപണത്തിലും ദയാനിധിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. 2004-07 കാലഘട്ടത്തില്‍ ദയാനിധി ടെലികോം മന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ സഹോദരന് കലാനിധിയുടെ സണ്‍ ടിവി ചാനലിന്റെ അപ്ലിങ്കിംഗ് സാധ്യമാക്കാനാണ് ഈ ലൈനുകള്‍ നീട്ടിയതെന്ന് സിബിഐ ആരോപിച്ചിരുന്നു. 2016ലാണ് സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
എം കെ സ്റ്റാലിന്
യുപിഎ സഖ്യത്തില്‍ നിന്നു 2013-ല്‍ ഡി എം കെ പിന്മാറി രണ്ട് ദിവസത്തിന് ശേഷം, തീരുവ നല്‍കാതെ ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തുവെന്ന കേസുമായി ബന്ധപ്പെട്ട്, നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. സ്റ്റാലിന്റെ മകന് വാങ്ങിയതായി പറയപ്പെടുന്ന ഹമ്മറിനായി സി ബി ഐ അന്വേഷണം. 33 കാറുകള്‍ ഉള്‍പ്പെട്ട കേസിന്റെ വിവരങ്ങള്‍ റവന്യൂ ഇന്റലിജന്‍സ് വകുപ്പ് ഒരു മാസം മുമ്പ് സിബിഐക്ക് നല്‍കിയിരുന്നു. റെയ്ഡുകള്‍ കോണ്‍ഗ്രസിനെ നാണം കെടുത്തി, ”ഞങ്ങളെല്ലാവരും ഈ സംഭവങ്ങളില്‍ അസ്വസ്ഥരാണ്. സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ല, എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ വിശദാംശങ്ങള്‍ കണ്ടെത്തും. ‘ എന്ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു: കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
സി പി എം
പിണറായി വിജയന്
എസ് എന്‍ സി ലാവലിന്‍ കേസില്‍ 2008ല്‍ അന്നത്തെ സിപി എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായിരുന്ന പിണറായി വിജയനെ സി ബി ഐ പ്രതിയാക്കി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ വിഎസ് അച്യുതാനന്ദന് സര്‍ക്കാരിനോട് അനുമതി തേടി. വി എസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 2009-ല്‍ അന്നത്തെ ഗവര്‍ണര്‍ ആര്.എസ്. ഗവായ് അനുമതി നല്കി. ഇടുക്കിയിലെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിന്‍ കേരള സര്‍ക്കാര്‍ നല്കിയ കരാറില്‍ അഴിമതിയുണ്ടെന്നാണ് കേസ്.
അന്ന് സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന വിജയന് ഇടപാടിന് അനുമതി നല്കുന്നതില് അനാവശ്യ തിടുക്കം കാട്ടിയെന്നാണ് സി ബി ഐയുടെ ആരോപണം. വിജയനെ 2013-ല്‍ സി ബി ഐ കോടതി കേസില്‍ നിന്നൊഴിവാക്കി. ഈ തീരുമാനത്തിനെതിരെ സി ബി ഐ, കേരള ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിച്ചു. സി ബി ഐയുടെ അപേക്ഷ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
അനൂജ് പാണ്ഡെ
പശ്ചിമ ബംഗാളിലെ ബിന്പൂരിലെ സി.പി എമ്മിന്റെ സോണല്‍ കമ്മിറ്റി സെക്രട്ടറി അനൂജ് പാണ്ഡെയ്ക്കെതിരെ നെതായ് കൊലപാതകത്തില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ സി പി എം അനുഭാവിയുടെ വീടിനു മുന്നില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഒമ്പത് പേര് കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാണ്ഡെയ്ക്കൊപ്പം 11 സിപിഎമ്മുകാര്‍ക്കെതിരെയും കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിചാരണ നടക്കുകയാണ്.