ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യം തടയാനും കുറ്റവാളികളുടെ സ്വത്തുവകകള്‍ ബില്ലിന് ലോക്‌സഭയുടെ പച്ചക്കൊടി. വ്യാഴാഴ്ച പാസാക്കിയ ബില്‍ പ്രകാരം അധികാരികള്‍ക്ക് സാമ്പത്തിക കുറ്റവാളികളുടെ വസ്തുവകകള്‍ കണ്ടുകെട്ടാനാകും. ഈവര്‍ഷം ഏപ്രിലില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ബില്‍ പകരം വയ്ക്കും.

“നൂറ് കോടി രൂപയ്ക്ക് മുകളില്‍ സാമ്പത്തിക കുറ്റകൃത്യം നടന്നിട്ടുള്ള കേസുകള്‍ ഈ ബില്ലിന്റെ പരിധിയില്‍ വരും.” ബില്‍ കാലത്തിന്റെ ആവശ്യമാണ്‌ എന്ന് ധനകാര്യമന്ത്രി പീയുഷ് ഗോയാല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രത്നവ്യാപാരികളായ നീരവ് മോദിയും മെഹുല്‍ ചോക്ക്സിയും അടങ്ങിയ പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് ശേഷമാണ് ഇത്തരമൊരു നിയമനിര്‍മ്മാണത്തെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏപ്രിലിലാണ് സാമ്പത്തിക കുറ്റകൃത്യം തടയല്‍ നിയമത്തിനായുള്ള ബില്ലിന്റെ പ്രമേയം മുന്നോട്ട് വയ്ക്കുന്നത്. നിലവിലുള്ള സിവില്‍- ക്രിമിനല്‍ നിയമങ്ങള്‍ സാമ്പത്തിക കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുത് നല്‍കുന്ന സാഹചര്യത്തിലാണ് നിയമനിര്‍മാണം.

സാമ്പത്തിക കുറ്റകൃത്യം തടയാനുള്ള നിയമം പാസാകുന്നതോട് കൂടി കുറ്റവാളികള്‍ക്ക് തിരിച്ച് ഇന്ത്യയില്‍ വന്ന് വിചാരണ നേരിടേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. ഇതുവഴി ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ പണം തിരിച്ചെത്തിക്കാനാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook