ന്യൂഡൽഹി: ഇന്ത്യാ- ചൈന അതിർത്തിയിലെ സംഘർഷ മേഖലയായ ദോക്‌ലാമിൽ ചൈന വൻ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. വടക്കൻ ദോക്‌ലാമിൽ ചൈനീസ് സൈന്യം കൈയ്യേറി സായുധ വാഹനങ്ങൾ വിന്യസിച്ചതായും ഉയരം കൂടിയ നിരീക്ഷണ ടവറുകൾ സ്ഥാപിച്ചതായും സൂചനയുണ്ട്. പത്ത് കിലോ മീറ്ററോളം ദൂരത്ത് റോഡ് നിർമ്മിച്ചതായും റിപ്പോർട്ടുണ്ട്.​ പ്രദേശത്ത് ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കത്തിന് താൽക്കാലിക പരിഹാരം ഉണ്ടായതിന് പിന്നാലെ ഡിസംബർ രണ്ടാം വാരം പകർത്തിയ ദൃശ്യങ്ങളിലാണ് ചൈനയുടെ പുതിയ നീക്കം വ്യക്തമായിരിക്കുന്നത്.

മേഖലയിൽ കടന്നു കയറി റോഡ് നിർമിക്കാനുള്ള ചൈനയുടെ ശ്രമം നേരത്തെ ഇന്ത്യയുമായുള്ള സംഘർഷത്തിന് വഴി വച്ചിരുന്നു. അതേസമയം, കഴിഞ്ഞ സംഘർഷ സമയത്ത് ചൈന നിർമിച്ച താൽക്കാലിക സംവിധാനങ്ങളുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ചൈനയും ഭൂട്ടാനും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണിത്. ഭൂട്ടാന്റെ വാദത്തെ അനുകൂലിച്ച ഇന്ത്യയ്ക്ക് എതിരെ ചൈന നേരത്തേ തിരിഞ്ഞിരുന്നു. സ്ഥലത്തു ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) റോഡ് നിർമിച്ചത് ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. 70ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കാൻ തയ്യാറായത്. തുടർന്ന് റോഡ് നിർമാണത്തിനായി കൊണ്ടുവന്ന സാമഗ്രികൾ ചൈന തിരികെക്കൊണ്ട് പോയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook